റെയില്‍വെ വികസനത്തിന് എം.പിമാരുടെ ശബ്ദമുയരുമോ? പ്രതീക്ഷയോടെ മലപ്പുറം

റെയില്‍വെ വികസനത്തിന്  എം.പിമാരുടെ ശബ്ദമുയരുമോ? പ്രതീക്ഷയോടെ മലപ്പുറം

മലപ്പുറം: റെയില്‍വെ വികസനത്തിനായി 18ന് നടത്തുന്ന എം.പിമാരുടെയോഗത്തില്‍ ജില്ലയുടെ റെയില്‍വെ വികസനത്തിനായി ശബ്ദമുയരുമെന്ന പ്രതീക്ഷയില്‍ മലപ്പുറം. നിലമ്പൂര്‍- നഞ്ചന്‍കോട് പാത, രാജ്യറാണി എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടല്‍, ഷൊര്‍ണൂര്‍ മംഗലാപുരം പാതയില്‍ പുതിയ മെമു തീവണ്ടി, ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കല്‍ എന്നിവയാണ് ജില്ലയുടെ പ്രധാന ആവശ്യങ്ങള്‍.
മലബാറിന്റെ റെയില്‍വെ വികസന പ്രതീക്ഷയായ നിലമ്പൂര്‍- നഞ്ചന്‍ഗോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നതാണ് ജില്ലയുടെ പ്രധാന ആവശ്യം. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി 100 വര്‍ഷം മുമ്പ് നിര്‍മ്മിക്കാന്‍ ആലോചിച്ച് പാതയാണ് നിലമ്പൂര്‍ നഞ്ചന്‍കോട് പാത. നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാത യാഥാര്‍ത്ഥ്യമാക്കിയ ശേഷമാണ് നിലമ്പൂരില്‍ നിന്നും മൈസൂരിലേക്കായി നിലമ്പൂര്‍- നഞ്ചന്‍കോട് പാതക്കായി ആലോചന തുടങ്ങിയത്. ലോകമഹായുദ്ധമടക്കം വന്നതോടെ പാത നിര്‍മ്മാണത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം നിലമ്പൂര്‍- നഞ്ചന്‍കോട് പാത പലതവണ റെയില്‍ ബജറ്റില്‍ ഇടംപിടിച്ചെങ്കിലും യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടിയുണ്ടായില്ല.മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാതി നിര്‍മ്മാണചെലവ് വഹിക്കാമെന്ന് റെയില്‍വെയുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
കേരളത്തിന് 51 ശതമാനം ഓഹരിയും റെയില്‍വെക്ക് 49 ശതമാനം ഓഹരിയുമായി കൊച്ചി മെട്രോ മോഡലില്‍ പദ്ധതി നടപ്പാക്കാന്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളായ (എസ്.പി.വി) കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന കമ്പനിയും രൂപീകരിച്ചു.2016ലെ റെയില്‍വെ ബജറ്റില്‍ രാജ്യത്ത് ഏറ്റെടുക്കുന്ന 11-മത്തെ പാതയായി നിലമ്പൂര്‍ നഞ്ചന്‍ഗോഡ് പാതയെ ഉള്‍പ്പെടുത്തി. നിര്‍മ്മാണ ചെലവ് 6000 കോടിയായി കണക്കാക്കി പിങ്ക് ബുക്കിള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.അഞ്ച് വര്‍ഷംകൊണ്ട് പാതപൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യത്തോടെ യു.ഡി.എഫ് സര്‍ക്കാര്‍ വിശദപദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കാന്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവും റെയില്‍വെ ഏകാംഗകമ്മീഷനുമായ ഇ. ശ്രീധരനെ ചുമതലപ്പെടുത്തി. പ്രാരംഭ ആവശ്യങ്ങള്‍ക്കായി ബജറ്റില്‍ 5 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ശ്രീധരന്റെ പഠന റിപ്പോര്‍ട്ട്് അനുസരിച്ച് 236 കിലോ മീറ്റര്‍ എതിനു പകരം 162 കിലോ മീറ്ററില്‍ പാതയുടെ പണി തീര്‍ക്കാമെന്നും 6000 കോടിക്കു പകരം 3500 കോടി രൂപ മാത്രമേ ചെലവു വരികയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു.