കോട്ടക്കുന്നിലെ ദുരന്തത്തിന് കാരണം?

കോട്ടക്കുന്നിലെ  ദുരന്തത്തിന് കാരണം?

മലപ്പുറം: കോട്ടക്കുന്നില്‍ നേരത്തെ രൂപപ്പെട്ട വിള്ളലും സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടതും ദുരന്തത്തിന് വഴിവച്ചതായി പ്രദേശം സന്ദര്‍ശിച്ച വിദഗ്ദ്ധസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ചെങ്കുത്തായ പ്രദേശത്തെ നടപ്പാത നിര്‍മ്മാണം, അശാസ്ത്രീയമായ സൗന്ദര്യവത്ക്കരണം, സ്വകാര്യ കെട്ടിട നിര്‍മ്മാണങ്ങള്‍ എന്നിവ കോട്ടക്കുന്നിന്റെ തനതുസ്വഭാവത്തെ പ്രതികൂലമായി ബാധിച്ചു. നീര്‍ച്ചാലുകളുടെ സ്വാഭാവിക ഒഴുക്കും തടസ്സപ്പെട്ടു. ദുരന്തസ്ഥലത്തിന്റെ അമ്പത് മീറ്ററിനുള്ളില്‍ തന്നെ ഇത്തരത്തില്‍ രണ്ട് നീര്‍ച്ചാലുകളുണ്ട്. ഇതിലൊരു നീര്‍ച്ചാലിനെ പാര്‍ക്കിലെ നടപ്പാത നെടുകെ പിളര്‍ത്തിയിട്ടുണ്ട്. നടപ്പാതയ്ക്കടിയില്‍ ചെറുപൈപ്പിട്ടാണ് നീരൊഴുക്കിന് വഴിയൊരുക്കിയത്. പൈപ്പിന് സമീപം കല്ലും മണ്ണും അടിഞ്ഞ നിലയിലാണ്. ഈ നടപ്പാതയുടെ ഭാഗത്തടക്കം കോട്ടക്കുന്നില്‍ മുപ്പത് മീറ്റര്‍ നീളത്തില്‍ ഒരുമീറ്ററോളം താഴ്ച്ചയില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ കനത്താല്‍ വിള്ളല്‍ പൊട്ടാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഇന്നലെ കോട്ടക്കുന്നും സമീപപ്രദേശങ്ങളും പരിശോധിച്ച ജിയോളജി, മണ്ണ്‌സംരക്ഷണ വകുപ്പ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ക്യാമ്പുകളില്‍ കഴിയുന്ന ചോല റോഡ്, ചെറാട്ടുകുഴി നിവാസികള്‍ വീടുകളിലേക്ക് തിരികെപോവാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.സമീപത്തെ 40 വീടുകള്‍ പരിശോധിച്ച വിദഗ്ദ്ധസംഘം ചില വീടുകള്‍ സുരക്ഷിതമല്ലെന്ന് വിലയിരുത്തി. വീടുകളോട് ചേര്‍ന്ന കുന്നിന്റെ ചെരിവും കോട്ടക്കുന്നിലെ വിള്ളലുമാണ് ഇതിനുകാരണം. ചെറാട്ടുകുഴിയില്‍ മണ്ണിടിഞ്ഞ ഭാഗത്തും വിള്ളലുണ്ടെന്നാണ് വിലയിരുത്തല്‍. ആംഗിള്‍ മീറ്റര്‍ പ്രോ, ജി.പി.എസ് വേ പോയിന്റ്, ഗൂഗിള്‍ എര്‍ത്ത് എന്നിവയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. സോയില്‍ പൈപ്പിംഗ് പ്രതിഭാസം ഇവിടങ്ങളിലില്ല. പരിശോധന റിപ്പോര്‍ട്ട് ക്രോഡീകരിച്ചശേഷം ഒരാഴ്ച്ചക്കകം ജില്ലാ ദുരന്ത നിവാരണ വകുപ്പിന് കൈമാറുമെന്ന് വിദഗ്ദ്ധസംഘം അറിയിച്ചു. കോട്ടക്കുന്ന് പാര്‍ക്ക് തുറക്കുന്നത് ഇതിന് ശേഷമേ തീരുമാനമാവൂ എന്നാണറിയുന്നത്. ജില്ലയിലെ പ്രധാനവിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിറുത്തി വിശദപഠനത്തിന് ശേഷമേ പാര്‍ക്ക് തുറക്കാവൂ എന്നായിരുന്നു ജിയോളജി വകുപ്പിന്റെ നിലപാട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ പരിശോധന രണ്ട് മണിക്കൂര്‍ നീണ്ടു. ദുരന്തമുണ്ടായ ഭാഗത്ത് വിലക്കേര്‍പ്പെടുത്തി കോട്ടക്കുന്ന് പാര്‍ക്ക് തുറക്കാന്‍ നീക്കങ്ങളും സജീവമാണ്.അസിസ്റ്റന്റ് ജിയോളജിസ്റ്റ് സുബീഷ് തൊട്ടിയില്‍, സര്‍വേയര്‍മാരായ കെ.കെ. ജിനേഷ്, മുഹമ്മദ് ഷുക്കൂര്‍, വില്ലേജ് ഓഫീസര്‍ കെ.രവീന്ദ്രന്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ വി.പി. വിജയന്‍, സി.പി.ഒമാരായ ഷീന്‍ മാത്യു, എം. സുബാഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

