സി. ഹരികുമാര്‍ മാധ്യമ പുരസ്കാരം വി.പി.നിസാറിന്
പത്തനംതിട്ട: മാതൃഭൂമി സ്പെഷല്‍ കറസ്പോണ്ടന്റും പത്തനംതിട്ട പ്രസ്ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന സി. ഹരികുമാറിന്റെ സ്മരണയ്ക്കായി പത്തനംതിട്ട പ്രസ്ക്ലബും സി. ഹരികുമാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി. നിസാറിനെ തെരഞ്ഞെടുത്തു.
25,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഓഗസ്റ്റ് 31 ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് പത്തനംതിട്ട പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ഏഴാമത് സി. ഹരികുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായി സമ്മാനിക്കും. ജനറല്‍ റിപ്പോര്‍ട്ടിംഗിനാണ് ഇത്തവണ അവാര്‍ഡ് നല്‍കുന്നത്.
മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, ദി ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍. കെ.വേണു, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ ടി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡു ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പ്രസ്ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വ്യത്യസ്തരല്ല, ഇവര്‍ വ്യക്തിത്വമുള്ളവര്‍ എന്ന പരമ്പരയാണ് നിസാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ട്രാന്സ്ജെന്ഡേഴ്സിനെ സംബന്ധിച്ചു തയാറാക്കിയ ഈ പരമ്പര ഏറെ വ്യത്യസ്തയുള്ളതും സമൂഹത്തില്‍ അവഗണിക്കപ്പെട്ടു കിടന്ന ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിയെന്ന ലക്ഷ്യത്തോടെ തയാറാക്കിയിട്ടുള്ളതുമാണെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ എട്ടുവര്‍ഷമായി മംഗളത്തില്‍ ജോലി ചെയ്യുന്ന വി.പി. നിസാര്‍, ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്റ്റേറ്റ്സ്മാന് ദേശീയ മാധ്യമ പുരസ്ക്കാരം, കേരളാ നിയമസഭയുടെ ആര്. ശങ്കരനാരായണന് തമ്പി മാധ്യമ അവാര്‍ഡ്, കേരളാ പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന് മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, പ്രേംനസീര്‍ സൗഹൃദ്സമിതിയുടെ അച്ചടി മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,
ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ്, തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കോഡൂര്‍ വലിയാട് സ്വദേശി വിളഞ്ഞിപ്പുലാന് അബൂബക്കറിന്റെയും അസ്മാബിയുടേയും മകനാണ് നിസാര്‍. ഭാര്യ: മുനീറ. മക്കള്‍: റിഫില്‍ഷാന്‍, ഇവാന. അഞ്ചാമത് സി. ഹരികുമാര്‍ മാധ്യമ അവാര്‍ഡാണ് വി.പി. നിസാറിനു ലഭിക്കുന്നത്. പ്രസ്ക്ലബ്ബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യന്, മാതൃഭൂമി ബ്യൂറോ ചീഫ് പ്രവീണ്‍ കൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]