സേവ് മഅ്ദനി ഫോറം പ്രതിഷേധ റാലിയും പൊതുസമ്മേളനവും നവംബര്‍ 4ന് തിരൂരില്‍

സേവ് മഅ്ദനി ഫോറം  പ്രതിഷേധ റാലിയും  പൊതുസമ്മേളനവും  നവംബര്‍ 4ന് തിരൂരില്‍

മലപ്പുറം : സേവ് മഅ്ദനി ഫോറം കേരള ഘടകം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും നവംബര്‍ 4 ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാംഗല്‍ര്‍ ബോംബ് സ്ഫോടന കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട അബ്ദുല്‍ നാസര്‍ മഅ്ദനി കഴിഞ്ഞ 10 കൊല്ലം ജയിലില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണെങ്കിലും നഗരം വിട്ടുപോകാന്‍ അനുവാദമില്ലാത്തതിനാല്‍ കടുത്ത വിഷമത്തിലാണ്. ഹൃദയാഘാതം, പ്രമേഹം, നട്ടെല്ലിനു വേദന തുടങ്ങി നിരവധി ഗുരുതര രോഗങ്ങള്‍ പിടിപ്പെട്ട് ദയനീയാവസ്ഥയിലാണ് അദ്ദേഹം. 110 കിലോ ശരീരഭാരമുണ്ടായിരുന്ന അദ്ദേഹത്തിന്റെ തൂക്കം ഇപ്പോള്‍ 42 കിലോ മാത്രമാണ്. വികലാംഗന്‍ കുടിയായി അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സക്ക് അവസരമില്ലാത്ത അവസ്ഥയുമുണ്ട്. നേരത്തെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നീണ്ട ഒമ്പതര വര്‍ഷം ജയിലില്‍ കിടന്ന ശേഷം കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. കൃത്രിമ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മഅ്ദനിയെ ബാംഗ്ലൂര്‍ പ്രത്യേക കോടതിയും വെറുതെ വിടുമെന്ന കാര്യം തീര്‍ച്ചയാണ്. നൂറുകണക്കിന് അഡീഷണല്‍ സാക്ഷിപട്ടിക കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് നാലു മാസം കൊണ്ട് ഈ കേസ് വിചാരണ പൂര്‍ത്തിയാക്കണമെന്ന് സൂപ്രീം കോടതി ഉത്തരവിട്ടതാണ്. അതും പാലിക്കപ്പെട്ടിട്ടില്ല. മഅ്ദനിയെ മരണം വരെ ജയിലിലിടുക എന്ന ഗൂഢ ഉദ്ദേശ്യമാണ് ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിന്റെ ബലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടികളും വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കുന്നതിനായി സംസ്ഥാനാടിസ്ഥാനത്തില്‍ രൂപംകൊണ്ട കൂട്ടായ്മയാണ് സേവ് മഅ്ദനി ഫോറം. എല്ലാ ജില്ലകളിലും ഫോറം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരുകയാണ്.
നവംബര്‍ നാലിന് തിരൂരില്‍ നടക്കുന്ന പൊതുസമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബാദുഷ മൗലവി ഇടുക്കി മുഖ്യ പ്രഭാഷണം നടത്തും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം പി, സി. മമ്മുട്ടി എം എല്‍ എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ഗ്രോ വാസു, നാസര്‍ ഫൈസി കൂടത്തായി, സി.രാധാകൃഷ്ണന്‍, കെ പി രാമനുണ്ണി, ഫിറോസ് കുന്നുംപറമ്പില്‍,കെ എം മുഹമ്മദ് ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സേവ് മഅ്ദനി ഫോറം മലപ്പുറം ജില്ലാകമ്മിറ്റി പ്രസിഡന്റ് അലി കാടാമ്പുഴ, ജനറല്‍ സെക്രട്ടറി കെ പി. ഒ റഹ്മത്തുല്ല, സെക്രട്ടറി പ്രഭാകരന്‍ നമ്പിടിവീട്ടില്‍, അബ്ദുറഹിമാന്‍ ഹാജി തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!