ചാലിയാറിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും; പി കെ ബഷീര്‍ എം.എല്‍.എ

ചാലിയാറിന്റെ ഇരുകരകളിലും  സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന്  സര്‍ക്കാരിനോട് ആവശ്യപ്പെടും;  പി കെ ബഷീര്‍ എം.എല്‍.എ

അരീക്കോട്: പ്രളയത്തില്‍ ചാലിയാറിന്റെ ഇരുകരകളിലും ഉണ്ടായ കനത്ത നഷ്ടം ചൂണ്ടികാട്ടി റവന്യൂ വകുപ്പ്, ജലസേചന, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പി കെ ബഷീര്‍ എം എല്‍ എ. ഏറനാട് മണ്ഡലത്തിലൂടെ ഒഴുകുന്ന ചാലിയാര്‍ പുഴയുടെ ഇരുകരകളിലും മണ്ണിടിഞ്ഞ് കനത്ത ദുരിതമാണ് പ്രളയത്തില്‍ സംഭവിച്ചത്. ഇവിടെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുമെന്നും എം എല്‍ എ പറഞ്ഞു. ചാലിയാര്‍ പുഴയുടെ ഇരുകരകളിലുമുള്ള നാശനഷ്ടം ബോട്ട് യാത്ര നടത്തി വിലയിരുത്തിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ പറഞ്ഞത്.

ചാലിയാര്‍ ഒഴുകുന്ന അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തുകളുടെ കരകള്‍ എം എല്‍ എ സന്ദര്‍ശിച്ചു. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി പി കെ ബഷീര്‍ പറഞ്ഞു. ഹെക്ടറ് കണക്കിന് പ്രദേശത്തെ കൃഷി നശിച്ചു. ഒട്ടേറെ പേരുടെ സ്ഥലം നഷ്ടമായി. ഇങ്ങനെ കോടി കണക്കിന് രൂപയുടെ നഷ്ടമാണ് ചാലിയാറിന്റെ ഇരു കരകളിലുമായി സംഭവിച്ചിരിക്കുന്നത്. ഇതിന് മതിയായ നഷ്ട പരിഹാരം നല്‍കേണ്ടതുണ്ട്. ഇതുകൂടാതെ ചാലിയാറിന്റെ ഇരുകരകളും സംരക്ഷണ ഭിത്തി കെട്ടി മണ്ണിടിച്ചില്‍ തടയാനുള്ള നടപടിയെടുക്കാനും ജലസേചന വകുപ്പിനോട് ആവശ്യപ്പെടുമെന്ന് എം എല്‍ എ പറഞ്ഞു.

ചാലിയാറിന്റെ ഇരു കരകളിലും വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് വെള്ളത്തിലേക്ക് പതിച്ചിരിക്കുകയാണ്. പുഴ കരകവിഞ്ഞ് പല പ്രദേശങ്ങളും വെള്ളത്തിനടയിലായിരുന്നു. ഒട്ടേറെ വീടുകളും, കടകളും, കൃഷി ഇടങ്ങളും നശിച്ചു. കോടി കണക്കിന് രൂപയുടെ നഷ്ടമാണ് ഏറനാട് മണ്ഡലത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.

കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു, ഏറനാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, പി പി സഫറുള്ള, യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ ടി അഷ്റഫ്, ഷുക്കൂര്‍ കീഴുപറമ്പ്, റഹ്മാന്‍ കുനിയില്‍, നാസര്‍ കുനിയില്‍, സുല്‍ഫി അരീക്കോട് എന്നിവര്‍ എം എല്‍ എയ്ക്കൊപ്പമുണ്ടായിരുന്നു.

Sharing is caring!