മലപ്പുറത്തെ ‘യുവ കോടീശ്വരന്റെ’ കൊലപാതകം, ആസ്തി വിവരങ്ങള്‍ പുറത്ത്!

മലപ്പുറത്തെ ‘യുവ  കോടീശ്വരന്റെ’ കൊലപാതകം,   ആസ്തി വിവരങ്ങള്‍ പുറത്ത്!

മലപ്പുറം: ബിറ്റ്കോയിന്‍ ഇടപാടിന് ചുക്കാന്‍ പിടിച്ചിരുന്ന മലപ്പുറം പുലാമന്തോള്‍ സ്വദേശി അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകത്തിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിറ്റ്കോയിന്‍ ഇടപാടിലൂടെ ഷുക്കൂര്‍ നേടിയ കോടികളുടെ സമ്പാദ്യങ്ങള്‍ ഉറ്റ സുഹൃത്തുക്കളെ പോലെ കൂടെനടന്ന ബിസിനസ് ഇടപാടുകാരും ക്വട്ടേഷന്‍ സംഘങ്ങളും കൈക്കലാക്കി എന്നാണ് വിവരം.

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് യുവാവിനെ കൊലപ്പെടുത്തിയവരുടെ ലക്ഷ്യം ഷുക്കൂറിന്റെ കൈവശമുണ്ടെന്ന് കരുതുന്ന കോടികളായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ശരീരത്തില്‍ മര്‍ദ്ദനം ഏല്‍ക്കാത്ത ഭാഗങ്ങളില്ല. വിരലുകള്‍ വെട്ടിയെടുത്തിട്ടുണ്ട്. ബിറ്റ് കോയിന്‍ ഇടപാട് നടത്തിയ പ്രധാന വ്യക്തി കൊല്ലപ്പെട്ടതോടെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായി.

മാസങ്ങളായി ക്വട്ടേഷന്‍ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ഷുക്കൂറില്‍ നിന്ന് മുഴുവന്‍ ആസ്തികളുടെയും ഉടമസ്ഥാവകാശം മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. സപ്തംബര്‍ ഒന്ന് മുതല്‍ നിക്ഷേപകര്‍ക്ക് ഘട്ടങ്ങളായി പണം നല്‍കുമെന്ന് ഷുക്കൂര്‍ അറിയിച്ചിരുന്നു. ആറ് മാസത്തിനകം മുഴുവന്‍ പണവും കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കൊലപാതകം. കേസുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ…..

പണം മുടക്കിയവരില്‍ പോലീസുകാരും

ബിടിസി ബിറ്റ്സ് എന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി ഇടപാട് തുടങ്ങിയ ഷുക്കൂര്‍ കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ബിറ്റ്ജെക്സ് എന്ന പുതിയ കമ്പനി തായ്ലന്റ് ആസ്ഥാനമായി ആരംഭിച്ചത്. മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്ന് പണം സ്വരൂപിച്ചിരുന്നു. തിരുവനന്തപുരത്തെയും മലപ്പുറത്തെയും പോലീസ് ഓഫീസര്‍മാരും പണം മുടക്കിയിട്ടുണ്ട്.

നിരോധിത ഇടപാട് നടത്തിയത് ഇങ്ങനെ

ബിറ്റ് കോയിന്‍ ട്രേഡ് ചെയ്താണ് ഷുക്കൂര്‍ വരുമാനമുണ്ടാക്കിയത്. ഇതിന്റെ വിഹിതം നിക്ഷേപകര്‍ക്ക് ഡിജിറ്റല്‍ പണമായി വെബ്സൈറ്റിലേക്ക് കൈമാറിയിരുന്നു. ഇത് ക്രിപ്റ്റോ കറന്‍സികളുടെ ഇടപാട് നടക്കുന്ന എക്സ്ചേഞ്ചുകള്‍ വഴി ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്. ഇന്ത്യയില്‍ ബിറ്റ് കോയിന്‍ ഇടപാട് നിരോധിച്ചതാണ്.

വളര്‍ച്ച അതിവേഗം

പുലാമന്തോളും പെരിന്തല്‍മണ്ണയും കേന്ദ്രമായി തുടങ്ങിയ ഇടപാട് മലപ്പുറം ജില്ല മൊത്തമായും കേരളത്തിന്റെ മറ്റു ജില്ലികളിലേക്കും വ്യാപിച്ചത് അതിവേഗമായിരുന്നു. ഇതോടെ വന്‍തോതിലുള്ള പണം ഷുക്കൂറിന്റെ കൈവശം എത്തി. കൈകാര്യം ചെയ്യാന്‍ ഒട്ടേറെ ബിസിനസ് പങ്കാളികളും വന്നു. ബിറ്റ്കോയിന്‍ വില കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ കൂടുതല്‍ ആകര്‍ഷിച്ചു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