ഉരുള്‍പ്പൊട്ടല്‍, സാധ്യതാപഠനം
ജില്ലയില്‍ പത്ത് സംഘങ്ങള്‍
പരിശോധന തുടങ്ങി

മലപ്പുറം: ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. പത്ത് സംഘങ്ങളാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. രണ്ട് പേരാണ് ഒരു സംഘത്തിലുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ മൂന്നും ഏറനാട് താലൂക്കില്‍ രണ്ടും മറ്റു താലൂക്കുകളില്‍ ഓരോ സംഘത്തെയുമാണ് നിയോഗിച്ചിട്ടുള്ളത്. മണ്ണിടിച്ചില്‍ സാധ്യതാ സ്ഥലങ്ങളില്‍ പരിശോധന നടത്തി ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മേഖലകളില്‍ നിന്നും മാറിതാമസിപ്പിച്ചവരുടെ പുനരധിവാസം സംബന്ധിച്ചും സംഘം പരിശോധിക്കും. പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നതോ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതോ ആയ മേഖലകളെ കുറിച്ച് പഠനം നടത്തി വ്യക്തമായ ശുപാര്‍ശ സഹിതം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിയോളജി, സോയില്‍ സര്‍വ്വേ, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജല വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. മണ്ണിടിച്ചിലുണ്ടായ മലപ്പുറം കോട്ടക്കുന്നില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. കോട്ടക്കുന്ന് പാര്‍ക്കിന് ചെരുവിലുള്ള 40 വീടുകളാണ് പരിശോധിച്ചത്. പരിശോധന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഒരാഴ്ചയ്ക്കകം ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാര്‍ക്കില്‍ രൂപപ്പെട്ട വിള്ളലിലൂടെ വെള്ളം ഇറങ്ങിയതാണ് മണ്ണിടിയാന്‍ കാരണമായത്. സ്വാഭാവിക നീര്‍ചാലുകളുടെ ഗതിമാറിയതും ദുരന്തത്തിന് കാരണമായെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അസി. ജിയോളജിസ്റ്റ്മാരായ സുഭേഷ് തൊട്ടിയില്‍, ഗീതു കെ ബാലന്‍, സോയില്‍ കണ്‍സര്‍വര്‍വേഷന്‍ സര്‍വെയര്‍മാരായ കെകെ ജിനേഷ്. കെ വിപി മുഹമ്മദ് ഷുകൂര്‍, വില്ലേജ് ഓഫീസര്‍ ഷറിന്‍ മാത്യു, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എം സുഭാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!