പി വി അബ്ദുള്‍ വഹാബ് എംപിയുടെ വീട്ടിലേക്ക് തോട്ടം തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

പി വി അബ്ദുള്‍ വഹാബ്  എംപിയുടെ വീട്ടിലേക്ക്  തോട്ടം തൊഴിലാളികള്‍  മാര്‍ച്ച് നടത്തി

നിലമ്പൂര്‍: പി വി അബ്ദുള്‍ വഹാബ് എംപിയുടെ വീട്ടിലേക്ക് തോട്ടം തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. വയനാട് കുറിച്യര്‍ മലയില്‍ എംപിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തൊഴിലാളികളാണ് തൊഴില്‍ നിഷേധമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെത്തി സംയുക്ത സമര സമിതി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പി വിനോദ് അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാര്‍, എസ്ടിയു പ്രതിനിധി സി മമ്മി, ബിഎംഎസ് പ്രതിനിധി മുരളി, കെ വി മോഹനന്‍, എം സൈദ് എന്നിവര്‍ സംസാരിച്ചു.
നിലമ്പൂര്‍ ടിബി പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് എംപിയുടെ അരുവാക്കോടുള്ള വീടിനുസമീപം പൊലീസ് തടഞ്ഞു.
സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വണ്ടൂര്‍ സിഐ അബ്ദുള്‍ മജീദ്, എസ്‌ഐമാരായ സജിത്, അമീറലി, ബിനു, വിജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂര്‍, വണ്ടൂര്‍, എടവണ്ണ, പൂക്കോട്ടുംപാടം, എടക്കര, വഴിക്കടവ് സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസുകാര്‍ നിലമ്പൂരിലെത്തിയിരുന്നു.
മൂന്നുമാസക്കാലമായി തോട്ടത്തിലെ തൊഴിലാളികള്‍ക്ക് മാസംതോറും വളരെ കുറഞ്ഞ ദിവസംമാത്രമാണ് ജോലി ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തോട്ടം മാനേജ്മെന്റിന്റെ നിലപാടുകളാണ് തൊഴില്‍പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി നടത്തിയ ചര്‍ച്ചകളും ഫലംകാണുന്നില്ല. നിലവില്‍ സത്യഗ്രഹ സമരമുള്‍പ്പെടെ നടത്തിവരികയാണ്. 200-ഓളം തൊഴിലാളികളാണ് തോട്ടത്തില്‍ ജോലിചെയ്തുവരുന്നത്.

Sharing is caring!