അഞ്ചേക്കറില്‍ കൂവ നട്ട് നേട്ടമുണ്ടാക്കി ജുമൈലബാനു

അഞ്ചേക്കറില്‍  കൂവ നട്ട് നേട്ടമുണ്ടാക്കി ജുമൈലബാനു

വണ്ടൂര്‍: കൂവയോട് എന്താണിത്ര ഇഷ്ടമെന്ന് ചോദിച്ചാല്‍ ജുമൈലബാനു ഒന്നുചിരിക്കും. പിന്നെ പതുക്കെ പറയും-വിപണന സാധ്യതതന്നെ. വണ്ടൂര്‍ ഏറിയാട് അഞ്ചേക്കറില്‍ കൂവ നട്ട് നേട്ടമുണ്ടാക്കുകയാണ് എടവണ്ണ ചെമ്പക്കുത്ത് സ്വദേശിനി ജുമൈലബാനു.
ഈര്‍പ്പവും വെയിലും കിട്ടുന്നിടത്ത് കൂവ ധാരാളം തഴച്ചുവളരുമെന്ന് ജുമൈല പറഞ്ഞു. തനിവിളയായോ ഇടവിളയായോ നടാം. ജൈവപുഷ്ടിയുള്ള മണ്ണും ചൂടുള്ള കാലാവസ്ഥയുമാണ് ഉത്തമം. അന്തരീക്ഷ ഊഷ്മാവ് 20-30 ഡിഗ്രിയും വര്‍ഷംതോറും ലഭിക്കുന്ന 1500–2000 മില്ലിമീറ്റര്‍ മഴയും അനുയോജ്യം.
മൂന്നുവര്‍ഷമായി സ്ഥിരമായി കൂവ കൃഷിചെയ്യുന്നുണ്ട് ഈ വീട്ടമ്മ. എട്ടുമാസത്തിനുള്ളില്‍ വിളവെടുക്കാം. പറിക്കുന്ന കൂവ ആരോറൂട്ട് കമ്പനിക്കാണ് നല്‍കുന്നത്. കൃഷിസ്ഥലത്തുവന്ന് നേരിട്ട് ശേഖരിക്കുന്നതിനാല്‍ വിപണനവും പ്രശ്‌നമില്ല. ഒരേക്കറില്‍ 2.5 ടണ്ണോളം വിളവുണ്ടാകും. കിലോയ്ക്ക് കുറഞ്ഞത് 50 രൂപ ലഭിക്കും.
മഞ്ഞളിന്റെ കുടുംബക്കാരനാണ് നാട്ടില്‍ കണ്ടുവരുന്ന നാടന്‍ കൂവ. കുര്‍കുമേ ജനുസ്സില്‍പ്പെടുന്ന കുര്‍കുമേ അറുജിനോസ. ഇതിനെ നീലക്കൂവയെന്നാണ് വിളിക്കുന്നത്. കിഴങ്ങിന് സാധാരണ വെള്ളനിറമാണെങ്കിലും മുറിച്ചുനോക്കിയാല്‍ നടുക്ക് നീലനിറം കാണാം.
അത് മൂത്തുകഴിഞ്ഞാല്‍ ഇളംറോസ് നിറത്തില്‍ പൂക്കളുണ്ടാകുന്ന പൂക്കുലകളും ഉണ്ടാകും. ബ്ലാത്തിക്കൂവയെന്ന് വിളിക്കുന്ന ഇനത്തിന്റെ ശാസ്ത്രനാമം മരാന്ത അരുണ്‍ഡിനാസിയേ എന്നാണ്. മഞ്ഞക്കൂവ, ചണ്ണക്കൂവ, നീലക്കൂവ, ആനക്കൂവ എന്നിങ്ങനെ പല തരത്തിലുള്ളവയുണ്ട്-ജുമൈല പറഞ്ഞു.

Sharing is caring!