മമ്പുറം പ്രാര്‍ത്ഥനാ തീരമായി; നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം, ഒരു ലക്ഷം പേര്‍ക്ക് അന്നദാനം

മമ്പുറം പ്രാര്‍ത്ഥനാ തീരമായി;  നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം, ഒരു ലക്ഷം പേര്‍ക്ക് അന്നദാനം

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്നലെ (ശനി) രാത്രി നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളാല്‍ മഖാമും പരിസരവും പ്രാര്‍ത്ഥനാ തീരമായി. കടലുണ്ടിപ്പുഴയോരത്തെ മമ്പുറം മഖാമില്‍ തീര്‍ത്ഥാടനം നടത്താനും പ്രാര്‍ത്ഥനാ സദസ്സില്‍ സംഗമിക്കാനും ആയിരങ്ങളാണ് ഇന്നലെ മമ്പുറത്തെത്തിയത്. നിരവധി ആത്മീയനേതാക്കളും പണ്ഡിതരും പങ്കെടുത്ത പ്രാര്‍ത്ഥനാ സദസ്സ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. ചടങ്ങില്‍ ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലക്കു കീഴില്‍ മഖാമിനു സമീപം പ്രവര്‍ത്തിക്കുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ് ദാനവും നടന്നു. സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ സനദ് പട്ടം വിതരണം ചെയ്തു. പ്രമുഖ സൂഫീവര്യനും സമസ്ത കേന്ദ്ര മുശാവറാംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ പ്രാര്‍ത്ഥനാസദസ്സിന് നേതൃത്വവും നല്‍കി. ദാറുല്‍ഹുദാ വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ ആണ്ടുനേര്‍ച്ച സ്‌പെഷ്യല്‍ പതിപ്പ് കോട്ടക്കല്‍ സീനത്ത് എം.ഡി മനരിക്കല്‍ അബ്ദുറസാഖ് ഹാജി ഏറ്റുവാങ്ങി. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു.കാളാവ് സൈതലവി മുസ് ലിയാര്‍, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഹസന്‍ ബാഖവി കിഴിശ്ശേരി, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.എം സൈതലവി ഹാജി, ഇബ്‌റാഹീം ഹാജി തയ്യിലക്കടവ്, കുട്ടി മൗലവി, വിസി.പി ബാവ ഹാജി, എം.എ ചേളാരി, എം.കെ ജാബിറലി ഹുദവി, പി.കെ നാസര്‍ ഹുദവി സംബന്ധിച്ചു.നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന്(ഞായര്‍) രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാറാക്കുന്നത്. ഉച്ചക്ക് ളുഹ്റ് നമസ്‌കാരാനന്തരം, സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ് ലിസോടെ 181-ാമത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.

പതിനൊന്ന് പേര്‍ക്ക് ഹാഫിള് പട്ടം

തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ നാമധേയത്തിലുള്ള മമ്പുറത്തെ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് പട്ടം നല്‍കി. സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ സനദ് ദാനം നടത്തി. ദാറുല്‍ഹുദാ വി.സി ഡോ. ബഹഉദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലക്കു കീഴിലുള്ള ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് മുന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് ഇക്കാലയളവില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കി പുറത്തിറങ്ങിത്. യു.എ.ഇ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങിലെ ഔഖാഫിനു കീഴിലുള്ള അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങളിലും നിരവധി ദേശീയ ഹിഫ്ള് മത്സരങ്ങളിലും ഇതിനകം മമ്പുറം ഹിഫ്‌ള് ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

