മുസ്ലിംലീഗ് നേതൃ യോഗത്തില്‍വാക്‌പോര്, കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി, ലീഗിന്റെ മൂന്ന് എം.പിമാരും പരാജയമെന്ന് വിമര്‍ശനം

മുസ്ലിംലീഗ് നേതൃ യോഗത്തില്‍വാക്‌പോര്, കുഞ്ഞാലിക്കുട്ടിക്കെതിരെ  ആഞ്ഞടിച്ച് കെ.എം.ഷാജി,  ലീഗിന്റെ മൂന്ന് എം.പിമാരും പരാജയമെന്ന് വിമര്‍ശനം

മലപ്പുറം: അണികളുടെ അതൃപ്തിയെയും നേതൃത്വത്തിന്റെ സ്വയംവിമര്‍ശനത്തെയും തുടര്‍ന്ന് മുസ്ലിം ലീഗ് ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടാനൊരുങ്ങുന്നു. പാര്‍ട്ടി എം.പിമാരുടെ പ്രകടനം വിലയിരുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്കു വേണ്ടി കോഴിക്കോട്ട് നടക്കുന്ന നേതൃയോഗത്തിലാണ് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട്ട് ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കാനും അസമിലേക്ക് പ്രത്യേക സംഘത്തെ അയക്കാനും തീരുമാനമായി.

ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ പ്രകടനം പരാജയമാണെന്ന് നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.എം ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. എന്നാല്‍ ചില ലക്ഷ്യങ്ങളോടെ ചിലര്‍തന്നെ അക്രമിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. താന്‍ കഴിയുന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രത്യേകാവകാശം എന്‍.ഡി.എ സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ കശ്മീര്‍ സന്ദര്‍ശനത്തിനായി പോയപ്പോള്‍ ലീഗിന്റെ ഒരു എം.പി പോലും സംഘത്തിലുണ്ടായിരുന്നില്ല. മുത്തലാഖ് വിഷയത്തില്‍ ഏറെ പഴികേട്ട നിലപാടായിരുന്നു എംപിമാരുടേത്. ന്യൂനപക്ഷത്തിനെ പ്രത്യക്ഷമായി ലക്ഷ്യംവെക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അസം പൗരത്വ രജിസ്റ്റര്‍ വിഷയത്തിലും ലീഗിന്റെ പ്രതിഷേധം ദുര്‍ബലമായിരുന്നു. മുസ്ലിം വിഷയങ്ങളിലുള്ള പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി ദേശീയതലത്തില്‍ ശ്രദ്ധേയനാകുമ്പോള്‍ ലീഗ് എം.പിമാര്‍ക്ക് പ്രതീക്ഷക്കൊത്തുയരാന്‍ കഴിയുന്നില്ലെന്ന് കെ.എം ഷാജി എം.എല്‍.എയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും ആരോപമുന്നയിച്ചു.

ബുധനാഴ്ച മൂന്നര മണിക്കൂറോളം നീണ്ട യോഗത്തില്‍ എം.എല്‍.എമാരുടെ സംഘത്തെ അസമിലേക്ക് അയക്കാന്‍ തീരുമാനമായി. ദേശീയതലത്തില്‍ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവരയും യു.ഡി.എഫ് നേതാക്കളെയും മറ്റും ഉള്‍പ്പെടുത്തി ഫാസിസ്റ്റ് വിരുദ്ധ റാലി കോഴിക്കോട്ട് സംഘടിപ്പിക്കും. കശ്മീരിലേക്ക് പ്രത്യേക സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന വാര്‍ത്താ സമ്മേളത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.

അതേ സമയം തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറിനുള്ള താക്കീതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. 27 സീറ്റുകളില്‍ 15 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് മുന്നേറിയത്. യു.ഡി.എഫ് ജയിച്ച നിരവധി സീറ്റുകള്‍ എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തതാണ്. പത്ത് ജില്ലകളിലായി 15 സീറ്റുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ 11 സീറ്റുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തി ല്‍പെട്ട പൂവാട്ടുപറമ്പ് ഡിവിഷനില്‍ രമ്യ ഹരിദാസ് എം.പിയുടെ രാജിയെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015ല്‍ 300 വോട്ടിന് എല്‍.ഡി.എഫ് ജയിച്ച തിരുവനന്തപുരം കാരോട് ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡിലെ ബി.ജെ.പിയുടെ വിജയം സി.പി.എം പിന്തുണയോടെയാണെന്ന് സംശയിക്കേണ്ടിരിയിരിക്കുന്നു.
ബി.ജെ.പി 519 വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ ഇത്തവണ 65 വോട്ടുകള്‍ മാത്രമാണ് ഇത്തവണ എല്‍.ഡി.എഫിന് കിട്ടിയത്. ഉപതെരഞ്ഞെടുപ്പ് ഫലം ഇടതു ഭരണത്തിനെതിരായ വ്യക്തമായ സൂചനയാണെന്നും കെ.പി. എ മജീദ് പറഞ്ഞു. രണ്ടു പ്രളയകാലങ്ങളിലൂടെ കടന്നു പോയ കേരളത്തിലെ സാധാരണ ജനങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളാനോ പരിഹരിക്കാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ സാധാരണക്കാരുടെ ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!