പ്രളയ പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കും – മന്ത്രി ഡോ. കെ.ടി ജലീല്‍

പ്രളയ പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കും – മന്ത്രി ഡോ. കെ.ടി ജലീല്‍

മലപ്പുറം: പ്രളയ ബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പ്രളയ പുനരധിവാസവും മഴക്കെടുതികളും സംബന്ധിച്ച് ഉന്നത തല ഉദ്യോഗസ്ഥരുമായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടത്തിയ യോഗത്തിന് ശേഷം മാധ്യങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പുനരധിവാസം ആവശ്യമായവര്‍ക്ക് അവ ലഭ്യമാകുന്നത് വരെ താമസിക്കാന്‍ സ്ഥലം കണ്ടെത്തും. ഇതിനുള്ള ചെലവ് സര്‍ക്കാര്‍ നേരിട്ടോ സന്നദ്ധ സംഘങ്ങള്‍ വഴിയോ കണ്ടെത്തും. പ്രളയത്തെത്തുടര്‍ന്ന് സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകപ്പുകളെ ഏകോപിപ്പിച്ച് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് കവളപ്പാറയില്‍ ശ്രമകരമായ പ്രവര്‍ത്തികളാണ് നടന്നു വരുന്നതെന്നും പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതിന് മികച്ച സഹകരണം ലഭിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കവളപ്പാറയില്‍ അവസാനത്തെ മൃതദേഹവും ലഭിക്കുന്നത് വരെ തിരച്ചില്‍ തുടരുന്നതിനാണ് പരമാവധി ശ്രമങ്ങള്‍ നടത്തുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും തിരച്ചില്‍ അവസാനിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും മന്ത്രി അറിയിച്ചു. മൃതദേഹങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലും ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. ജില്ലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദഗ്ദ സമിതിയെ പരിശോധനക്കായി നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Sharing is caring!