പ്രളയദുരിതാശ്വാസം: ജില്ലയില്‍ 9.95 കോടി രൂപ വിതരണം ചെയ്തു

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ മാസമുണ്ടായ പ്രളയക്കെടുതിയില്‍ ഇരയായവര്‍ക്ക് ആശ്വാസമായി 9.95 കോടി രൂപ ഇതിനകം വിതരണം ചെയ്ത് ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം വീതം 15 കേസുകളില്‍ 60 ലക്ഷം രൂപ വിതരണം ചെയ്തു. അടിയന്തര ദുരിതാശ്വാസമായി പതിനായിരം രൂപ വീതം 9354 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്തു. തിരൂരങ്ങാടി 2386, തിരൂര്‍ 2359, ഏറനാട് 2218, കൊണ്ടോട്ടി 1244, പൊന്നാനി 856, പെരിന്തല്‍മണ്ണ 291 എന്നിങ്ങനെയാണ് അടിയന്തര സഹായം വിതരണം ചെയ്തിട്ടുള്ളത്.
കവളപ്പാറയില്‍ മരിച്ച 36 പേരുടെ അനന്തരാവകാശികള്‍ക്ക് നാലു ലക്ഷം രൂപ വീതം മൊത്തം 1.44 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. തുടര്‍ച്ചയായ അവധിദിനങ്ങള്‍ കാരണമാണ് അവ അക്കൗണ്ടുകളില്‍ എത്താതിരുന്നത്. അടുത്ത പ്രവൃത്തി ദിവസം (തിങ്കളാഴ്ച) തന്നെ തുക മരണപ്പെട്ടവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തും. ബാക്കിയുള്ള കേസുകളില്‍ അനന്തരാവകാശികളെ സംബന്ധിച്ച് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. അത് ലഭ്യമാക്കി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്കുന്നതായിരിക്കുമെന്നും ജില്ലാകലകടര്‍ അറിയിച്ചു.
അടിയന്തര ധനസഹായം 10,000 രൂപ നിലമ്പൂര്‍ താലൂക്കിലെ 1541 പേര്‍ക്ക് അടക്കം 1547 പേര്‍ക്ക് കൂടി ഉത്തരവായിട്ടുണ്ട്. ഇവര്‍ക്ക് അനുവദിച്ച 1.54 കോടി രൂപയും അടുത്തദിവസം അക്കൗണ്ടുകളില്‍ എത്തും. ആദ്യഘട്ടമായി ക്യാമ്പുകളില്‍ താമസിച്ചവര്‍ക്കാണ് അടിയന്തര സഹായം അനുവദിക്കുന്നത്. ജില്ലയില്‍ ക്യാമ്പുകളില്‍ ഉണ്ടായിരുന്നത് 19,392 കുടുംബങ്ങളാണ്. അതില്‍ 10,901 പേര്‍ക്കും അടിയന്തര സഹായം അനുവദിച്ചു കഴിഞ്ഞു. പേര്, ഫോണ്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ നല്‍കിയിട്ടുള്ളവര്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ക്യാമ്പുകളില്‍ താമസിച്ചിരുന്നവരില്‍ ഇതിനകം ഈ വിവരങ്ങള്‍ നല്കാത്തവര് എത്രയും പെട്ടെന്ന് അവ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ എത്തിക്കണം.
ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചവരുടെ വിവരങ്ങള്‍ ഫീല്‍ഡ് പരിശോധനയില്‍ ശേഖരിച്ചതിനുശേഷം മാത്രമേ അടിയന്തര സഹായം അനുവദിക്കാനാവൂ. ഭവനനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിനും പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫീല്‍ഡ് പരിശോധന ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പരിശോധന പൂര്‍ത്തിയായി കഴിഞ്ഞാല്‍ സഹായം നല്‍കും.
ജില്ലയില്‍ 21,124 വീടുകളുടെ പരിശോധന പൂര്‍ത്തിയായി
ജില്ലയിലെ പ്രളയ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തുന്ന ഫീല്‍ഡ് സര്‍വെയില്‍ 21,124 വീടുകളുടെ പരിശോധന പൂര്‍ത്തിയായി. ബാക്കി വീടുകളുടെ പരിശോധന അടുത്തയാഴ്ച പൂര്‍ത്തിയാകും. വില്ലേജ് ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍, ഓവര്‍സിയര്‍/എഞ്ചിനീയര്‍, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങിയ നാലംഗ സംഘംദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മൊബൈല്‍ ആപ്പിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ഇത്തരത്തിലുള്ള 210 ടീമുകള്‍ അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് വിവരശേഖരണം പൂര്‍ത്തിയാക്കാനായത്. 30 ശതമാനത്തില്‍ കൂടുതല്‍ നാശനഷ്ടം വന്ന വീടുകള്‍ മേല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മേല്‍ പരിശോധനയും പൂര്‍ത്തിയാക്കി ഭവനനാശത്തിനുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും