മലപ്പുറം ഡിഡിഇ ഓഫീസിലെ ഫയല്‍ പരിശോധിക്കാനെത്തിയ ജീവനക്കാരെ ഫയലുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് കടിച്ചു

മലപ്പുറം ഡിഡിഇ ഓഫീസിലെ  ഫയല്‍ പരിശോധിക്കാനെത്തിയ ജീവനക്കാരെ ഫയലുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് കടിച്ചു

മലപ്പുറം: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ (ഡിഡിഇ) ഓഫീസിലെ വിവിധ സെക്ഷനുകളില്‍നിന്ന് ഒരുവര്‍ഷത്തിനിടെ പിടികൂടിയത് അഞ്ചോളം പാമ്പുകളെ. ഓഫീസുകളിലെത്തുന്നവരും ജീവനക്കാരും ആശങ്കയിലാണ്. രണ്ടുമാസംമുമ്പ് ഓഫീസിലെ ടൈപ്പിങ് സെക്ഷനില്‍നിന്ന് പാമ്പിനെ പിടിച്ചിരുന്നു. ജോലിക്കിടെ ഓഫീസിലെ വരാന്തയിലെ ഫയലുകള്‍ പരിശോധിക്കുമ്പോള്‍ ചൊവ്വാഴ്ച ജീവനക്കാരനും പാമ്പ് കടിയേറ്റു.
കാലപ്പഴക്കം കാരണം ഏതുനിമിഷവും നിലംപൊത്താറായ നിലയിലാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരുകളും. ജനലുകളും വാതിലുകളും ഇളകി വീഴാറായി. മഴക്കാലത്ത് ഓഫീസ് പരിസരത്ത് വെള്ളക്കെട്ട് പതിവാണ്. ചുമരുകളില്‍ വെള്ളമിറങ്ങുന്നതിനാല്‍ വൈദ്യുതി ബന്ധങ്ങളും അപകടത്തിലാണ്. മഴക്കാലത്ത് കംപ്യൂട്ടറുകളും ഫോട്ടോസ്റ്റാറ്റ് മെഷിനുകളും പ്ലാസ്റ്റിക് കവറുകളിട്ട് മൂടിയാണ് ജീവനക്കാര്‍ സംരക്ഷിക്കുന്നത്. വെള്ളം മൂടുന്നതോടെ ശൗചാലയ സൗകര്യവും ഇല്ലാതാകും. വെള്ളം കയറി ടാങ്ക് പൊട്ടിയൊഴുകും. വനിതാ ജീവനക്കാരടക്കം ദുരിതത്തിലാകും. ന?ഗര മാലിന്യങ്ങളും മഴയത്ത് ഓഫീസ് വളപ്പിലേക്ക് കുത്തിയൊഴുകും.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണസംവിധാനത്തിന് പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

Sharing is caring!