തീരദേശത്ത് സമാധാനം നിലനിര്‍ത്തണം: സമസ്ത

തീരദേശത്ത് സമാധാനം  നിലനിര്‍ത്തണം:  സമസ്ത

താനൂര്‍: തീരദേശത്ത് സമാധാനം നിലനിറുത്താന്‍ എല്ലാവരും മുന്നിട്ടറങ്ങണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. താനൂര്‍ അഞ്ചുടിയില്‍ കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വാസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ഹാഖിന്റെ കൊല അപലപനീയമാണ്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. എല്ലാവരും ഒത്തൊരുമിച്ചു സമാധാനം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കണമെന്നും ശാന്തിക്കും സമാധാനത്തിനും വേണ്ടിയായിരിക്കണം നാം നിലകൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത നേതാക്കളായ കെ മോയിന്‍ കുട്ടി, എം.എ ചേളാരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വീട്ടില്‍ ഇസ് ഹാഖിന്റെ ഉമ്മയോടും അനിയന്‍ നൗഫലിനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വുദ്യാഭ്യാസ ബോര്‍ഡിന്റെ ധനസഹായം എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ ഇസ്ഹാഖിന്റെ ഉമ്മ കുഞ്ഞിമോള്‍ക്ക് കൈമാറി. ഇസ്ഹാഖിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലിയും മരണ വീട് സന്ദര്‍ശിച്ച് ഉമ്മയെ ആശ്വസിപ്പിച്ചിരുന്നു.

Sharing is caring!