യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനുകാരോട് ഉറക്കെ വിളിച്ചുപറഞ്ഞ മലപ്പുറത്തുകാരന്
മലപ്പുറം: യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനുകാരോട് ഉറക്കെ വിളിച്ചുപറഞ്ഞ മലയാളി സാന്നിധ്യമായിരുന്ന ഇന്നലെ അന്തരിച്ച മലപ്പുറം തിരൂര്‍ വൈലത്തൂര്‍ ചെലവില്‍ സ്വദേശി ബി.എം കുട്ടി എന്ന ബിയ്യാത്തില്‍ മുഹ്യുദ്ധീന്‍ കുട്ടി (90). പകിസ്താനിലെ രാഷ്ട്രീയ നേതാവും മനുഷ്യാകാശ പ്രവര്‍ത്തകനുമായിരുന്ന ബി.എം കുട്ടി പാക്കിസ്ഥാനിലെ കറാച്ചിയില്വെച്ചാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. നാട്ടില്‍ പഠനകാലത്ത്കേരള സ്റ്റുഡന്റ് ഫെഡറേഷന് പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന് നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. ജി.ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു മുഹ്യുദ്ധീന്‍കുട്ടി. നിലവില്‍, പാകിസ്താന് പീസ് കോയലിഷന്‍(പിപിഎല്‍) സെക്രട്ടറി ജനറലും പാകിസ്താന് ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്. പാകിസ്താന് മെഡിക്കല്‍ അസോസിയേഷന് ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നല്കിയ സേവനങ്ങളെ മുന്‍നിര്‍ത്തി ആദരിച്ചിട്ടിട്ടുണ്ട്. സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍ എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളബന്ധം വഷളായ സമത്താണ് യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനുകാരോട് ബി.എംകുട്ടി ഉറക്കെ വിളിച്ചുപറഞ്ഞിരുന്നത്. അതും പാക്കിസ്ഥാനില്നിന്നുകൊണ്ട്. ഇതെല്ലാം അന്ന് ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു. 1949ല്‍ മദ്രാസില്‍ നിന്ന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് കുട്ടി ബോംബെ വഴി കറാച്ചിയിലേക്കു കപ്പല്‍ കയറിയത്. തുടര്‍പഠനത്തിനായി മദ്രാസിലേക്കു പോയ കുട്ടി സ്വാതന്ത്ര്യ ലബ്ധിയുടെ ലഭിച്ച ശേഷം വീട്ടുകാരോട് പറയാതെ പാകിസ്ഥാനിലേക്ക് പോയത്. വെറും സഞ്ചാരകൗതുകമായി തുടങ്ങിയ പാക്യാത്ര പിന്നീട് ആ ജീവിതം തന്നെ മാറ്റി മറിച്ചു. തിരൂര്‍ ഭാഗത്ത് നിന്ന് അക്കാലത്ത് നിരവധി പേര് തുറമുഖ നഗരമായ കറാച്ചിയില്‍ സ്വന്തമായ കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. നിരവധി മലയാളി ബീഡിത്തൊഴിലാളികളുമുണ്ടായിരുന്നു. വിഭജനത്തിനു മുമ്പ് അവിടെയെത്തിയ അവരില്‍ പലരും നാട്ടിലേക്കു മടങ്ങി. അവശേഷിച്ചവര്‍ക്ക് പാക് പൗരത്വം ലഭിക്കുകയും ചെയ്തു.
സുഹുത്തുക്കളായ നാലുപേരോടൊപ്പം അവിടെയെത്തിയ മുഹ്യുദ്ദീന്‍കുട്ടിക്ക് അന്ന് അവിടെ ഒരുജോലി ലഭിച്ചതോടെ അവിടെ തുടരുകയായിരുന്നു. മറ്റു സുഹൃത്തുക്കള്‍ നാട്ടിലേക്കു തിരിച്ചുപോരുകയും ചെയ്തു. വൈലത്തൂരിലെ പരേതനായ കഞ്ഞാലവിഹാജിയുടേയും ബിരിയുമ്മ ഹജുമ്മയുടെ 10മക്കളില്‍ മൂത്തമകനാണ് മുഹ്യുദ്ദീന്‍കുട്ടി. സഹോദരങ്ങളില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത് മൂന്നുപേര്‍ മാത്രമാണ്. ബീരാന്, മുഹമ്മദ്കുട്ടി, പാത്തുമ്മ എന്നവരാണ് ജീവിച്ചിരിപ്പുള്ളത്. ഖദിയക്കുട്ടി, കുഞ്ഞീന്‍ഹാജി, മുഹമ്മദ്, മമ്മാദിയ, അഹമ്മദ്കുട്ടി, മൂസ എന്നവരാണ് മരണപ്പെട്ടത്. ജേഷ്ഠ സഹോദരന്റെ മരണ വിവരമറിഞ്ഞ ഇവരുടെ തറവാട് വീട്ടില്‍ താമസിക്കുന്ന ഇളയ സഹോദരനായ മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടത്തി. നിര്‍ധനരയ 20കുടുംബങ്ങള്‍ക്ക് ഇന്നലെ തന്നെ അരി വിതരണം നടത്തുകയും ചെയ്തു. താന്ജനിക്കുന്നതിന് മുമ്പെ സഹോദരന് പാക്കിസ്ഥാനില്‍ എത്തിയിരുന്നുവെന്നും പിന്നീട് ജോലിസംബന്ധമായ പല ആവശ്യങ്ങള്‍ക്കും ഇന്ത്യയിലെത്തുമ്പോള്‍ വീട്ടില്‍ എത്തിയിരുന്നതായും മുഹമ്മദ്കുട്ടി പറയുന്നു.
