മോഷണം: കര്‍ണ്ണാടക പൊലീസ് പ്രതിയുമായി മഞ്ചേരിയില്‍

മോഷണം: കര്‍ണ്ണാടക  പൊലീസ് പ്രതിയുമായി  മഞ്ചേരിയില്‍

മഞ്ചേരി: മോഷണ കേസിലെ പ്രതിയുമായി കര്‍ണ്ണാടക പൊലീസ് ഇന്നലെ മഞ്ചേരിയിലെത്തി. വണ്ടൂര്‍ കാപ്പില്‍ സ്വദേശിയായ റംഷാദ് എന്ന നാണി(30)നെയാണ് തെളിവെടുപ്പിനായി മംഗലാപുരം പൊലീസ് കനത്ത ബന്തവസ്സില്‍ മഞ്ചേരിയിലെത്തിച്ചത്. 2015ല്‍ കാപ്പിലിലെ ചെമ്മല മുസ്തഫയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ പിന്നീട് കഴിഞ്ഞ ഓഗസ്റ്റിലാണ് വണ്ടൂര്‍ പോലീസ് വീണ്ടും പിടികൂടിയത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസ് പ്രതിയെ മംഗലാപുരം പുത്തൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
മംഗലാപുരത്തെ ഉപ്പിനങ്ങാടിയില്‍ രണ്ടാം വിവാഹം കഴിച്ചു ജീവിക്കുകയായിരുന്ന റംഷിദ് ഭാര്യ വീട്ടില്‍ നിന്നും മുപ്പത്തിമൂന്ന് പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും മോഷ്ടിക്കുകയായിരുന്നു. ഭാര്യയുടേയും ഭാര്യാ സഹോദരിയുടെയും ആഭരണങ്ങളാണ് അലമാര കുത്തി തുറന്ന് കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണം വണ്ടൂര്‍, മഞ്ചേരി, പൂക്കോട്ടുംപാടം എന്നിവടങ്ങളിലെ ജ്വല്ലറികളിലാണ് വില്‍പ്പന നടത്തിയതെന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് പ്രതിയെ മഞ്ചേരിയിലെത്തിച്ചത്. മഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നു 1.75 പവന്‍ സ്വര്‍ണം പോലിസ് സംഘം കണ്ടെടുത്തു. രണ്ടു ദിവസങ്ങളിലായി നടത്തിയ തെളിവെടുപ്പ് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കര്‍ണ്ണാടക പൊലീസ് പറഞ്ഞു.

Sharing is caring!