മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക്

മലപ്പുറം: വിവാദങ്ങള്‍ക്ക് വിട ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പാണക്കാട് തങ്ങള്‍മാര്‍. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീനെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കാണ് തെരഞ്ഞെടുപ്പ് ചുമതല. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ മേല്‍നോട്ടത്തില്‍ പാര്‍ട്ടി നേതാക്കള്‍, എം.എല്‍.എമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രചണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും തങ്ങള്‍ പറഞ്ഞു. യു.ഡി.എഫിന്റെ പ്രഥമ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് മഞ്ചേശ്വരത്ത് നടക്കുമെന്ന് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. ജില്ല കമ്മിറ്റി, മണ്ഡലം കമ്മിറ്റി, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥിയെ ചൊല്ലി യാതൊരു വിധ പ്രതിഷേധവുമില്ല. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ അന്തിമമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കുമെന്നും തങ്ങള്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ ബി.ജെ.പി വിരുദ്ധവികാരം ശക്തമാണ്. ഇത് യു.ഡി.എഫിന് ഗുണകരമാകും. നേരത്തെ ലഭിച്ചതിനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം ഇത്തവണയും ലഭിക്കും. ജില്ലയിലെ മുതിര്‍ന്ന നേതാവ് എന്ന ഘടകമാണ് ഖമറുദ്ദീന് അനുകൂലമായി വന്നത്. യു.ഡി.എഫിലെ മറ്റു ഘടകകക്ഷികള്‍ക്കും അദ്ദേഹം സ്വീകാര്യനായ വ്യക്തിയാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
2018 ഒക്ടോബര്‍ 20 ന് യു.ഡി.എഫ് എം.എല്‍.എ പി.ബി അബ്ദുറസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായത്. ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമമെങ്കിലും 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെതിരെ കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് വൈകുകയായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എയെ അംഗീകരിക്കാത്ത സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് റദ്ധാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പി.ബി അബ്ദുറസാഖിന്റെ മരണത്തെ തുടര്‍ന്ന് സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകയും കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. 89 വോട്ടുകള്‍ക്കാണ് അബ്ദുറസാഖ് വിജയിച്ചത്. 56870 വോട്ടുകള്‍ അബ്ദുറസാഖിന് ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56781 വോട്ടുകള്‍ കിട്ടി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ സി.പി.എമ്മിലെ കുഞ്ഞമ്പുവിന് 42565 വോട്ടാണ് ലഭിച്ചത്.

Sharing is caring!