സഹോദരന്റെ വേദന മാറ്റാന്‍ മജ്ജ നല്‍കാന്‍ സഹോദരി തയ്യാര്‍ പക്ഷെ ശസ്ത്രക്രിയക്ക് പണമില്ല

സഹോദരന്റെ വേദന മാറ്റാന്‍ മജ്ജ  നല്‍കാന്‍ സഹോദരി തയ്യാര്‍ പക്ഷെ ശസ്ത്രക്രിയക്ക് പണമില്ല

പൊന്നാനി: സഹോദരന്റെ വേദന മാറ്റാന്‍ മജ്ജ നല്‍കാന്‍ സഹോദരി തയ്യാറായിട്ടും മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി പണമില്ലാതെ സങ്കടത്തിരയില്‍ പതിമൂന്നുകാരനായ പ്രണവും, കുടുംബവും.
നാലു വര്‍ഷം മുമ്പാണ് പൊന്നാനി കടവനാട് ആറ്റുപുറം സ്വദേശി മാപ്പാല പ്രകാശന്റെ കുടുംബത്തിന്റെ ജീവിതം ദുരിത പൂര്‍ണ്ണമായി തകര്‍ന്നത്. പ്രകാശന്റെ ഭാര്യ കാന്‍സര്‍ ബാധിതയായതോടെ തുടങ്ങിയ ദുരിതം ഭാര്യയുടെ മരണത്തോടെ അവസാനിച്ചെന്ന് കരുതിയെങ്കിലും, വിധി വീണ്ടും വില്ലനായി ഇവരുടെ ജീവിതത്തിലേക്കെത്തുകയായിരുന്നു.പ്രകാശന്റെ ഭാര്യയുടെ മരണത്തിനു ശേഷം പൊന്നാനി ഏ.വി.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനായ പ്രണവിന് വൃക്കരോഗമാണെന്ന് സ്ഥിരീകരിച്ചത് ഈ കുടുംബത്തെ തളര്‍ത്തി. വൃക്ക രോഗത്തിനായുള്ള ചികിത്സ തേടുന്നതിനിടെയാണ് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. സഹോദരന്റെ വേദന മാറ്റാന്‍ മജ്ജ നല്‍കാന്‍ സഹോദരി തയ്യാറാണെങ്കിലും, ഇതിനായുള്ള ലക്ഷങ്ങള്‍ എങ്ങനെ സമാഹരിക്കുമെന്നറിയാതെ കഴിയുകയാണ് പ്രകാശന്‍.ഇപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് പണം സമാഹരിച്ചാണ് ചികിത്സകള്‍ നടത്തുന്നത്.ഇതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രണവ് ചികിത്സാ സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസുകാരനായ പ്രണവിന് പുതുജീവിതം നല്‍കാന്‍ സുമനസ്സുകള്‍ കൈകോര്‍ക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി അഭ്യര്‍ത്ഥിച്ചു.ചികിത്സാ സഹായ സമിതിയിലേക്ക് സഹായങ്ങള്‍ നല്‍കണമെന്ന് സഹായ സമിതിയും അഭ്യര്‍ത്ഥിച്ചു. ഇതിനായി പൊന്നാനി എസ്.ബി.ഐയില്‍ സഹായ സമിതി അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 38659409230 എസ്.ബി.ഐ.പൊന്നാനി ബ്രാഞ്ച്, ഐ.എഫ്.എസ്.കോഡ് എസ്.ബി.ഐ.എന്‍0070 199

Sharing is caring!