സന്തോഷ് ട്രോഫി ട്രോഫി ഫുട്‌ബോളില്‍ ബൂട്ടുകെട്ടാന്‍ തിരൂരിന്റ മിന്നുംതാരങ്ങളും

സന്തോഷ് ട്രോഫി ട്രോഫി ഫുട്‌ബോളില്‍ ബൂട്ടുകെട്ടാന്‍ തിരൂരിന്റ  മിന്നുംതാരങ്ങളും

തിരൂര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ത്രിപുരക്കും മധ്യപ്രദേശിനുമായി ബൂട്ടുകെട്ടാന്‍ സാറ്റ് തിരൂരിന്റ മിന്നുംതാരങ്ങളും. സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിന്റെ താരങ്ങളായ ഫസ്ലുറഹ്മാന്‍ ത്രിപുരക്ക് വേണ്ടിയും മുഹമ്മദ് ഫായിസ് മധ്യപ്രദേശിന് വേണ്ടിയും ഇറങ്ങും.
താനൂര്‍ അട്ടത്തോട് സ്വദേശിയായ ഫസ്ലുറഹ്മാന്‍ കഴിഞ്ഞ വര്‍ഷവും ത്രിപുരക്ക് വേണ്ടി സന്തോഷ് ട്രോഫിയില്‍ ബൂട്ട് കെട്ടി. അഗര്‍ത്തല ആഗെയാ ചലോ സംഘ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ഫസ്ലുറഹ്മാന്‍ ത്രിപുര പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോറര്‍ ആണ്. ബംഗളൂരു ഓസോണ്‍ എഫ്‌സിക്ക് വേണ്ടിയും കളിച്ചു. 22ന് അഗര്‍ത്തലയില്‍ നടക്കുന്ന സന്തോഷ് ട്രോഫി നോര്‍ത്ത് ഈസ്റ്റ് പൂളില്‍ ഫസ്ലുറഹ്മാന്‍ കളിക്കും.
തിരൂര്‍ വളവന്നൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ് 2014ലാണ് സാറ്റ് അക്കാദമിയില്‍ വരുന്നത്. 2014ലും 2015ലും സാറ്റിന് വേണ്ടിയും 2016ല്‍ ആലപ്പുഴ ട്രാവന്‍കൂര്‍ യുണൈറ്റഡിനും കളിച്ചു. റിലയന്‍സ് നാഷണല്‍ കപ്പ് റണ്ണറപ്പായ നിര്‍മ്മല കോളേജ് ടീമിലും അംഗമായിരുന്നു. 2017ല്‍ ഇടുക്കി സീനിയര്‍ ജില്ലാ ടീമിന് വേണ്ടി കളിച്ചു. 2018ല്‍ സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി കളിക്കുന്നതിനിടെയാണ് മധ്യപ്രദേശ് ഭോപ്പാല്‍ ക്ലബ്ബായ മധന്‍ മഹാരാജിലേക്ക് പോകുന്നത്.
വളവന്നൂരിലെ ചോലയില്‍ അബൂബക്കര്‍-താഹിറ ദമ്പതികളുടെ മകനായ മുഹമ്മദ് ഫായിസ് 23ന് ഗോവയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഗോവന്‍ പൂളിലാണ് കളിക്കുന്നത്. സാറ്റിന്റെ നിരവധി താരങ്ങള്‍ സന്തോഷ് ട്രോഫിയില്‍ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മുമ്പും കളിച്ചിട്ടുണ്ട്.-

Sharing is caring!