മലപ്പുറം വെണ്ടേക്കുംപൊയിലിലെ 50സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്ക്

മലപ്പുറം വെണ്ടേക്കുംപൊയിലിലെ 50സി.പി.എം പ്രവര്‍ത്തകര്‍   സി.പി.ഐയിലേക്ക്

മലപ്പുറം: കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത നിര്‍മ്മാണങ്ങള്‍ കാണാനെത്തിയ എം.എന്‍ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വെണ്ടേക്കുംപൊയിലില്‍ അമ്പത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതായി ഭാരവാഹികള്‍.

തടയണയും പാര്‍ക്കും ക്വാറിയും റിസോര്‍ട്ടുകളുമടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ കാണാന്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരെ വീണ്ടും ക്ഷണിക്കുകയും അവര്‍ക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കക്കാടംപൊയിലില്‍ വെണ്ടേക്കുംപൊയില്‍ മേഖലയിലെ പാര്‍ട്ടി നേതാക്കള്‍ പി.വി അന്‍വര്‍ എം.എല്‍.യുടെ വാടകഗുണ്ടകളും ക്വട്ടേഷന്‍ സംഘവുമായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും വ്യക്തമാക്കി. വെണ്ടേക്കുംപൊയില്‍, കരിമ്പ് ആദിവാസി കോളനിക്കാരുടെ കുടിവെള്ളംപോലും മുട്ടിച്ചാണ് ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിക്ക് കുറുകെ തടയണകെട്ടിയത്. വാട്ടര്‍തീം പാര്‍ക്ക്, റിസോര്‍ട്ടുകള്‍, പന്നി ഫാം, കുടിവെള്ള ഫാക്ടറി തുടങ്ങിയ നിരവധി പാരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പല തവണ പരാതി പറഞ്ഞിട്ടും നേതൃത്വം ഇടപെട്ടില്ല. പി.വി അന്‍വര്‍ എം.എല്‍.എ പാര്‍ട്ടിയുടെ വരുമാന സ്രോതസാണെന്നും അദ്ദേഹത്തിനെതിരെ ഒരു പ്രവര്‍ത്തനവും പാടില്ലെന്ന ഭീഷണിയും താക്കീതുമാണ് നല്‍കിയത്.

പി.വി അന്‍വറിന്റെ കൂലിക്കാരായ ഗുണ്ടകളും പ്രാദേശിക നേതൃത്വവും ചേര്‍ന്ന് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അക്രമണം നടത്തിയത്. അനധികൃത റിസോര്‍ട്ട്, ക്വാറി, പന്നിഫാം മാഫിയകളും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് വെണ്ടേക്കുംപൊയിലിലെ ഗദ്ദിക വായനശാലയില്‍ ഉച്ചഭക്ഷണമൊരുക്കിയതിന് ഞങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു.
പരിസ്ഥിതി, സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ അന്വേഷണയാത്ര കക്കാടംപൊയിലില്‍ ടൂറിസം വികസനത്തിന് എതിരാണെന്നും അന്‍വറിന്റെ പാര്‍ക്ക് പൂട്ടിയതോടെ തൊഴില്‍ നഷ്ടമായെന്നുമുള്ള വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കക്കാടംപൊയില്‍ മേഖലയില്‍ ആയിരത്തോളം പേരാണ് താമസിക്കുന്നത്. ഇവിടുത്തെ ഫാമുകളിലും നിര്‍മ്മാണ മേഖലകളിലുംമറ്റുമായി അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. നാട്ടുകാര്‍ ജോലിചെയ്യാന്‍ തയ്യാറാകാത്തതുകൊണ്ടാണ് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത്. ആദിവാസികളായ തൊഴിലാളികള്‍ക്ക് കേവലം 300 രൂപവരെ മാത്രം നല്‍കി അടിമ വേല ചെയ്യിക്കുന്നുമുണ്ട്. ഗദ്ദിക വായനശാലക്കു നേരെ നേരത്തെ പി.വി അന്‍വറിന്റെ ഗുണ്ടാസംഘത്തിന്റെ നേതൃത്വത്തില്‍ ആക്രമണമുണ്ടായിരുന്നു. ആദിവാസി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പോലും മര്‍ദ്ദിച്ചു. ആദിവാസി മേഖലയില്‍ സന്നദ്ധസേവനം നടത്തുന്ന മിത്രജ്യോതി സംഘടനയുടെ ചെയര്‍മാന്‍ അജു കോലോത്തിനെ തലക്കടക്കം അടിച്ച് ഭീകരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അബോധാവസ്ഥയില്‍ മാസങ്ങളോളം ചികിത്സക്കുശേഷമാണ് അജു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴും ചികിത്സ തുടരുകയാണ്. ഈ അക്രമണത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. ഇവിടുത്തെ ആദിവാസി കോളനികളിലെ രണ്ട് ദുരൂഹമരണങ്ങളും കൊലപാതകമാണെന്ന് പരാതിയുണ്ട്. ഇതിന്റെ അന്വേഷണം അരീക്കോട് പോലീസ് അട്ടിമറിക്കുകയാണ്.

