കാലഘട്ടത്തിന്റെ പ്രസ്ഥാനമായി എം.എസ്.എഫ് ഓരോ ചുവടും മുന്നേറുന്നു: കുഞ്ഞാലിക്കുട്ടി

കാലഘട്ടത്തിന്റെ പ്രസ്ഥാനമായി  എം.എസ്.എഫ് ഓരോ ചുവടും മുന്നേറുന്നു:  കുഞ്ഞാലിക്കുട്ടി

മലപ്പുറം: നാടിന് തന്നെ അപമാനമായി വളര്‍ന്നുവരുന്ന വിദ്യാര്‍ഥി രാഷ്ട്രീയ പ്രവണതകളെ അപ്പാടെ തകര്‍ത്താണ് ഏറ്റവും അഭിമാനകരമായൊരു നേട്ടം എം.എസ്.എഫ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നേടിയതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയികളായ കോളജ് യൂണിയന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജയാരവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയവും വര്‍ഗീയ പ്രവണതകളും കാമ്പസുകളെ പിടിമുറുക്കുന്ന പുതിയ സാഹചര്യത്തില്‍ അതിനെതിരെ പ്രതിരോധ നിര തീര്‍ക്കാന്‍ കാലം ആവശ്യപ്പെടുന്ന വിജയമാണ് എം.എസ്.എഫ് നേടിയത്. പുതിയ സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായ മുന്നണിയാണ് യു.ഡി.എസ്.എഫ്. കേരളത്തില്‍ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാലിടറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഇടതുപക്ഷത്തിനുണ്ടായത്. ഇനിയൊരു തിരിച്ചുവരവില്ലാത്ത പരാജയമാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കും ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ എം.എസ്.എഫ് ഓരോ ചുവടും മുന്നേറ്റം നടത്തുകയാണ്. കാലഘട്ടത്തിന്റെ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ് മുസ്ലിംലീഗും അതിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫും. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കുന്ന നിലപാടുകളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളാണ് കാമ്പസുകളില്‍ നിന്നുയര്‍ന്ന് കേള്‍ക്കുന്നതെന്നും എല്ലാ കാലത്തെയും അതിജയിക്കാനുള്ള കരുത്തോടെയാണ് എം.എസ്.എഫിന്റെ വിജയക്കുതിപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.വി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പറ്റ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭാരവാഹികള്‍ക്ക് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് ഉപരാഹം നല്‍കി. പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ യൂണിയന്‍ ഭാരവാഹികളുടെ പ്രകടനം ഫല്‍ഗ് ഓഫ് ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി.അബ്ദുല്‍ ഹമീദ്, കെ.എന്‍.എ ഖാദര്‍, പി.ഉബൈദുല്ല, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. എന്‍.എ കരീം, സംസ്ഥാന ഭാരവാഹികളായ ഷെരീഫ് വടക്കയില്‍, ഷെബീര്‍ ഷാജഹാന്‍, നിഷാദ് കെ സലീം, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, മലപ്പുറം മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, സെക്രട്ടറി പി.എ സലാം, ഷരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, കെ.എം ഫവാസ്, ടി.പി ഹാരിസ്, നിഷാജ് എടപ്പറ്റ, കെ.എം ഖലീല്‍, കെ.എന്‍ ഷാനവാസ്, അഷ്റഫ് പാറച്ചോടന്‍, ജില്ലാ എം.എസ്.എഫ് ഭാരവാഹികളായ കെ.എന്‍ ഹകീം തങ്ങള്‍, പി.എ ജവാദ്, ഫവാസ് പനയത്തില്‍, കമറുസ്സമാന്‍ മൂര്‍ക്കത്ത്, അഡ്വ. പി സാദിഖലി, കെ.എം ഇസ്മയില്‍, ടി.പി നബീല്‍, അഡ്വ. പി നിഷാദ് അങ്ങാടിപ്പുറം, പി.ടി മുറത്ത്, ഹരിത ജില്ലാ ഭാരവാഹികളായ നജ്വ ഹനീന കുറുമാടന്‍, ഷംന ഒഴുകൂര്‍, വി.പി റസീല, ഷഹന കെ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!