മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട്, ജാഗ്രത പുലര്‍ത്താന്‍ ജില്ലാകലക്ടറുടെ നിര്‍ദ്ദേശം

മലപ്പുറം ജില്ലയില്‍  നാളെ റെഡ് അലേര്‍ട്ട്, ജാഗ്രത പുലര്‍ത്താന്‍  ജില്ലാകലക്ടറുടെ നിര്‍ദ്ദേശം

മലപ്പുറം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ നാളെ (ഒക്ടോബര്‍ 22) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും കര്‍ശനമായും ജാഗ്രതപുലര്‍ത്താന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാരോട് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തഹസില്‍ദാര്‍മാരുടെ നിര്‍ദേശങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കാനും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാതലത്തിലും താലൂക്കടിസ്ഥാനത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രത്തിന്റെ 0483-2736320-326, 1077(ട്രോള്‍ ഫ്രീ)വാട്ട്‌സ് ആപ്പ് നമ്പര്‍- 9383463212, 9383464212 എന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.
ജില്ലാതല കണ്‍ട്രോള്‍ റൂമിന് ജില്ലാകലക്ടറും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടികലക്ടറും മേല്‍നോട്ടം വഹിക്കും. താലൂക്കാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ജില്ലാകലക്ടര്‍ക്ക് യഥാസമയം കൈമാറാനും നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സ്, പൊലീസ്, കെ.എസ്.ഇ.ബി തുടങ്ങിയവരുടെ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പുകള്‍ യഥാസമയം ജനങ്ങളോട് ശ്രദ്ധിക്കാനും വ്യാജ അറിയിപ്പുകള്‍ ഒഴിവാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് നാളെ (ഒക്ടോബര്‍ 23 ന്) ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24,25 തീയതികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ 24 മണിക്കൂറില്‍ 205 മി.മി ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.
താലൂക്ക് തല കണ്‍ട്രോള്‍റൂം ഫോണ്‍ നമ്പറുകള്‍
നിലമ്പൂര്‍-04931-221471
ഏറനാട്-0483-2766121
പെരിന്തല്‍മണ്ണ-04933-227230
പൊന്നാനി-0494-2666038
തിരൂര്‍-0494-2422238
തിരൂരങ്ങാടി-0494-2461055
കൊണ്ടോട്ടി-0483-2713311
(എം.പി.എം 3281/2019)
റെഡ്,ഓറഞ്ച് അലേര്‍ട്ട് പൊതുജനങ്ങള്‍
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളപൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത ഏറെയുള്ളതിനാല്‍ 2018, 2019 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാന്‍ തയ്യാറാവണം. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതത് പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കണം. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടണം.കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

എമെര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

– ടോര്‍ച്ച്
– റേഡിയോ
– 500 മി.മിവെള്ളം
– ഒ.ആര്‍.എസ് പാക്കറ്റ്
– അത്യാവശ്യം വേണ്ട മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിനന്‍ ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
– അത്യാവശ്യം കുറച്ച് പണം
പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.

പൊതു നിര്‍ദേശങ്ങള്‍
– ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് (രാവിലെ ഏഴു മുല്‍ വൈകീട്ട് ഏഴുവരെ) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.
– മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട.് ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.
– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കണം
– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം.
– ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. – ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
– ജലം കെട്ടിടത്തിനുള്ളിലല്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക
– വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
– വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.
– വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. – വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.
– താഴ്ന്ന പ്രദേശത്തെ ഫ്‌ളാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ളാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
– രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.
(

Sharing is caring!