സംഭവബഹുലമായൊരു ചരിത്ര ആഖ്യാനമാണ് ബിയ്യാത്തില്‍ മൊയ്തീന്‍കുട്ടി എന്ന ബി.എം. കുട്ടിയുടെ ആത്മകഥ. തിരൂരില്‍ നിന്ന് ലാഹോര്‍ വരെ നീളുന്ന എട്ടു പതിറ്റാണ്ടിലേറെ നീളുന്ന ജീവിതയാത്രയുടെ കഥയാണത്. ഇന്ത്യ കണ്ട മികച്ച മാര്‍ക്സിസ്റ്റ് ധൈഷണികന് കെ. ദാമോദരനായിരുന്നു ബി.എം. കുട്ടിയുടെ ഹീറോ. വിപ്ലവ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ തിരൂരിലെ ഡിസ്ട്രിക്ട് ബോര്‍ഡ് ഹൈസ്കൂളിലെ സഹപാഠികളായ അച്യുതന് നമ്പൂതിരിയില്‍ നിന്നും പി. എറമുവില് നിന്നുമാണ് കുട്ടി അഭ്യസിച്ചത്. പില്ക്കാലത്ത് സി.പി.ഐ പ്രാദേശിക നേതാവായി ഉയര്‍ന്ന ഏഴൂര്‍ സ്വദേശി എറമുവാണ് വിദ്യാര്‍ഥി ഫെഡറേഷന്റെ ലഘുലേഖകള്‍ ബി.എം. കുട്ടിക്കു നല്കിയതും തൃശൂരില്‍ നടന്ന എസ്.എഫ് സമ്മേളനത്തിലേക്ക് ഒമ്പതാം ക്ലാസുകാരനായ കുട്ടിയെ കൊണ്ടുപോയതും. സഖാവ് എറമുവിനെക്കുറിച്ചുള്ള കൗമാരസ്മൃതി അയവിറക്കുന്നുണ്ട് പുസ്തകത്തില്‍.
തുടര്‍പഠനത്തിനായി മദ്രാസിലേക്കു പോയ കുട്ടി സ്വാതന്ത്ര്യ ലബ്ധിക്കുശേഷമാണ് വീട്ടുകാരോട് പറയാതെ പാകിസ്ഥാനിലേക്ക് പോയത്. വെറും സഞ്ചാരകൗതുകമായി തുടങ്ങിയ പാക്യാത്ര പിന്നീട് ആ ജീവിതം തന്നെ മാറ്റി മറിച്ചു. തിരൂര്‍ ഭാഗത്ത് നിന്ന് അക്കാലത്ത് നിരവധി പേര് തുറമുഖ നഗരമായ കറാച്ചിയില്‍ സ്വന്തമായ കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. നിരവധി മലയാളി ബീഡിത്തൊഴിലാളികളുമുണ്ടായിരുന്നു. വിഭജനത്തിനു മുമ്പ് അവിടെയെത്തിയ അവരില്‍ പലരും നാട്ടിലേക്കു മടങ്ങി. അവശേഷിച്ചവര്‍ക്ക് പാക് പൗരത്വം ലഭിക്കുകയും ചെയ്തു.
