മന്ത്രി ജലീലിന്റെ വാദംപൊളിയുന്നു ഒരുവിഷയത്തിനു മാത്രം ബി.ടെക് തോറ്റവര്‍ കൂട്ടത്തോടെ എം.ജിയിലേക്ക്! മാര്‍ക്ക്ദാനം അദാലത്തില്‍തന്നെ
മലപ്പുറം: എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ മന്ത്രി ജലീലിന്റെയും വൈസ്ചാന്‍സലുടേയും വാദം പൊളിയുന്നു. ബി.ടെക്. വിദ്യാര്‍ഥിക്കു ജയിക്കാന്‍ ആവശ്യമായ ഒരുമാര്‍ക്ക് അധികം നല്‍കാന്‍ തീരുമാനിച്ചതു സര്‍വകലാശാല സിന്‍ഡിക്കേറ്റാണെന്നായിരുന്നു പ്രതിപക്ഷനേതാവിനു മറുപടിയായി മന്ത്രിയുടെയും വി.സിയുടെയും വിശദീകരണം. എന്നാല്‍, ഫെബ്രുവരിയില്‍ നടന്ന ഫയല്‍ അദാലത്തില്‍ത്തന്നെ ഒരു മാര്‍ക്ക് അധികം നല്‍കാന്‍ തീരുമാനിച്ചിരുന്നെന്നാണു വിവരാവകാശരേഖ.
മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെയും ഒരു സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും സമീപവാസിയാണു മാര്‍ക്ക് കൂടുതലാവശ്യപ്പെട്ട വിദ്യാര്‍ഥിയെന്നാണു സൂചന. സംഭവം വിവാദമായതോടെ, ഒരുവിഷയത്തിനു മാത്രം തോറ്റ ഒട്ടേറെ ബി.ടെക്. വിദ്യാര്‍ഥികള്‍ സര്‍വകലാശാലയെ സമീപിക്കുന്നത് അധികൃതരെ വെട്ടിലാക്കി
എം.ജി. സര്‍വകലാശാലയ്ക്കു കീഴിലുള്ള കോതമംഗലം എന്‍ജിനീയറിങ് കോളജിലെ ഒരു വിദ്യാര്‍ഥിക്കു മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് മാര്‍ക്ക് കൂട്ടിനല്‍കിയെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ബി.ടെക്. കോഴ്സുകള്‍ സാങ്കേതികസര്‍വകലാശാലയ്ക്കു കീഴിലേക്കു മാറ്റിയതിനാലും ബാക്കി സെമസ്റ്ററുകളെല്ലാം ജയിച്ചതിനാലും, ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ജയിക്കാന്‍ ആവശ്യമെങ്കില്‍ ഒരു മാര്‍ക്ക് നല്‍കാനായിരുന്നു അദാലത്തിലെ തീരുമാനം. പാസ്ബോര്‍ഡ് നല്‍കിയ മോഡറേഷനു പുറമേയാണിത്.
തീരുമാനം നടപ്പാക്കാനുള്ള സാങ്കേതികബുദ്ധിമുട്ട് സര്‍വകലാശാല അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം വി.സിയുടെ ഉത്തരവുപ്രകാരം അക്കാഡമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. അദാലത്തില്‍ തീരുമാനിക്കുകയും ഉദ്യോഗസ്ഥതലത്തില്‍ എതിര്‍ക്കപ്പെടുകയും ചെയ്തതിനാലാണു വിഷയം അക്കാഡമിക് കൗണ്‍സിലിനു വിട്ടത്.