വാഗ്ദാനങ്ങള്‍ ഇങ്ങനെ

നിക്ഷേപിച്ചതിന്റെ മൂന്നിരട്ടി കൈയ്യിലെടുത്തും. നൂറ് ദിവസംകൊണ്ട് ലാഭം നേടാം… തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഷുക്കൂര്‍ ഇടപാടുകള്‍ ആരംഭിച്ചത്. ആദ്യം വാഗ്ദാനം പാലിച്ചു. എന്നാല്‍ അധികം വൈകാതെ ലാഭം കിട്ടാതായി. സമാനമായ രീതിയില്‍ ബിടിസി ഗ്ലോബല്‍, ബിടിസി സ്പാര്‍ തുടങ്ങിയ മറ്റു പല കമ്പനികളും ബിറ്റ് കോയിന്‍ ഇടപാടുമായി പ്രത്യക്ഷപ്പെട്ടെങ്കിലും കോടികള്‍ തട്ടി മുങ്ങുകയായിരുന്നു.
തകര്‍ച്ചയുടെ തുടക്കം ഇങ്ങനെ
തകര്‍ച്ചയുടെ തുടക്കം ഇങ്ങനെ

10000 ഡോളറിന് മുകളില്‍ വിലയുണ്ടായിരുന്ന ബിറ്റ് കോയിന്‍ 3000 ഡോളറിലേക്ക് കൂപ്പുകുത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ട്രേഡ് ചെയ്ത് നിക്ഷേപകര്‍ക്ക് ഓഹരി നല്‍കാന്‍ സാധിക്കാതെ വന്നു. നിക്ഷേപകര്‍ പണം ആവശ്യപ്പെടാനും ആരംഭിച്ചു. അവസരം മുതലെടുത്ത് വന്‍തുക മുടക്കിയവരും ചില ക്വട്ടേഷന്‍ സംഘങ്ങളും ഷുക്കൂറിന്റെ ആസ്തികള്‍ കൈക്കലാക്കാന്‍ ശ്രമം തുടങ്ങി.

കര്‍ണാടകക്കാരന്‍ മിന്റു ശര്‍മ

വന്‍ തോതില്‍ നിക്ഷേപം വന്ന വേളയില്‍ കേരളത്തിലും ഗള്‍ഫിലും തായ്ലാന്റിലും ഷുക്കൂര്‍ ആസ്തികള്‍ വാങ്ങിയിരുന്നു. രണ്ടു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത് തായ്ലാന്റ് കേന്ദ്രമായിട്ടാണ്. ഇവിടെ ഷുക്കൂറിന് രണ്ടു കോടി രൂപ വിലമതിക്കുന്ന ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളുമുണ്ടായിരുന്നു. ഇവിടെ മാനേജരായിരുന്നു കര്‍ണാടകക്കാരന്‍ മിന്റു ശര്‍മ.

തായ്ലന്റിലേക്ക് കടന്നു

ചെലവുകള്‍ കാണിച്ച് ഇടക്കിടെ ഷുക്കൂറില്‍ നിന്ന് മിന്റു പണം കൈവശപ്പെടുത്തിയെന്ന് ഷുക്കൂറിന്റെ ബന്ധുക്കള്‍ പറയുന്നു. നിക്ഷേപകര്‍ പതിവായി തിരഞ്ഞുവരാന്‍ തുടങ്ങിയതോടെ ഷുക്കൂര്‍ തായ്ലാന്റിലേക്ക് കടന്നു. അവിടെ മിന്റുവിന്റെ നിയന്ത്രണത്തിലായിരുന്നു പിന്നീട്. ഇയാള്‍ രണ്ടു കോടി രൂപ തട്ടിയെടുത്തുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബന്ധുക്കളുടെ ആരോപണം ഇവര്‍ക്കെതിരെ
ബന്ധുക്കളുടെ ആരോപണം ഇവര്‍ക്കെതിരെ

നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാമെന്ന ഉറപ്പില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ഷുക്കൂര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണത്തിലായി. അര്‍ഷദ് വെന്നിയൂര്‍ എന്നയാളാണ് ഷുക്കൂറിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പുലാമന്തോളിലെ ഷുക്കൂറിന്റെ ഒരു കോടി വിലമതിക്കുന്ന വീട് മഞ്ചേരി സ്വദേശി ആഷിക്ക് ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

വിശദമായ അന്വേഷണം തുടങ്ങി

വേങ്ങരയില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ഷുക്കൂര്‍ നടത്തിയിരുന്നു. അവിടെ രണ്ടുകോടി വിലമതിക്കുന്ന ഭൂമി ഇയാള്‍ സ്വന്തമാക്കി. എന്നാല്‍ ബിസിനസ് തകര്‍ന്നതോടെ അര്‍ഷദ് ഈ ഭൂമി കൈക്കലാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കേരളത്തിലെ ബിറ്റ് കോയിന്‍ ഇടപാടുകള്‍ വിശദമായി അന്വേഷിക്കാനും പോലീസിന് നീക്കമുണ്ട്. മലപ്പുറത്തെ ഓട്ടോ കെയര്‍ എന്ന ഷുക്കൂറിന്റെ സ്ഥാപനവും ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി കൈവശപ്പെടുത്തിയത്രെ.