വെണ്ടേക്കുംപൊയിലില്‍ സി.പി.എം പ്രാദേശിക നേതാവ് ഉത്രാടംപുഴ കൈയ്യേറിയാണ് ഹോട്ടല്‍പണിതിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോന്‍സി ബിജു അടക്കമുള്ളവര്‍ മറ്റിടങ്ങളിലെ ഗുണ്ടകള്‍ക്ക് ഇവിടെ സുരക്ഷിത താവളമൊരുക്കുന്നുണ്ട്. സാംസ്‌ക്കാരിക അന്വേഷണ യാത്ര ആക്രമിക്കുന്നതിനായി തലേദിവസം റിസോര്‍ട്ടില്‍ പ്രാദേശിക നേതാക്കളുടെയും പഞ്ചായത്തംഗത്തിന്റെയും നേതൃത്വത്തില്‍ രഹസ്യയോഗവും നടത്തിയിരുന്നു. ഇരുപതോളം ഗുണ്ടകളെയാണ് ഇവിടെ കൊണ്ടുവന്നത്.
കക്കാടംപൊയിലില്‍ ഗുണ്ടാ മാഫിയ ആക്രമണം തുടര്‍ക്കഥയാവുകയാണ്. അതിന്റെ അവസാനത്തെ ഇരകളാണ് സാംസ്‌ക്കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകക്കുനേരെ അക്രമം നടത്തിയതും അന്‍വറിന്റെ ഗുണ്ടാസംഘമായിരുന്നു. കക്കാടംപൊയില്‍ കാണാനെത്തിയ ചെറുപ്പക്കാരെയും ഇവിടുത്തെ കച്ചവടക്കാരെയും നാട്ടുകാരെയും വരെ പല തവണ ആക്രമിക്കുകയുണ്ടായി. അന്നെല്ലാം അക്രമിസംഘത്തിനൊപ്പമാണ് പാര്‍ട്ടി നേതൃത്വം നിലകൊണ്ടത്.
കക്കാടംപൊയില്‍ മേഖലയിലെ ഗുണ്ടാ മാഫിയ വിളയാട്ടത്തിന് അറുതിവരുത്തി ആദിവാസികള്‍ക്കും നാട്ടുകാര്‍ക്കും മരണഭയമില്ലാതെ ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്രത്തിനുവേണ്ടിയാണ് എ.ഐ.വൈ.എഫ് യൂണിറ്റ് രൂപീകരിക്കുന്നതെന്നും അറിയിച്ചു. വെണ്ടേക്കുംപൊയില്‍ സി.പി.ഐ കമ്മിറ്റി രൂപീകരണത്തിനായി എ.ടി സ്‌ക്കറിയയെ കണ്‍വീനറായി തെരഞ്ഞെടുത്തു.
എ.ഐ.വൈ.എഫ് വെണ്ടേക്കുംപൊയില്‍ യൂണിറ്റ് പ്രസിഡന്റായി എന്‍.സി പ്രിജേഷിനെയും സെക്രട്ടറിയായി കെ.സി അനീഷിനെയും തെരഞ്ഞെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ എ.ടി സ്‌ക്കറിയ, കെ.സി അനീഷ്, എന്‍.സി പ്രിജേഷ്, ശാരദ, ബാബു പാറത്താഴത്ത്, എന്‍.ജി സിനോജ് പങ്കെടുത്തു.

Sharing is caring!