നീണ്ട അറുപത് വര്‍ഷത്തെ കര്‍മനിരതമായ ഒരു പാക് ജീവിതത്തിന്റെ ആരംഭം കുറിക്കപ്പെടുകയായിരുന്നു. ജീവിക്കാനായി പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ പലപ്പോഴായി പല ജോലികളില്‍ മുഴുകിയപ്പോഴും രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളില്‍ കുട്ടി അതീവ താല്പര്യം പ്രകടിപ്പിച്ചു. ഡോണ്‍ ദിനപത്രത്തിലെ പത്രാധിപ സമിതി അംഗങ്ങളും മലയാളികളുമായ കെ.എം. കുട്ടി, എം.എ. ഷുക്കൂര്‍ എന്നിവരുമായുള്ള സൗഹൃദം കുട്ടിയ്ക്ക് തുണയായി. ( ഓവര്‍ എ കപ് ഓഫ് ടീ എന്ന കോളത്തിലൂടെ പ്രസിദ്ധനായ പോത്തന് ജോസഫ് ഡോണിന്റെ പത്രാധിപരായിരുന്നു).
കറാച്ചിയില്‍ നിന്ന് ലാഹോറിലെത്തിയ ബി.എം. കുട്ടിയെ സഹായിച്ചത് അവിടെ ഉയര്‍ന്ന പദവിയിലിരുന്ന എ.ആര്. പിള്ളയായിരുന്നു. ലാഹോര്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ അസിസ്റ്റന്റ് മാനേജറുദ്യോഗം ലഭിച്ചു. ഇക്കാലത്താണ് പ്രസിദ്ധ എഴുത്തുകാരന് സാദത്ത് ഹസന് മാന്റോയുമായി പരിചയപ്പെടുന്നത്. മാന്റോ ഇന്ത്യന്‍ കോഫി ഹൗസിലെ നിത്യസന്ദര്‍ശകനായിരുന്നു. നാല്പത്തിമൂന്നു വര്‍ഷത്തെ ഹ്രസ്വജീവിതത്തിനിടെ കഥയെഴുത്തില്‍ ഉര്‍ദു സാഹിത്യത്തിന്റെ ജാതകം തിരുത്തിയെഴുതിയ അനുഗൃഹീതനായിരുന്നു സാദത്ത് ഹസന് മാന്റോ. ഗോര്‍ക്കിയുടേയും ചെക്കോവിന്റേയും സ്വാധീനത്തില്‍ സാഹിത്യ രചനയാരംഭിച്ച മാന്റോ, ജാലിയന്‍വാലാബാഗ് കൂട്ടഹത്യയെക്കുറിച്ചെഴുതിയ തമാശ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മദ്യത്തിനടിപ്പെട്ട ഈ എഴുത്തുകാരന് കരള്‍രോഗം പിടിപെട്ടാണ് മരിച്ചത്. സാദത്ത് ഹസന് മാന്റോ എന്ന പോലെ ഫൈസ് അഹമ്മദ് ഫൈസും അദ്ദേഹത്തിന്റെ വിപ്ലവ കവിതകളും ബി.എം. കുട്ടിയെ ആകര്‍ഷിച്ചു. പാക് രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ കുട്ടി, ഇന്ത്യന്‍ കോഫി ഹൗസിലെ ജോലി വിട്ട് വോള്‍കാര്‍ട്ട് ബ്രദേഴ്സില്‍ ചേര്‍ന്നത് ട്രേഡ് യൂണിയന് പ്രവര്‍ത്തനം കൂടി ലക്ഷ്യം വെച്ചായിരുന്നു. സഹപ്രവര്ത്തകന് പഞ്ചാബ് സ്വദേശി സിദ്ദീഖിയുടെ മകള്‍ ബ്രിജിസിനെ ജീവിതസഖിയാക്കിയതും ഇക്കാലത്താണ്.
ലാഹോറിലെ ചുരുക്കം ചില സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍, ഒരു വെള്ളപ്പൊക്കക്കാലത്തായിരുന്നു വിവാഹമെന്ന് കുട്ടി വിവരിക്കുന്നുണ്ട്.
സ്വാതന്ത്ര്യാനന്തര പാക് രാഷ്ട്രീയം തീക്കടലായി മാറിയ കാലം. ഇടത് രാഷ്ട്രീയത്തിനും ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങള്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ അതിശക്തമായി. പട്ടാളമുഷ്ക്കിന്റെ കരാളമായ ബൂട്ടൊച്ചകള്‍ തെരുവുകളെ വിറപ്പിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം. വര്‍ഗീയത ഫണം വിരിച്ചാടി. പ്രധാനമന്ത്രി ലിയാഖത്തലി ഖാന് റാവല്‍പിണ്ടിയില്‍ വെടിയേറ്റു മരിച്ചു.