ഒരു വിഷയത്തിനു മാത്രം ഒരു മാര്‍ക്ക് കുറഞ്ഞയാള്‍ക്ക് അധികം മാര്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കേറ്റാണു തീരുമാനിച്ചതെന്നായിരുന്നു മന്ത്രി ജലീലിന്റെ വിശദീകരണം. മന്ത്രിയെ പിന്തുണച്ച് വി.സിയും രംഗത്തെത്തി. സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തില്‍ ആര്‍ക്കും സ്വാധീനം ചെലുത്താനാവില്ലെന്നായിരുന്നു വി.സിയുടെ പ്രതികരണം. അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദ്ദീന്‍ പങ്കെടുത്തതും വിവാദമായിരുന്നു. മന്ത്രിയെ സമീപിച്ച വിദ്യാര്‍ഥിക്ക് ഒരു മാര്‍ക്ക് അധികം നല്‍കാന്‍ തീരുമാനിച്ചെന്നും ക്രമക്കേട് നടത്തിയ മന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അദാലത്തില്‍ തീരുമാനിക്കപ്പെട്ടതിനു പിന്നാലെയാണു വിഷയം സിന്‍ഡിക്കേറ്റിനു വിട്ടത്. മാര്‍ക്ക് ദാനം ചട്ടവിരുദ്ധമാണെന്നു വി.സി. ചൂണ്ടിക്കാട്ടിയപ്പോള്‍, സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ അജന്‍ഡയ്ക്കു പുറത്ത് ഇക്കാര്യം കൊണ്ടുവന്നു. എന്നാല്‍, മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കും പങ്കില്ലെന്നാണു വി.സി: ഡോ. സാബു തോമസ് പിന്നീടു വിശദീകരിച്ചത്. സര്‍വകലാശാലാ പരീക്ഷാച്ചട്ടങ്ങള്‍ പ്രകാരമാണു മോഡറേഷന്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ജലീല്‍ അദാലത്തില്‍ പങ്കെടുത്തില്ല. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തെങ്കിലും അദാലത്തില്‍ പങ്കെടുത്തില്ല.
പരീക്ഷാഫലം പ്രഖ്യാപിച്ചശേഷം മോഡറേഷന്‍ നല്‍കാന്‍ ചട്ടങ്ങളില്ലെന്നിരിക്കേയാണ്, ബി.ടെക്. വിദ്യാര്‍ഥിക്കു മാര്‍ക്ക് കൂട്ടിനല്‍കിയതു വിവാദമായത്. കഴിഞ്ഞ ഫെബ്രുവരി 22-നു സര്‍വകലാശാലയില്‍ നടന്ന ഫയല്‍ അദാലത്തിലാണ് ഈയാവശ്യവുമായി ഒരു വിദ്യാര്‍ഥി എത്തിയത്. അപേക്ഷ നല്‍കിയ വിദ്യാര്‍ഥിക്ക് ഒരു മാര്‍ക്ക് കൂട്ടിനല്‍കാന്‍ അദാലത്തില്‍ തീരുമാനിച്ചു. തീരുമാനം ഫെബ്രുവരി 26-ന് അന്നത്തെ രജിസ്ട്രാറുടെയും പരീക്ഷാ കണ്‍ട്രോളറുടെയും മുന്നിലെത്തി. മാര്‍ക്ക് കൂട്ടിനല്‍കാനാവില്ലെന്ന് ഇരുവരും ഫയലില്‍ രേഖപ്പെടുത്തി.
അദാലത്തിലെ തീരുമാനം നിയമാനുസൃതമല്ലെന്നാണ് ഇവര്‍ രേഖപ്പെടുത്തിയത്. ഈ നിലപാടെടുത്ത രജിസ്ട്രാറെയും പരീക്ഷാ കണ്‍ട്രോളറെയും മാര്‍ച്ച് ആറിനു പുറത്താക്കി. തുടര്‍ന്ന്, മാര്‍ച്ച് 28-നു ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ ഔട്ട് ഓഫ് അജന്‍ഡയായി ഉള്‍പ്പെടുത്തി, അഞ്ചു മാര്‍ക്ക് കൂട്ടിനല്‍കാന്‍ തീരുമാനിച്ചു. അക്കാഡമിക് കൗണ്‍സിലിനും പാസ്ബോര്‍ഡിനും മാത്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമെന്നിരിക്കേയാണിത്.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]