നിരാലംബരായ രോഗികളെ മറയാക്കി ഫിറോസ് കുന്നുംപറമ്പില്‍ സമാഹരിക്കുന്ന കോടിക്കണക്കിന് രൂപ ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നതായി മലപ്പുറത്തുകാരനായ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജിതോമസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്കി

മലപ്പുറം: നിരാലംബരായ രോഗികളെ മറയാക്കി ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പില്‍ സമാഹരിക്കുന്ന കോടിക്കണക്കിന് രൂപ ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നു. പിരിവ് നടത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെ സഹതാപ തരംഗം സൃഷ്ടിച്ചാണെന്നും ആരോപിച്ച് ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജിതോമസ്.
സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ സാമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് സഹതാപ തരംഗം സൃഷ്ടിച്ച് വിദേശത്തുനിന്നും കോടിക്കണക്കിന് രൂപ സമാഹരിക്കുകയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. നിരാലംബരായ രോഗികളെ മറയാക്കി കോടിക്കണക്കിന് രൂപ സമാഹരിച്ച് ലഭിക്കുന്ന പണം ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്നും സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതിന് യുവമോര്‍ച്ച എതിരല്ലെന്നും പരാതി നല്കിയ ശേഷം അജിതോമസ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനമടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ സംഭവം വിശദമായി അന്വേഷിക്കണമെന്നും അജിതോമസ് ആവശ്യപ്പെട്ടു.
അതേ സമയം ജസ്ല മാടശേരിയെ അപമാനിച്ച സംഭവത്തില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് ആരോപണവുമായി രംഗത്തുവന്നു. ഫോണ്‍ വിളിക്കുന്നവര്‍ വളരെ മോശമായാണ് സംസാരിക്കുന്നത്. ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം. ഇപ്പോള്‍ വിദേശത്തു നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കാറില്ലെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ജോസഫൈന് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സന്നദ്ധപ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയുംവേഗം പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് ആവശ്യപ്പെട്ടിരുന്നു. ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും ജോസഫൈന് പറഞ്ഞിരുന്നു.
സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി കെ എസ് യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജസ്ല മാടശ്ശേരി രംഗത്തുവന്നിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഫിറോസിനെതിരെ ഇവര്‍ നിയമ നടപടി് സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളിമായൊന്നും ബന്ധമില്ലെന്ന് പറഞ്ഞു നടക്കുന്ന ഫിറോസ്, മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്ല വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഫിറോസ് നടത്തിയത്. തനിക്കെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതിയ യുവതിയെന്ന് പറഞ്ഞായിരുന്നു ആരുടെയും പേരെടുത്ത് പറയാതെ ഇയാളുടെ പ്രതികരണം. മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയോടൊപ്പമുള്ള ഫോട്ടോ വച്ച് എന്നെ ഉപദേശിക്കാന്‍ വരുന്നവരോട്….എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.. ‘ഒരു കുടുംബത്തിലും ഒതുങ്ങാത്ത.. പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന സ്ത്രീ ഫേസ്ബുക്കില്‍ എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് ഒരു ചുക്കും സംഭവിക്കാപോണില്ലെന്നായിരുന്നു ഇയാളുടെ പ്രസ്താവന..’ മാന്യതയുള്ളവര്‍ പറഞ്ഞാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛം മാത്രമെള്ളുവെന്നും ഫിറോസ് ലൈവിലെത്തി പറഞ്ഞിരുന്നു.. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ഫിറോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് നിയമ നടപടിക്കൊരുങ്ങുമെന്ന് ജസ്ല പറഞ്ഞിരുന്നത്.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]