മലപ്പുറത്തിന് അഭിമാനിക്കാം; ഗോകുലം കേരള എഫ് സിക്ക് ഡ്യൂറന്റ് കപ്പ്‌

മലപ്പുറം: ഒടുവില്‍ മലപ്പുറത്ത് നിന്നുള്ളൊരു ടീമിന് ഡ്യൂറന്റ് കപ്പ്. മലപ്പുറത്തിന്റെ സ്വന്തം പ്രൊഫഷണല്‍ ടീമായ ഗോകുലം കേരള എഫ് സിയാണ് സാക്ഷാല്‍ മോഹന്‍ ബഗാനെ കീഴടക്കി ഡ്യൂറന്റ് കപ്പ് 22 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് കൊണ്ടുവരുന്നത്. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം.

ഗോകുലം കേരളയുടെ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ പ്രകടനമാണ് ഫൈനലില്‍ നിര്‍ണായകമായത്. ഗോകുലത്തിന്റെ ഫൈനലിലെ രണ്ട് ഗോളുകളും മാര്‍ക്കസ് ആണ് നേടിയത്. 45-ാം മിനുറ്റിലും, 51-ാം മിനുറ്റിലുമാണ് ഗോളുകള്‍ പിറന്നത്. 1997ല്‍ എഫ് സി കൊച്ചിനാണ് അവസാനമായി ഡ്യൂറന്റ് കപ്പ് നേടിയ കേരള ടീം.

2017ല്‍ മലപ്പുറം കേന്ദ്രീകരിച്ചാണ് ഗോകുലം കേരള എഫ് സിയുടെ തുടക്കം. അടുത്ത വര്‍ഷം ഐ ലീഗ് കളിക്കാന്‍ ടീം യോഗ്യത നേടി. കേരളത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ചാണ് ടീം ഇതുവരെ എത്തിയത്.

ഫുട്‌ബോള്‍ പ്രേമികളുടെ നാടായ മലപ്പുറത്തിന് സ്വന്തമായൊരു ടീം ആയെങ്കിലും ഗോകുലം ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് സ്‌റ്റേഡിയമാണ്. മലപ്പുറത്ത് മതിയായ സൗകര്യമുള്ള സ്റ്റേഡിയം ഇല്ലാത്തതാണ് കാരണം.

Sharing is caring!