എല്ലാം ശരിയാകുമെന്ന് ഷുക്കൂര്‍

അര്‍ഷദും ആഷിക്കും ഉള്‍പ്പെടുന്ന സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു പിന്നീട് ഷുക്കൂര്‍. ഒരു തവണ ഷുക്കൂറിനെ ചെന്നൈയിലും പിന്നീട് ബെംഗളൂരുവിലും ഈ സംഘം കൊണ്ടുപോയത്രെ. യാതൊരു കുഴപ്പവുമില്ലെന്നും എല്ലാം ശരിയാകുമെന്നും ഷുക്കൂര്‍ ഇടക്കിടെ മാതാവിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു.

പണം തിരികെ കൊടുക്കാനുള്ള നടപടികള്‍

ബിറ്റ്കോയിന്‍ നഷ്ടമായെന്നും വീണ്ടും ട്രേഡിങ് നടത്തി പണം തിരിച്ചുതരുമെന്നും ഷുക്കൂര്‍ നിക്ഷേപകരെ അറിയിച്ചിരുന്നു. ഇതിന് വേണ്ടി സിഎംപേ എന്ന പുതിയ ഡിജിറ്റല്‍ ടോക്കണും ഇയാള്‍ തുടങ്ങി. സപ്തംബര്‍ ഒന്നുമുതല്‍ ഘട്ടങ്ങളായി പണം നല്‍കുമെന്നും 2020 ഫെബ്രുവരി ആകുമ്പോഴേക്കും മുഴുവന്‍ പണവും തിരിച്ചുകൊടുക്കുമെന്നും ഷുക്കൂര്‍ നിക്ഷേപകരെ അറിയിച്ചിരുന്നു.

ഡെറാഡൂണില്‍ നടന്നത്

കഴിഞ്ഞ മാസം 12നാണ് ഷുക്കൂറുമായി ക്വട്ടേഷന്‍ സംഘം ഡെറാഡൂണിലെത്തുന്നത്. അവിടെയുള്ള മലയാളി വിദ്യാര്‍ഥി യാസീന്റെ അടുത്തേക്കാണ് സംഘം പോയത്. ഇവരുടെ കസ്റ്റഡിയിലിരിക്കെയാണ് മരണം. ക്രൂരമായി മര്‍ദ്ദനമേറ്റുവെന്ന ഉത്തരാഖണ്ഡ് പോലീസ് പറയുന്നു. ശരീരത്തില്‍ മര്‍ദ്ദനം ഏല്‍ക്കാത്ത ഒരുഭാഗം പോലുമില്ല. വിരലുകള്‍ മുറിച്ചെടുത്തിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം

കൊലപാതകം നടന്ന ദിവസവും അര്‍ഷദ് ഷുക്കൂറിന്റെ ബന്ധു സിദ്ധീഖിനെ വാട്സാപ്പില്‍ ബന്ധപ്പെട്ടിരുന്നു. ഷുക്കൂര്‍ ഒപ്പിട്ട ചില രേഖകള്‍ വീട്ടിലുണ്ടെന്നും അതിന്റെ ഫോട്ടോ മൊബൈലില്‍ അയച്ചുതരാനും ആവശ്യപ്പെട്ടു. സിദ്ധീഖ് അറിയിച്ചതു പ്രകാരം വീട്ടുകാര്‍ അയച്ചുകൊടുത്തു. എന്നാല്‍ അത് ശ്രദ്ധിച്ചതായി വാട്സ് ആപ്പില്‍ തെളിയുന്നില്ല. ഈ വേളയില്‍ കൊലപാതകം നടന്നുവെന്നാണ് കരുതുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ തെളിവ്

കൊലപാതകം നടന്ന ദിവസം രാവിലെ ഷുക്കൂര്‍ വാട്സ് ആപ്പ് സന്ദേശം ഉമ്മയ്ക്ക് അയച്ചിരുന്നു. പിന്നീട് രാത്രി 9.30ഓടെയാണ് ഒപ്പിട്ട രേഖകള്‍ ആവശ്യപ്പെട്ടത്. അയച്ചുകൊടുത്തെങ്കിലും അത് വായിച്ചിട്ടില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഈവേളയില്‍ തന്നെയാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നതും. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കുടുക്കിയത്. ഇനിയും അഞ്ച് പേര്‍ പിടിയിലാകാനുണ്ട്.

ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

മൂന്ന് ദിവസമായി തുര്‍ച്ചയായി കസേരയില്‍ കെട്ടിയിട്ട് ഷുക്കൂറിന് സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇയാളുടെ മൊബൈല്‍, ലാപ്ടോപ്പ് എന്നിവയെല്ലാം സംഘത്തിന്റെ കൈവശമായിട്ട് മാസങ്ങളായെന്ന് ബന്ധുക്കള്‍ പറയുന്നു. ഡിജിറ്റല്‍ അക്കൗണ്ടിലെ പണം കൈവശപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. കൊല നടന്ന ദിവസം 50 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് സംഘം കൈവശപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു. ഷുക്കൂറിന്റെ കൊലപാതകം സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും.

Sharing is caring!