മലബാറിലെ പള്ളികള്‍ക്കുമുണ്ട് മമ്പുറം തങ്ങളുടെ കഥകള്‍

മലബാറിലെ  പള്ളികള്‍ക്കുമുണ്ട്  മമ്പുറം തങ്ങളുടെ  കഥകള്‍

തിരൂരങ്ങാടി: മലബാറിലെ വിവിധയിടങ്ങളിലുള്ള പള്ളികള്‍ക്കുമുണ്ട് മമ്പുറം തങ്ങളുടെ കഥകള്‍.
മലബാറിലെ സര്‍വരുടെയും സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ബ്രിട്ടീഷ്ശക്തികള്‍ക്കും ജന്മി വ്യവസ്ഥക്കുമെതിരില്‍ ശബ്ദമുയര്‍ത്താനും പ്രധാന കേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്നത് പള്ളികളായിരുന്നു.
വിവിധ ദേശങ്ങളില്‍ പള്ളികള്‍ നിര്‍മിച്ച് സാമൂഹിക ഇടപെടലുകള്‍ക്ക് കേന്ദ്രമൊരുക്കിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു മമ്പുറം തങ്ങള്‍.
മലപ്പുറം ജില്ലയിലെ താനൂര്‍ വടക്കെ പള്ളി, കൊടിഞ്ഞി പള്ളി, മുട്ടിച്ചിറ പള്ളി, ചാപ്പനങ്ങാടി പള്ളി, മൂന്നിയൂര്‍ ഒടുങ്ങാട്ടുചിന പള്ളി, വെളിമുക്ക് പള്ളി, പൊന്‍ മുണ്ടം പള്ളി, വേങ്ങര പത്ത്മുച്ചി കോരംകുളങ്ങകര പള്ളി തുടങ്ങിയ നൂറോളം പള്ളികള്‍ തങ്ങളുടെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ടതാണെന്നാണ് ചരിത്രം.

മമ്പുറം തങ്ങള്‍ നിര്‍മിച്ച പ്രധാന പള്ളികളിലൊന്നാണ് കൊടിഞ്ഞിപ്പളളി. മമ്പുറം തങ്ങള്‍ നേരിട്ടു പണികഴിപ്പിച്ചതായിരുന്നു ഈ പള്ളിയുടെ അകത്തെ പള്ളിയെന്നാണ് പറയപ്പെടുന്നുണ്ട്. തങ്ങള്‍ ജീവിതകാലത്ത് ഒട്ടനവധി തവണ അവിടെ വരികയും ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. പല രാത്രികളിലും മമ്പുറത്ത് നിന്ന് കാല്‍നടയായി കൊടിഞ്ഞിപ്പള്ളിയില്‍ എത്താറുണ്ടായിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

മുട്ടിച്ചിറ ശുഹദാ പള്ളിയുമായും അതിന്റെ പരിസരങ്ങളുമായും ഇടപെട്ട് ജീവിച്ചിരുന്ന വ്യക്തിത്വമായിരുന്നു മമ്പുറം തങ്ങളെന്നാണ് മറ്റൊരു ചരിത്ര സാക്ഷ്യം.

അദ്ദേഹത്തിന്റെ കാലത്ത് നിലനിന്നിരുന്ന മതമൈത്രിയുടെ അടയാളങ്ങള്‍ കൂടിയാണ് പല പള്ളികളും. പള്ളികളുടെ നിര്‍മാണാവശ്യാര്‍ത്ഥം പല ഹൈന്ദവ പ്രമാണി കുടുംബങ്ങളും തങ്ങളവര്‍ക്ക് സ്ഥലം വിട്ടുനല്‍കിയതായി ചരിത്രം പറയുന്നു. ഒഴൂരിന് സമീപത്ത് മമ്പുറം തങ്ങള്‍ നിര്‍മിച്ച പള്ളിക്കാവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്ത് കൊടുത്തത് ഹൈന്ദവ സഹോദരങ്ങളായിരുന്നു.

സാമൂഹികമായി ജാതി മത ഭേദമന്യേ മമ്പുറംതങ്ങള്‍ ചെലുത്തിയ സ്വാധീനങ്ങളുടെ അടയാളപ്പെടുത്തലുകളായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ മസ്ജിദുകളുടെ പരിപാലനത്തിനുള്ള നീക്കങ്ങളാണ് ഇനി പള്ളി ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടാവണം.

Sharing is caring!