മുഖ്യമന്ത്രി നേരിട്ട് കാണാന്‍ മലപ്പുറത്തെ കൊച്ചുമിടുക്കിക്ക് വലിയ ആഗ്രഹം

മുഖ്യമന്ത്രി നേരിട്ട് കാണാന്‍  മലപ്പുറത്തെ കൊച്ചുമിടുക്കിക്ക്  വലിയ ആഗ്രഹം

മലപ്പുറം: മമ്പാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി ഇസ ത്രില്ലിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഈ മിടുക്കി. സ്‌കൂളിലേക്കുള്ള വഴിയിലെ പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് ഇ- മെയില്‍ അയച്ചപ്പോഴാണ് നേരില്‍ കാണാനുള്ള ആഗ്രഹം ഇസ മുഖ്യമന്ത്രിയെ അറിയിച്ചത്. വെള്ളിയാഴ്ചയാണ് ഇ-മെയിലയച്ചത്. ശനിയാഴ്ച തന്നെ മുഖ്യമന്ത്രിയുടെ തിരിച്ചുള്ള ഇ-മെയിലും വന്നു. ഇസയുടെയും കൂട്ടുകാരുടെയും ആവശ്യം പരിഗണിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ഇസയെ ക്ഷണിച്ചുകൊണ്ടുമുള്ള ഇ-മെയിലാണ് ലഭിച്ചത്.
പുള്ളിപ്പാടം പ്രദേശത്തുള്ളവര്‍ക്ക് മമ്പാട് ടൗണിലെത്താനുള്ള ചാലിയാറിനു കുറുകെയുള്ള തൂക്കുപാലം കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇതോടെ ദുരിതത്തിലായി. മൂന്ന് ഭാഗം മലകളും ഒരുഭാഗം ചാലിയാറുമായതിനാല്‍ ഇവിടെ യാത്രാസൗകര്യം വളരെ കുറവാണ്. ഇതേ തുടര്‍ന്ന് പ്രദേശത്തെ ആയിരത്തോളം വിദ്യാര്‍ഥികള്‍ തൂക്കുപാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പോസ്റ്റ് കാര്‍ഡില്‍ കത്തയച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഇസ മുഖ്യമന്ത്രിക്ക് ഇ -മെയിലും അയച്ചിരുന്നു. ഇതോടൊപ്പമാണ് മുഖ്യമന്ത്രിയെ നേരില്‍ കാണാനുള്ള ആഗ്രഹവും അറിയിച്ചത്.

Sharing is caring!