ഫാസിസത്തെ പ്രതിരോധിക്കാന്‍ ദളിത്-മുസ്ലിം മുന്നേറ്റം അനിവാര്യം: സ്വാദിഖലി തങ്ങള്‍

തിരൂരങ്ങാടി: ഫാസിസത്തെ പ്രതിരോധിക്കാന്‍ ദളിത്-മുസ്ലിം മുന്നേറ്റം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍കൂട്ട കൊലപാതകങ്ങളും പീഢനങ്ങളും ഭരണഘടനാവിരുദ്ധ നയങ്ങളും ചെറുക്കാന്‍ രാജ്യത്തെ ദളിത്-മുസ്ലിം വിഭാഗങ്ങള്‍ ഒന്നിച്ചുപോരാടേണ്ടതുണ്ട്. മമ്പുറം തങ്ങള്‍ മാപ്പിളമാരെയും ഹൈന്ദവ വിഭാഗങ്ങളെയും ഒന്നിച്ചുനിറുത്തിയപ്പോഴാണ് ബ്രട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്പെട്ടത്. രാജ്യത്തിന്റെ ഐക്യ ബോധം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

ഭരണകൂടത്തിന്റെ ശരീഅത്ത്
വിരുദ്ധ നിലാപടുകള്‍ അംഗീകരിക്കാനാവില്ല: ആലിക്കുട്ടി മുസ്ലിയാര്‍

തിരൂരങ്ങാടി: മതേതര രാജ്യത്ത് മുസ്ലിം സമൂഹത്തെ മാത്രം വേര്‍തിരിച്ച് കാണുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണകൂടത്തിന്റെ ശരീഅത്ത് വിരുദ്ധ നിലാപടുകള്‍ അംഗീകരിക്കാനാവില്ലെന്നും സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍. മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടന്ന ഹിഫ്ള് സനദ് ദാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിശ്വാസികള്‍ക്കും അവരുടേതായ ആചാര കര്‍മ്മങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുണ്ട്. മുത്വലാഖ് ക്രിമിനല്‍ നിയമമാക്കി മുസ്ലിം സമൂഹത്തെ ഭീതിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ സമസ്ത ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മതനേതൃത്വവും മതേതര മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരൂരങ്ങാടി: (ഞായര്‍)ആണ്ടുനേര്‍ച്ചയുടെ സമാപന ദിവസമായ ഇന്ന് മമ്പുറത്ത് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ മമ്പുറം മഖാമിലേക്കും തിരിച്ചും വാഹനങ്ങള്‍ ഇരു പാലങ്ങള്‍ വഴിയും കടന്നുപോകാന്‍ അനുവദിക്കുന്നതല്ല. മഖാമിലേക്ക് വരുന്നവര്‍ നടപ്പാലം വഴിയും പുതിയ പാലം വഴിയും കാല്‍ നടയായി വരേണ്ടതും തിരിച്ചുപോവേണ്ടതുമാണ്. മഖാമിലേക്കുള്ള വാഹനങ്ങള്‍ നാഷണല്‍ ഹൈവേയില്‍ നിന്ന് വി.കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചുപോവേണ്ടതാണെന്നും പോലീസ് അറിയിച്ചു.

ഊട്ടുപുരയൊരുങ്ങി: ഒരു ലക്ഷം പേര്‍ക്ക് അന്നദാനം

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ പ്രധാന ചടങ്ങായ അന്നദാനത്തിനുള്ള ഊട്ടുപുര ഇന്നലെ (ശനി) രാത്രിയോടെ ദാറുല്‍ഹുദാ കാമ്പസില്‍ സജ്ജമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാര്‍ ചെയ്യുന്നത്. ദാറുല്‍ഹുദാ കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലാണ് പാചകം നടക്കുന്നത്. നൂറോളം ചെമ്പുകളില്‍ തവണകളായി നാന്നൂറോളം ചാക്ക് അരിയാണ് പാകം ചെയ്യുന്നത്. ഒരേ സമയം നൂറ് ചെമ്പുകളില്‍ ഭക്ഷണപാചകം നടക്കും. ഇന്നലെ രാത്രി മുതല്‍ തന്നെ ദാറുല്‍ഹുദായിലെ അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അന്നദാനത്തിനുള്ള ഭക്ഷണം പ്രത്യേക കണ്ടെയ്നര്‍ പാക്കറ്റുകളിലാക്കി തുടങ്ങി. ഇന്ന് രാവിലെ ഇരുപതോളം ലോറികളിലായി മമ്പുറത്തെത്തിച്ചാണ് വിതരണം ചെയ്യുക. വിതരണത്തിനായി സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

Sharing is caring!