പ്രശസ്തരായ രണ്ടു വ്യക്തികളെക്കൂടി കുട്ടി അനുസ്മരിക്കുന്നുണ്ട്. കേരളത്തിന്റെ വീരപുത്രന് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിനെ 1937 ലും 1946 ലും സെന്‍ട്രല്‍ ലെജിസ്ലേച്ചീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അടിയറവ് പറയിച്ച മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ സത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടിന്റെ (സത്താര്‍ സേട്ട്) കഥ അതീവഹൃദ്യമായാണ് വിവരിക്കുന്നത്. വിഭജനശേഷം ജിന്ന, സത്താര്‍ സേട്ടിനെ പാകിസ്ഥാനിലേക്കു കൊണ്ടു പോയി. തലശ്ശേരിയിലെ വന്‍ഭൂസ്വത്തുക്കള്‍ ഉപേക്ഷിച്ചാണ് സത്താര്‍ സേട്ട് ലീഗ്പ്രേമം മൂത്ത് പാകിസ്ഥാനിലേക്ക് കുടിയേറിയത്. സ്വത്തുക്കളൊക്കെ വിട്ടു നല്‍കാമെന്ന് പ്രധാനമന്ത്രി നെഹ്റു നല്കിയ ഓഫര്‍ പക്ഷേ സത്താര്‍ സേട്ട് നിരസിച്ചു. പിന്നീട് ഈജിപ്തിലും ശ്രീലങ്കയിലും (സിലോണ്‍) പാക് അംബാസഡറായി അദ്ദേഹം നിയമിക്കപ്പെട്ടു. കറാച്ചി ശിക്കാര്‍പൂര്‍ കോളനിയിലെ പഴയ ബംഗ്ലാവില്‍ ഭാര്യയോടും വിധവയായ ഭാര്യാസഹോദരിയോടുമൊപ്പം വിശ്രമജീവിതം നയിക്കുന്നതിനിടെ, അര്‍ധരാത്രി കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിനിരയായി. ഭാര്യയും ഭാര്യാസഹോദരിയും കൊല്ലപ്പെട്ടു. പ്രാണന് തിരിച്ചുകിട്ടിയ സത്താര്‍സേട്ട് ഈ സംഭവത്തോടെ അപ്പാടെ തകര്‍ന്നു. (ഡല്‍ഹിയില്‍ നിന്ന് കറാച്ചിയിലെത്തിയ പ്രമുഖ മലയാളി പത്രപ്രവര്ത്തകന് കെ. ഗോപാലകൃഷ്ണനേയും കൂട്ടി ബി.എം. കുട്ടി ഒരിക്കല്‍ സത്താര്‍സേട്ടിന്റെ വസതിയിലെത്തി. സുഹൃദ് സംഭാഷണത്തിനിടെ സത്താര്‍സേട്ട് വിങ്ങലോടെ പറഞ്ഞുവത്രേ: ഞാന്‍ ഹതാശമായ ഒരു ജീവിതമാണിപ്പോള്‍ നയിക്കുന്നത്. നിങ്ങളോട് സത്യം പറയാം. കേരളത്തിലെ വേരുകള്‍ പറിച്ചെറിഞ്ഞ് ഇവിടെ തമ്പടിച്ചത് തെറ്റായ തീരുമാനമായി).
ഏതാനും മാസങ്ങള്‍ക്കു ശേഷം ആരോരുമറിയാതെ, സത്താര്‍സേട്ട് കഥാവശേഷനായി. ആ വിവരം ജിന്നയുടെ ജീവചരിത്രകാരന്‍ റിസ്വാന് അഹമ്മദ് നല്കിയ ചെറുപത്രക്കുറിപ്പില്‍ നിന്നാണ് അടുത്ത സുഹൃത്തുക്കളായ മുസ്ലിം ലീഗ് നേതാക്കള്‍ പോലുമറിഞ്ഞത്.
തലശ്ശേരിയിലെ കുലീന മുസ്ലിം കുടുംബാംഗമായ ഹാരിസ് മായിന്റേയും സഹോദരി ആയിശാ മായിന്റേയും കഥ പറയുന്നതിനിടെ, അവരുടെ ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശവും അതിനെതിരെ യാഥാസ്ഥിതികര്‍ വാളുയര്‍ത്തിയ കഥയും പറയുന്നുണ്ട്. തിരൂര്‍ ഭാഗത്ത് നിന്ന് കോളേജ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത ബി.എം. കുട്ടിയുടെ സഹോദരി കദിയക്കുട്ടിയായിരുന്നു. ആയിശാ മായിന്‍ പിന്നീട് സിലോണിലേക്കു പോവുകയും കൊളംബോയിലെ ഡെപ്യൂട്ടി മേയര്‍ വരെയാവുകയും ചെയ്ത കഥ തീര്‍ച്ചയായും ചരിത്രകൗതുകം പകരും.
