മന്ത്രി ജലീലിന്റെ രാജിക്കായി മുറവിളി തുടങ്ങി

മന്ത്രി ജലീലിന്റെ രാജിക്കായി മുറവിളി  തുടങ്ങി

തിരുവനന്തപുരം: സര്‍വകലാശാലകളിലെ മാര്‍ക്കുദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പൂര്‍ണമായി പങ്കെടുത്തിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നാണ്ഏറ്റവും ഒടുവില്‍ പുറത്തു വന്നത്.

വൈകുന്നേരം അദാലത്ത് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ. ഷറഫുദ്ദീന്‍ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സര്‍വകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വി.സിയും വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതോടെ പ്രശ്നത്തില്‍ മന്ത്രി എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ പിന്നില്‍ ദുരൂഹതകളുണ്ടെന്ന സംശയങ്ങളും ബലപ്പെടുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജിയിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടന്നത് മാര്‍ക്ക് ദാനമല്ലെന്നും മാര്‍ക്ക് കുംഭകോണമാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. സര്‍വകലാശാലകളില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ഇഷ്ടക്കാര്‍ക്ക് തോന്നുംപടി മാര്‍ക്ക് ദാനം ചെയ്യല്‍ തുടങ്ങിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ്. മാര്‍ക്ക് കുംഭകോണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതായി ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മാര്‍ക്ക് ദാനം സംബന്ധിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഓരോദിവസവും പുറത്തുവരുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയാണ്. ഇത് തുടങ്ങിവച്ച മന്ത്രി ജലീല്‍, കള്ളം പിടിക്കപ്പെട്ടപ്പോള്‍ സിന്‍ഡിക്കേറ്റിന്റെയും വി.സിയുടേയും തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നത്. എം.ജി സര്‍വകലാശാലയില്‍ അദാലത്ത് നടന്നത് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അതില്‍ പങ്കെടുക്കുകയും ചെയ്തു.

പ്രൈവറ്റ് സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ചാണ് ഒരു കുട്ടിക്ക്് മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്. ഈ കുട്ടി പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസിയാണെന്നു വ്യക്തമായി. ഇതിലൂടെ വെളിപ്പെടുന്നത് വ്യക്തമായ ഗൂഡാലോചനയോടെയാണ് അദാലത്ത് സംഘടിപ്പിച്ചതെന്നാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ സംഭവത്തില്‍ ഉത്തരവാദിത്വം ഇല്ലെങ്കില്‍ മാര്‍ക്ക് ദാനത്തില്‍ വി.സിക്കതിരേ അന്വേഷണം നടത്താന്‍ മന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തയാറാണോ എന്ന് ചെന്നിത്തല ചോദിച്ചിരുന്നു.

അദാലത്തിന്റെ തലേന്നു തന്നെ ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനം എടുത്തതായി ചില കേന്ദ്രങ്ങളില്‍ പ്രചാരണം ശക്തമായിട്ടുണ്ട്. കൂടാതെ ആറു സപ്ലിമെന്ററി പരീക്ഷ വരെ തോറ്റ വിദ്യാര്‍ഥിയെ മാര്‍ക്ക് ദാനത്തിലൂടെ വിജയിപ്പിച്ചതായ വാര്‍ത്തയും പുറത്തു വന്നുകഴിഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് സര്‍വകലാശാലകളില്‍ വ്യാപകമായ മാര്‍ക്ക് തിരിമറിയും മാര്‍ക്ക് ദാനവും നടക്കുന്നുവെന്നാണ്. ഇതിനു പിന്നില്‍ മന്ത്രിയാണെന്ന ആരോപണമാണ് ശക്തമാകുന്നത്. ഇതോടെയാണ് മന്ത്രിയുടെ രാജിക്കും മുറവിളിക്കൂട്ടന്നവരുടെ എണ്ണം കൂടുന്നത്.

ജലീലിന്റെ വാദങ്ങള്‍
ഓരോന്നായി പൊളിയുന്നു

മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ ഓരോന്നായി പൊളിയുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പൂര്‍ണമായി പങ്കെടുത്തിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നാണ് പുറത്തു വന്നിരിക്കുന്നത്.

വൈകുന്നേരം അദാലത്ത് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷറഫുദ്ദീന്‍ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സര്‍വകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.

Sharing is caring!