റഷ്യയിലെ രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ നദ്വി സംബന്ധിക്കും

റഷ്യയിലെ രാജ്യാന്തര  വിദ്യാഭ്യാസ സമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ നദ്വി  സംബന്ധിക്കും

മലപ്പുറം: റഷ്യയിലെ ബാഷ്‌ക്കര്‍തസ്ഥാനില്‍ നടക്കുന്ന ദ്വിദിന രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സംബന്ധിക്കും.

റഷ്യന്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിക്കു കീഴില്‍ ഈ മാസം 23,24 തിയ്യതികളില്‍ ബാഷ്‌ക്കര്‍തസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ ഊഫയിലാണ് രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനം നടക്കുന്നത്.

‘വിദ്യാഭ്യാസ മേഖലയിലെ ഇസ്ലാമിക മൂല്യങ്ങളും മാതൃകകളും’ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും ചിന്തകരും ഭരണസാരഥികളും സര്‍വകലാശാലാ മേധാവികളും പ്രബന്ധങ്ങളവതരിപ്പിക്കും.

‘മതേതര രാജ്യത്തെ ഇസ്ലാമിക വിദ്യാഭ്യാസവും കേരളീയ മാതൃകയും’ എന്ന വിഷയത്തിലാണ് ഡോ. ബഹാഉദ്ദീന്‍ നദ്വിയുടെ പ്രബന്ധം. സമസ്തയും ദാറുല്‍ഹുദായും നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ-സാംസ്‌കാരിക- ജാഗരണ പ്രവര്‍ത്തനങ്ങളാണ് പ്രബന്ധത്തിന്റെ ഉള്ളടക്കം..
റഷ്യയിലെ ഉന്നത വിദ്യാഭ്യാസ പഠന വകുപ്പ്, ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ഇസ്ലാമിക് വേള്‍ഡ്, ഇസിസ്‌കോ എന്നിവര്‍ സംയുക്തമായാണ് ദ്വിദിന രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.

റഷ്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മതകാര്യവകുപ്പിന്റെ പരമാധികാര സമിതി ചെയര്‍മാനുമായ ശൈഖ് ഥല്‍അത്ത് സ്വഫാ താജുദ്ദീനുമായും ഡോ. നദ്വി കൂടിക്കാഴ്ച നടത്തും.

Sharing is caring!