കവളപ്പാറയിലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിട്ടുകൊടുത്ത് മസ്ജിദിന് വഖഫ് ബോര്‍ഡ് ഇന്ന് ഒരു ലക്ഷം രൂപ നല്‍കും

കവളപ്പാറയിലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിട്ടുകൊടുത്ത് മസ്ജിദിന്  വഖഫ് ബോര്‍ഡ് ഇന്ന് ഒരു ലക്ഷം  രൂപ നല്‍കും

മഞ്ചേരി: കവളപ്പാറ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ജാതിമത ഭേദമെന്യെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സൗകര്യമൊരുക്കി നല്‍കി മാതൃക കാണിച്ച പോത്തുകല്ല് മസ്ജിദിന് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആദരവ്. നാടിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച കമ്മറ്റിയെ ആദരിക്കുന്നതിനും പള്ളിക്ക് പ്രത്യേക പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കുന്നതിനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇന്ന് വൈകീട്ട് നാലിന് മസ്ജിദ് അംഗണത്തില്‍ നടക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ തുക കമ്മറ്റ്ക്ക് കൈമാറും. പി വി അബ്ദുല്‍ വഹാബ് എം പി, പി വി അന്‍വര്‍ എം എല്‍ എ, ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാല്‍, മെമ്പര്‍മാരായ പി പി അബ്ദുള്ളക്കുട്ടി മദനി, എം സി മായിന്‍ ഹാജി, പി വി സൈനുദ്ദീന്‍, എം ഷറഫുദ്ദീന്‍, ഫാത്തിമ രോഷ്ന, മഞ്ചേരി ഡിവിഷന്‍ ഓഫീസര്‍ റഹ്മത്തുള്ള നാലകത്ത് പങ്കെടുക്കും.
കവളപ്പാറ ദുരന്തത്തില്‍ 59 പേരെ കാണാതായതില്‍ 48 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പല മൃതദേഹങ്ങളും അഴുകിയ നിലയിലുമായിരുന്നു. ഈ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് 40 കിലോമീറ്റര്‍ താണ്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തണം. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കിയ മസ്ജിദ് കമ്മറ്റി പള്ളിയുടെ ഒരു ഭാഗം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടു നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീമിനെ സന്നദ്ധത അറിയിക്കുകയായിരുന്നു. പള്ളിക്കമ്മറ്റിയുടെ ഈ സന്ദര്‍ഭോജിതമായതും മനുഷ്യത്വപരവുമായ ഈ തീരുമാനം ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ക്കിടയിലും സോഷ്യല്‍ മീഡിയ, മാധ്യമങ്ങള്‍ എന്നിവയിലും പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് നാടിന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച മസ്ജിദിന് ആദരവുമായി വഖഫ് ബോര്‍ഡ് മുന്നോട്ടു വന്നത്.

Sharing is caring!