നിലമ്പൂരിലെ പ്രളയബാധിത മേഖലയും കവളപ്പാറയും ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി

നിലമ്പൂരിലെ പ്രളയബാധിത  മേഖലയും കവളപ്പാറയും ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി

നിലമ്പൂര്‍ പോത്തുകല്ലിലെ പ്രളയബാധിത മേഖലകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11ന് ഭാര്യ രേഷ്മ ആരിഫിനൊപ്പം പോത്തുകല്ലിലെത്തിയ ഗവര്‍ണര്‍ പ്രളയത്തില്‍ വലിയ കെടുതി നേരിട്ട പാതാറും കവളപ്പാറയും സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി. തുടര്‍ന്നു പ്രളയത്തിനിരയായവര്‍ താമസിക്കുന്ന പോത്തുകല്‍ സിറ്റി പാലസ് ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. അവിടത്തെ താമസക്കാരോട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയ ഗവര്‍ണര്‍ കുട്ടികളെ ലാളിച്ചും അവര്‍ക്കൊപ്പം ഫോട്ടോയെടുത്തും സമയം ചിലവഴിച്ചു. ക്യാമ്പിലുള്ള ഊരു മൂപ്പന്‍ വാളലത്ത് ചാത്തനെ ഷാളണിയിച്ചു ആദരിച്ചു. ക്യാമ്പിലുള്ളവരുടെ പുനരധിവാസം വേഗത്തിലാവട്ടെയെന്നു ആശംസിച്ച ഗവര്‍ണര്‍ പുതിയ വീടുകളിലേക്ക് താമസം മാറിയ ശേഷം കാണാനെത്താന്‍ ശ്രമിക്കാമെന്നും പറഞ്ഞാണ് ക്യാമ്പില്‍ നിന്നും മടങ്ങിയത്.
പി.വി അബ്ദുല്‍ വഹാബ് എം.പി, പോത്തുകല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍ പിള്ള, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് സൂപ്രണ്ട് യു. അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് രേഷ്മ രമേശ,്ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ. ഒ അരുണ്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ഭൂരേഖ തഹസില്‍ദാര്‍ മുരളീധരന്‍, ജനപ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ ഗവര്‍ണറോടൊപ്പം ഉണ്ടായിരുന്നു.
പിന്നീട് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വസതിയിലെത്തിയ ഗവര്‍ണര്‍ ഉച്ചഭക്ഷണത്തിനു ശേഷം വൈകീട്ടോടെ നിലമ്പൂര്‍ പീവീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പി. വി. അബ്ദുല്‍ വഹാബ് എം. പി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പി. ദീപ, മാനേജര്‍ പി. വി അലി മുബാറക് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!