മലപ്പുറം കരുവാരക്കുണ്ടില്‍ രാജസ്ഥാനില്‍ നിന്ന് ഒട്ടകത്തെ കൊണ്ട്‌വന്ന് അറുത്ത് ഇറച്ചിയാക്കി വിറ്റു

മലപ്പുറം  കരുവാരക്കുണ്ടില്‍ രാജസ്ഥാനില്‍ നിന്ന് ഒട്ടകത്തെ കൊണ്ട്‌വന്ന് അറുത്ത് ഇറച്ചിയാക്കി വിറ്റു

പെരിന്തല്‍മണ്ണ: രാജസ്ഥാനില്‍ നിന്ന് കരുവാരക്കുണ്ടിലെത്തിച്ചരണ്ട് ഒട്ടകങ്ങളിലൊന്നിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. തരിശ് പെരുമ്പുല്ലന്‍ ഷൗക്കത്തലി, പെരിന്തല്‍മണ്ണ മേലേതില്‍ ഹമീദ് എന്നിവര്‍ക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കേസെടുത്തത്.
രണ്ടാമത്തെ ഒട്ടകത്തെ കൊച്ചിയില്‍ ധ്യാന്‍ ഫൌണ്ടേഷന്‍ തത്കാലം സംരക്ഷിക്കും. ഒട്ടകത്തെ തിരിച്ച് രാജസ്ഥാനിലെത്തിക്കും വരെയാണ് സംഘടന പരിപാലിക്കുക. കരുവാരക്കുണ്ട് തരിശിലെ ചിലരാണ് രാജസ്ഥാനില്‍ നിന്നും രണ്ട് ഒട്ടകത്തെ എത്തിച്ച് ഒന്നിനെ ഇറച്ചിയാക്കി വിറ്റത്. കിലോയ്ക്ക് 500 രൂപ വെച്ച് 250 കിലോ ഇറച്ചിയാണ് വിറ്റത്.
പാലക്കാട്ടുനിന്ന് വിദഗ്ധരായ ഇറച്ചി വെട്ടുകാരെ കൊണ്ട് വന്നാണ് ഒട്ടകത്തെ കൊന്നത്. ഒട്ടകത്തിന്റെ ഇറച്ചിയുടെ രുചി നാട്ടുകാരെ പരിചയപ്പെടുത്തി കച്ചവടം ഊര്‍ജിതപ്പെടുത്താനായിരുന്നു ഇവരുടെ ഉദ്ദേശം. എന്നാല്‍ ഒട്ടകത്തിലൊന്നിനെ കൊന്നത് വിവാദമായതോടെ സംഗതി പാളി. 2017ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമനുസരിച്ച് ഒട്ടകത്തെ സംസ്ഥാനത്തിന് പുറത്ത് കടത്താന്‍ പാടില്ല. ഈ നിയമമനുസരിച്ച് ഒട്ടകത്തെ നാടുകടത്തിയാല്‍ മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയും കൊന്നാല്‍ അഞ്ചു വര്‍ഷ വരെ തടവും 20, 000 രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആനിമല്‍ ലീഗല്‍ ഫോഴ്‌സിലെ എയ്ഞ്ചല്‍ നായര്‍ പറഞ്ഞു.

Sharing is caring!