പാകിസ്ഥാനിലെ ഇടത്പക്ഷ നേതാക്കളും സ്വതന്ത്ര ബുദ്ധിജീവികളും മറ്റും ജയിലിനകത്തായ കാലം. കുട്ടിയേയും ജയിലിലടച്ചു. (ജയിലിനകത്ത് സാദത്ത് ഹസന് മാന്റോയുടെ ചെറുകഥകളാണ് തന്റെ വൈരസ്യമകറ്റിയതെന്ന് കുട്ടി).
ജയില്‍ മോചിതനായ ശേഷം കൊല്‍ക്കത്തയിലെത്തിയ കുട്ടി അവിഭക്ത സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ (1948) പങ്കെടുത്തു. അവിടെ വെച്ചാണ് സജ്ജാദ് സഹീര്‍ ജനറല്‍ സെക്രട്ടറിയായി പാകിസ്ഥാന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവല്‍ക്കരണം യാഥാര്‍ഥ്യമായത്. ബി.എം. കുട്ടി ദേശീയ കൗണ്‍സിലംഗമായി. പിന്നീട് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പാക് സഖാക്കള്‍ പാകിസ്ഥാന് നാഷനല്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. സോവ്യറ്റ് അനുകൂല നാഷനല്‍ അവാമി പാര്‍ട്ടിയും അതിന്റെ നേതാവ് ഖാന് അബ്ദുല്‍ വലീഖാനും (അതിര്‍ത്തി ഗാന്ധിയുടെ മകന്) രഹസ്യമായി പാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ (സി.പി.പി) സഹായിച്ചു. ഇതിനിടെ ജോലിയൊക്കെ കളഞ്ഞ് മുഴുസമയ രാഷ്ട്രീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു കുട്ടി. 1959 ലെ ആദ്യ അറസ്റ്റിനു ശേഷം വീണ്ടും മൂന്നു വര്‍ഷത്തോളം കറാച്ചി, ലാഹോര്‍ ജയിലുകളില്‍ കഴിയേണ്ടി വന്നു, കുട്ടിയ്ക്ക്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലും നാഷനല്‍ അവാമി പാര്‍ട്ടി അധികാരത്തിലെത്തി. കുട്ടിയുടെ രാഷ്ട്രീയ ഗുരു മീര്‍ ഗൗസ് ബക്ഷ് ബിസെന്‍ജോ എന്ന ഇടതുപക്ഷ നേതാവ് ബലൂചി ഗവര്‍ണറായി. അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി കുട്ടി നിയമിതനായി. ബിസെന്ജോയോടൊത്ത് ഡല്‍ഹിയിലെത്തി ഇ.എം.എസ്, സുര്‍ജിത് എന്നീ സി.പി.ഐ. എം നേതാക്കളേയും എം. ഫാറൂഖി, ഷമീം ഫെയ്സി എന്നീ സി.പി.ഐ നേതാക്കളേയും കണ്ട് പാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് നടത്തിയ ദീര്‍ഘസംഭാഷണവുമുണ്ട്, പുസ്തകത്തില്‍. (ബിസെന്ജോയുടെ രാഷ്ട്രീയ ലേഖനങ്ങള്‍ ബി.എം. കുട്ടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്).
1973 ല്‍ ഭൂട്ടോ, ബലൂചി ഗവര്‍ണറെ പിരിച്ചുവിട്ടു. ബിസെഞ്ചോയും ബി.എം. കുട്ടിയും വീണ്ടും ജയിലില്‍. റഷ്യന്‍ ആയുധങ്ങള്‍ സിന്ധിലേക്കു കടത്തിയെന്നായിരുന്നു കുറ്റം. ജയില്‍ മോചിതനായ ശേഷം മൂവ്മെന്റ് ഫോര്‍ റെസ്റ്റോറേഷന് ഫോര്‍ ഡമോക്രസി എന്ന പേരിലുള്ള പ്രസ്ഥാനത്തിനു രൂപം നല്കി. ലാഹോറില്‍ ജീവിക്കുമ്പോഴും ഇന്ത്യയെ മറക്കാത്ത ഈ മലയാളി ഇന്ത്യ-പാക് സൗഹൃദത്തിനും ലോകസമാധാന ശ്രമങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുന്നുവെന്നതിന്റെ സാക്ഷ്യമാണ് ഈ ജീവചരിത്രഗ്രന്ഥം. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ചരിത്രത്തിലെ കയറ്റിറക്കങ്ങളുടെ കഥ കൂടിയാണ് കുട്ടി പറയുന്നത്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]