താനൂരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകം, കുടുംബവഴക്കോ വ്യക്തിവൈരാഗ്യമോ ആക്കി മാറ്റാന്‍ നീക്കം

മലപ്പുറം: താനൂര്‍ അഞ്ചുടിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകം ഒടുവിലൊരു കുടുംബവഴക്കോ വ്യക്തിവൈരാഗ്യമോ ആക്കി അവസാനിപ്പിക്കാനുള്ള നീക്കം തകൃതിയില്‍. കൊലപാതകം രാഷ്ട്രീയവൈരാഗ്യം മൂലമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന ജില്ലാ പൊലിസ് മേധാവിയുടെ പ്രസ്താവനയും കൊലക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളും കൂട്ടിവായിക്കുമ്പോള്‍ കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാവുകയാണെന്നാണ് ആരോപണം. ഈ മാസം 25നാണ് താനൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് വെട്ടേറ്റുമരിച്ചത്. പിറ്റേന്ന് തന്നെ മൂന്നുപേര്‍ കസ്റ്റഡിയിലായി.
വ്യക്തിപരമായ പ്രശ്നങ്ങളും കുടുംബവഴക്കുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തുടക്കം മുതല്‍ സി.പി.എം നേതൃത്വം ആവര്‍ത്തിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലും ആവര്‍ത്തിച്ചുപറയുന്നത് ഇതുതന്നെ. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് പറയാന്‍ ജില്ലാ പൊലിസ് മേധാവിയും തയാറാകുന്നില്ല. കഴിഞ്ഞ ദിവസം എസ്.പി വ്യക്തമാക്കിയത് കൊലപാതകം രാഷ്ട്രീയപ്രേരിതമാണോയെന്ന് അന്വേഷിച്ചുവരുന്നുവെന്നാണ്. പിന്നില്‍ രാഷ്ട്രീയമാണെന്നതിന് കൃത്യമായ തെളിവുകളുണ്ടായിട്ടും കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഉറപ്പിച്ചുപറയാന്‍ അദ്ദേഹം തയാറാകുന്നില്ല.
കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍വാസികളാണ് കൊലക്ക് പിന്നിലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇസ്ഹാഖ് വധക്കേസ് വ്യക്തിവൈരാഗ്യമാക്കി ഒതുക്കിത്തീര്‍ക്കാന്‍ തുടക്കം മുതല്‍ ഗൂഡാലോചന നടന്നുവെന്നാണ് സംശയം. മാത്രമല്ല, പ്രതികള്‍ കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ ബന്ധുക്കളാണെന്ന നിലക്കുള്ള പ്രചാരണങ്ങളും സജീവമാണ്.
കേസിലെ ഗൂഡാലോചന സംബന്ധിച്ചും വ്യക്തമായ അന്വേഷണം പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേസില്‍ സി.പി.എം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യാനോ ഗൂഡാലോചന കണ്ടത്താനോ അന്വേഷണങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പി.ജയരാജന്റെ സന്ദര്‍ശന ശേഷം പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് സ്റ്റാറ്റസില്‍ ‘കൗണ്ട് ഡൗണ്‍’ എന്ന സന്ദേശം പ്രചരിപ്പിച്ചതിന്റെയുള്‍പ്പടെ തെളിവുകള്‍ ലഭ്യമായിട്ടും ഈ വഴിക്ക് അന്വേഷണം നടക്കുന്നില്ല.
ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട മറ്റ് രണ്ടു പേരുകള്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഇ. ജയന്റേതും താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്റേതുമാണ്. ജയനറിയാതെ തീരദേശത്ത് ഒന്നും നടക്കില്ലെന്ന് പൊലിസിനും വ്യക്തമായറിയാം. എന്നാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നില്ല. ഉന്നതങ്ങളില്‍നിന്നുള്ള തിരക്കഥക്കനുസരിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത് എന്നതും വ്യക്തമാവുകയാണ്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]