പിണറായി സര്‍ക്കാരിനെ പുകഴ്ത്തി പി വി അബ്ദുള്‍ വഹാബ് എം.പി,മുസ്ലീംലീഗില്‍ അമര്‍ഷം പുകയുന്നു

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി പി വി അബ്ദുള്‍ വഹാബ്  എം.പി,മുസ്ലീംലീഗില്‍  അമര്‍ഷം പുകയുന്നു

മലപ്പുറം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഇടതു സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ചുള്ള പിവി അബ്ദുള്‍ വഹാബ് എംപിയുടെ പ്രസംഗത്തിനെതിരെ മുസ്ലീംലീഗില്‍ അമര്‍ഷം പുകയുന്നു. പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങലെ പ്രശംസിച്ചുകൊണ്ട് നിലമ്പൂരില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളും സമരങ്ങളും ഒരു ഭാഗത്ത് നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ട്രഷററും രാജ്യസഭാംഗവുമായ പി വി അബ്ദുള്‍ വഹാബ് പിണറായി വിജയനും മന്ത്രി കെ ടി ജലീലിനേയും അഭനന്ദിച്ച് സംസാരിച്ചത് യാഥൃശ്ചികമല്ലെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ വിലയിരുത്തല്‍.

ധനസഹായം നാല് ലക്ഷം പോര പത്ത് ലക്ഷമാക്കണമെന്ന ആവശ്യം ഉന്നയിച്ചെന്ന പേരില്‍ ഇടതു നേതാക്കളായ മന്ത്രി കെ ടി ജലീല്‍, പി വി അന്‍വര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്ത വേദിയില്‍ വച്ച് വഹാബ് പരസ്യമായി അപമാനിച്ച് സംസാരിച്ചെന്ന് കെപിഎ മജീദ് പാണക്കാട് തങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

പിണറായി വിജയനടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാവാണ് പിവി അബ്ദുള്‍ വഹാബ്. ഇടത് എംഎല്‍എ പിവി അന്‍വര്‍ ചെയര്‍മാനായി രൂപീകരിച്ച റീ ബില്‍ഡ് നിലമ്പൂര്‍ കമ്മിറ്റിയില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് രക്ഷാധികാരി സ്ഥാനം അബ്ദുള്‍ വഹാബ് ഏറ്റെടുത്തിരുന്നു. ഈ കമ്മിറ്റിയുടെ പേരില്‍ പാര്‍ട്ടി നേതൃത്വം അറിയാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് നിരവധി തവണ അബ്ദുള്‍ വഹാബ് ചര്‍ച്ച നടത്തിയതും മുസ്ലീം ലീഗ് നേതൃത്വം ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. ലീഗ് നേതാക്കളുടെ അതൃപ്തി ശക്തമായതോടെ അബ്ദുള്‍ വഹാബ് പാണക്കാട് തങ്ങള്‍ക്ക് വിശദീകരണം നല്‍കി.

Sharing is caring!