നവവധു എലിവിഷം കഴിച്ചു മരിച്ചു അറസ്റ്റിലായ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടു

നവവധു എലിവിഷം കഴിച്ചു മരിച്ചു അറസ്റ്റിലായ ഭര്‍ത്താവിനെ  കോടതി വെറുതെ വിട്ടു

മഞ്ചേരി : നവവധു എലിവിഷം കഴിച്ചു മരിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. പരപ്പനങ്ങാടി വള്ളിക്കുന്ന് മങ്ങാശ്ശേരി കുഞ്ഞികൃഷ്ണന്റെ മകന്‍ ഷൈജു (39)വിനെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ വി നാരായണന്‍ വെറുതെവിട്ടത്. ഷൈജുവിന്റെ ഭാര്യയും മലപ്പുറം താമരക്കുഴി ദാമോദരന്‍-വത്സല ദമ്പതികളുടെ മകളുമായ നിമിഷ (27) ആണ് മരിച്ചത്. 2011 സെപ്തംബര്‍ 14നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഷൈജു ജോലി തേടി വിദേശത്തു പോയി. പിതാവ് ദാമോദരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നിമിഷ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. 2012 മാര്‍ച്ച് 19ന് സ്വന്തം വീട്ടില്‍ വെച്ചാണ് നിമിഷ ആത്മഹത്യ ചെയ്യുന്നത്. ആത്മാഹുതിക്ക് കാരണം ഭര്‍തൃപീഡനമാണെന്ന് കാണിച്ച് നിമിഷയുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിമിഷയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് എടുത്തുപറ്റിയെന്ന കേസ് 2013ല്‍ മലപ്പുറം കുടുംബ കോടതി തള്ളിയിരുന്നു. 27 സാക്ഷികളുള്ള കേസില്‍ ഫോറന്‍സിക് വിദഗ്ധനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അടക്കം 17 സാക്ഷികളെ കോടതി വിസ്തരിച്ചു. ഭര്‍ത്താവുമായി നിമിഷ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ചാറ്റിംഗുകളും പ്രതി ഭാഗം അഭിഭാഷകന്‍ അഡ്വ. നാലകത്ത് മുഹമ്മദ് അഷ്റഫ് കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.

Sharing is caring!