മലപ്പുറം ജില്ലയില്‍ ഐ.എന്‍.എല്‍ മറ്റൊരു പിളര്‍പ്പിലേക്ക്

മലപ്പുറം ജില്ലയില്‍ ഐ.എന്‍.എല്‍ മറ്റൊരു പിളര്‍പ്പിലേക്ക്

മലപ്പുറം: ഗുരുതരമായ അച്ചടക്ക ലംഘനത്തിന്ന് എതാനും മാസം മുമ്പ് ഐ.എന്‍.എല്‍ നിന്നും പുറത്താക്കിയ മുന്‍ ഐ.എന്‍.എല്‍ നേതാവ് കെ.പി ഇസ്മായിലിനെ അനുകൂലിക്കുന്ന വിഭാഗം മലപ്പുറത്ത് ഈ മാസം പതിനാലിന് പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചതോടെ ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍പ്പിലേക്ക്.

ഒരു വര്‍ഷം മുമ്പ് നടന്ന മലപ്പുറം ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ ഐ.എന്‍.എല്‍ നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ആരംഭിച്ചത്. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ പ്രഫ: എ.പി വഹാബ്, കെ.പി ഇസ്മായില്‍ എന്നിവര്‍ പിന്തുണച്ച പാനല്‍ പരാജയപ്പെട്ടതോടെയാണ് പോര് മൂര്‍ച്ചിച്ചത്.ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പല തവണ ഇരുവിഭാഗത്തിനിടയിലും സമവായങ്ങള്‍ രൂപപ്പെടുത്തിയെങ്കിലും ഇതെല്ലാം പരാജയപ്പെടുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന സിക്രട്ടറിയേറ്റും പ്രവര്‍ത്തക സമിതിയും ഐക്യഘണ്ഡമായി അംഗീകരിച്ച സമവായ നിര്‍ദ്ധേഷത്തെ പരസ്യമായി തള്ളി കെ.പി ഇസ്മായില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതോടെ
ജില്ലയിലെ വിഭാഗീയത. സംസ്ഥാന തലത്തിലേക്കും വ്യാപിച്ചിരിക്കയാണ്.ഇസ്മായിലിനെതിരായ ദേശീയ പ്രസിഡന്റിന്റെ അച്ചടക്ക നടപടി യെ അനുകൂലിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് ദേവര്‍ കോവില്‍, കാസിം ഇരിക്കൂര്‍, ബി.ഹംസ ഹാജി, കെ.എസ് ഫക്രുദ്ധീന്‍, ഡോ.എ.എ അമീന്‍, എം.എം മാഹീന്‍ തുടങ്ങിയ പാര്‍ട്ടി നേതൃത്വം നിലയുറപ്പിച്ചപ്പോള്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ: എ.പി വഹാബും അദ്ധേഹത്തെ പിന്തുണക്കുന്ന നേതാക്കളും അച്ചടക്ക നടപടിക്കെതിരായിട്ടാണ് നിലയുറപ്പിച്ചിരിക്കുന്നത്.

നിലവില്‍ ജില്ലയില്‍ ഔദ്യോഗിക വിഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയെ അംഗീകരിക്കാത്ത വിമത വിഭാഗം
ഈ മാസം പതിനാലിന് മലപ്പുറത്ത് വിളിച്ച് ചേര്‍ത്ത കണ്‍വെന്‍ഷന്‍ പാര്‍ട്ടി പിളര്‍ത്തുന്ന നീക്കത്തിന്റെ മുന്നോടിയാണ്.ദേശീയ നേതാക്കളുടെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ ലഭിക്കില്ലെന്ന ഉറപ്പായതോടെ ദേശീയ കമ്മിറ്റിയുമായി ബന്ധം വേര്‍പ്പെടുത്തി ഐ.എന്‍.എല്‍ കേരള രൂപീകരിക്കുന്നതിന്റെ തുടക്കമാവും മലപ്പുറത്തെ ഈ കണ്‍വെന്‍ഷന്‍. പരിപാടിയുടെ സംഘാടനം പാര്‍ട്ടിയുടെ എത് ഘടകമാണ് നടത്തുന്നതെന്ന് കണ്‍വെന്‍ഷന്റെ പ്രചാരണ പോസ്റ്ററില്‍ ചേര്‍ത്തിട്ടില്ലെങ്കിലും ജില്ലയിലെ മുഴുവന്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് കരുത്ത് കാട്ടാനാണ് വിമത നീക്കം. ജില്ലയിലെ ഇടതുപക്ഷ നേതാക്കളെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചുട്ടുണ്ടെങ്കിലും സംബന്ധിക്കുമോ എന്നതിന് തീര്‍ച്ചയില്ല. പ്രഫ: വഹാബ് ഒഴികെ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവും പരിപാടിയില്‍ പങ്കെടുത്തേക്കില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇടതുപക്ഷ മുന്നണിയില്‍ എതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഐ.എന്‍.എല്‍ നെ അംഗമാക്കിയത്. സംഘടനപരമായി ഏറെ ദുര്‍ബലമാണെന്നറിഞിട്ടും ന്യൂനപക്ഷ ജനവിഭാഗത്തിന്റെ പ്രാതിനിധ്യംമുള്ള ഒരു സംഘടന എന്ന നിലയിലാണ് ഇടതുപക്ഷ മുന്നണിയില്‍ ഐ.എന്‍.എല്‍ നെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഐ.എന്‍.എല്‍ ലെ ഗ്രൂപ്പ് പോരും പിളര്‍പ്പും
ഇടതുപക്ഷ മുന്നണിക്ക് മലബാറിലെ ജില്ലകളില്‍ തലവേദനയായേക്കും.

ഐ.എന്‍.എല്‍ രണ്ടായി പിളരുകയും ഇരുവിഭാഗവും എല്‍.ഡി .എഫ് പ്രവേശനത്തിന് അവകാശവാദമുന്നയിക്കുകയും ചെയ്യുന്ന പക്ഷം ഇരുവിഭാഗത്തെയും മുന്നണിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന തീരുമാനത്തിലേക്ക് എല്‍.ഡി എഫും മാറിയേക്കാം.
അനുനയ നീക്കങ്ങള്‍ നടക്കുന്നുവെങ്കിലും സംസ്ഥാന പ്രസിഡന്റ് തന്നെ ദേശീയ പ്രസിഡന്റിനും ജനറല്‍ സിക്രട്ടറിക്കുമെതിരായതാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായത്.പരീക്ഷണാത്മകമായ നിരവധി ഘട്ടങ്ങളിലൂടെ കടന്ന് വന്ന ഐ.എന്‍.എല്‍ പാര്‍ട്ടിക്ക് ഇനിയും ഒരു പിളര്‍പ്പ് താങ്ങാനാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ആ പാര്‍ട്ടിയുടെ ഭാവി.

Sharing is caring!