മുസ്ലിംലീഗ് അക്രമത്തില്‍നിന്ന് പിന്തിരിയണം: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി

മുസ്ലിംലീഗ് അക്രമത്തില്‍നിന്ന്  പിന്തിരിയണം: സി.പി.എം  മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനുപിന്നാലെ സിപിഐ എം നേതാക്കളടക്കമുള്ള നിരപരാധികളെ ആക്രമിക്കുന്നതില്‍നിന്ന് മുസ്ലിംലീഗ് പിന്തിരിയണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയന്റെ വീടിന് കല്ലെറിഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ച ലീഗ് നടപടി പ്രതിഷേധാര്‍ഹമാണ്. നിരപരാധിയായ എട്ടുവയസുകാരനെ കഴിഞ്ഞ ദിവസം ലീഗ് ക്രിമിനല്‍ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കുട്ടി ചികിത്സയിലാണ്. സിപിഐ എമ്മിനെ അക്രമികളെന്ന് മുദ്രകുത്തി കടന്നാക്രമിക്കുന്ന ലീഗിന്റെ ഇരട്ടമുഖമാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകത്തില്‍ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്ന് പാര്‍ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തെ ശക്തമായി അപലപിച്ച പാര്‍ടി കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന നിലപാടെടുത്തു. അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് പിറ്റേന്നുതന്നെ മൂന്ന് പ്രതികളെ പിടികൂടി. മുമ്പ് ലീഗ് ക്രിമിനലുകള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച യുവാവിന്റെ സഹോദരങ്ങളടക്കം അറസ്റ്റിലായതോടെ കൊലയ്ക്കുപിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന സിപിഐ എം നിലപാട് ശരിയെന്ന് വ്യക്തമാകുകയുംചെയ്തു. എന്നിട്ടും സിപിഐ എമ്മിനുനേരെ അക്രമത്തിന് മുതിരുന്നത് സ്ഥിതി വഷളാക്കും. തീരദേശത്ത് സമാധാനം തകര്‍ക്കാന്‍ ഇടപെടുന്ന ചില തല്‍പ്പര കക്ഷികള്‍ക്ക് മുതലെടുപ്പ് നടത്താനേ മുസ്ലിംലീഗിന്റെ ഇത്തരം അക്രമങ്ങള്‍ ഉപകരിക്കൂ.
നേരത്തെ താനൂര്‍ പ്രദേശത്ത് സംഘര്‍ഷം ഉണ്ടായപ്പോഴെല്ലാം സിപിഐ എം ജില്ലാ നേതൃത്വം സമാധാനം പുനഃസ്ഥാപിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് ലീഗ് നേതൃത്വംതന്നെ അംഗീകരിക്കുന്നതാണ്. ലീഗ് അക്രമത്തില്‍ അംഗഭംഗം വന്ന ഒട്ടേറെ സിപിഐ എം പ്രവര്‍ത്തകര്‍ ഇന്നും ജീവഛവമായി കഴിയുകയാണ്. ഏറെ കഷ്ടനഷ്ടങ്ങളും ത്യാഗവും സഹിച്ചും സംയമനം പാലിച്ചുമാണ് സിപിഐ എം തീരദേശത്തെ സമാധാനത്തിന് മുന്‍കൈയെടുത്തത്. അത്തരം സമാധാന ശ്രമങ്ങളോട് സഹകരിച്ച ലീഗ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ പക്വതയാര്‍ന്ന നിലപാടുകളും ചേര്‍ന്നുവന്നപ്പോഴാണ് പ്രദേശത്ത് വളരെക്കാലമായി സമാധാനം നിലനിന്നത്. ഈ വസ്തുതകള്‍ മറക്കരുത്.
സഹോദരനെ വെട്ടിയതിലുള്ള ദേഷ്യവും പാര്‍ടി പ്രതികാരത്തിനിറങ്ങാത്തതുമാണ് തിരിച്ചടിക്കാന്‍ പ്രേരിപ്പിച്ചതെന്ന പ്രതികളുടെ മൊഴിയും സിപിഐ എമ്മിന്റെ നിരപരാധിത്വം ഉറപ്പിക്കുന്നു. പ്രതികളെ അതിവേഗം പിടിച്ച പൊലീസ് നിഷ്പക്ഷമായ അന്വേഷണവും നടത്തുന്നു. എന്നിട്ടും സിപിഐ എം നേതാക്കളെ ആക്രമിച്ച് സ്ഥിതി വഷളാക്കാനാണ് ലീഗിന്റെ നീക്കമെങ്കില്‍ ജനം അതംഗീകരിക്കില്ല. അക്രമങ്ങളെ തള്ളിപ്പറയാനും അണികളെ നിലയ്ക്കുനിര്‍ത്താനും മുസ്ലിംലീഗ് നേതൃത്വം തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അഭ്യര്‍ഥിച്ചു.

Sharing is caring!