ബന്ദിപ്പൂര്‍ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെ 11 കിലോ മീറ്റര്‍ ദൂരം പാത ഭൂഗര്‍ഭപാതയാക്കി കൊണ്ടുപോകാനാവുമെന്ന നിര്‍ദ്ദേശവും ഡി.എം.ആര്‍.സി മുന്നോട്ടുവെച്ചു. കേരളത്തിനും രാജ്യത്തിനും വന്‍വികസനകുതിപ്പു നല്‍കുന്ന ഗുണകരമായ പദ്ധതിയാണിത്. വ്യവസായ, ടൂറിസം, ഐ.ടി മേഖലകളില്‍ വന്‍കുതിച്ചുചാട്ടത്തിനു വഴിയൊരുക്കും.
ബാംഗ്ലൂര്‍, മൈസൂര്‍, കൊച്ചി, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലാക്കും. രണ്ട് ഐ.ടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത ദക്ഷിണേന്ത്യയുടെ സുവര്‍ണ ഐ.ടി, ടൂറിസം, വ്യവസായ ഇടനാഴിയായിരിക്കും. കൊങ്കണ്‍ പാതക്ക് സമാന്തര പാതയായും ഉപയോഗിക്കാമെന്ന നേട്ടവുമുണ്ട്. വല്ലാര്‍പാടം, വിഴിഞ്ഞംതുറമുഖങ്ങളിലേക്ക് ചരക്കുനീക്കത്തിലൂടെ മാത്രം പാത ലാഭകരമാകുമെന്നാണ് ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇ. ശ്രീധരന്‍ ലാഭകരമാകില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയ തലശേരി- മൈസൂര്‍ പാതക്കുവേണ്ടി ഇടതുസര്‍ക്കാര്‍ നിലമ്പൂര്‍ നഞ്ചന്‍ഗോഡ് പാതയെ വെട്ടുകയായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയ നിലമ്പൂര്‍- നഞ്ചന്‍ഗോഡ് പാതക്കുപകരം തലശേരി -മൈസൂര്‍ പാതയെ ഉല്‍പ്പെടുത്തുകയും നിലമ്പൂര്‍ നഞ്ചന്‍ഗോഡിനെ സംസ്ഥാനത്തെ റെയില്‍ പദ്ധതികളില്‍ എട്ടാമതാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ റെയില്‍വെയുമായി ധാരണാപത്രം ഒപ്പുവെച്ച നിലമ്പൂര്‍ നഞ്ചന്‍കോട് പാതക്കായി എം.പിമാര്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ റെയില്‍വെക്ക് അത്കൂടി പരിഗണിക്കേണ്ടിവരും. കൂടുതല്‍ ലാഭകരമാകുന്നതും പ്രോജനപ്രദമാകുന്നതും ഏതു പാതയെന്ന് വിലയിരുത്തിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കു. അതിന് എം.പിമാരുടെ സമ്മര്‍ദ്ദമാണ് ആവശ്യം. നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കിമാറ്റിയതോടെ നിലവില്‍ കൊച്ചുവേളിയിലാണ് ഓട്ടം അവസാനിപ്പിക്കുന്നത്. രാജ്യറാണി തിരുവനന്തപുരത്തേക്ക് നീട്ടാനും എം.പിമാരുടെ ഇടപെടല്‍ ആവശ്യമാണ്.
മംഗലാപുരം ഷൊര്‍ണൂര്‍പാത വൈദ്യുതീകരിച്ച് രണ്ട് വര്‍ഷമായിട്ടും മെമു വണ്ടി അനുവദിച്ചിട്ടില്ല. തീവണ്ടികളുടെ വൈകിയോട്ടമാണ് റെയില്‍യാത്രക്കാര്‍ നേരിടുന്ന പ്രധാന ദുരിതം. തീവണ്ടികളുടെ വൈകിയോട്ടം ശരാശരി അഞ്ചു മിനുറ്റില്‍ താഴെയാക്കുമെന്ന് കഴിഞ്ഞ യോഗത്തില്‍ റെയില്‍വെ ഉറപ്പു നല്‍കിയിരുന്നു. ഇവ പാലിക്കപ്പെടാനും എം.പിമാരുടെ ഇടപെടല്‍ ആവശ്യമാണ്.
തിരുവനന്തപുരത്ത് 18ന് രാവിലെ 10ന് നടക്കുന്ന റെയില്‍വെ വികസനം സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള യോഗത്തിലേക്ക് കേരളത്തിലെ ലോക്‌സഭാ രാജ്യസഭാ എം.പിമാരെയും മംഗലാപുരം, തിരുനല്‍വേലി, കന്യാകുമാരി എം.പിമാരെയും റെയില്‍വെ ക്ഷണിച്ചിട്ടുണ്ട്.

Sharing is caring!