കേരളത്തിലെ പ്രവാസികളെ ഞെക്കിപ്പിഴിഞ്ഞ് വിമാനക്കമ്പനികള്‍

കേരളത്തിലെ പ്രവാസികളെ ഞെക്കിപ്പിഴിഞ്ഞ് വിമാനക്കമ്പനികള്‍

മലപ്പുറം: ഗള്‍ഫ് രാഷ്ട്രങ്ങളിലെ അവധിക്കാലം അവസാനിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി കമ്പനികള്‍ വീണ്ടും പ്രവാസികളെ പിഴിയുന്നു. നിത്വാഖാത്ത്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയ്ക്കിടയിലും പ്രവാസലോകത്തേക്ക് മടങ്ങുന്നവരെയാണ് വിമാനകമ്പനികള്‍ പിഴിയുന്നത്. ആഗസ്ത് അവസാന വാരം മുതല്‍ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളില്‍ നാലിരട്ടിയിലേറെ വര്‍ധനവാണുള്ളത്. ചില കമ്പനികളാമട്ടെ ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം രൂപ വരെ ടിക്കറ്റിന് ഈടാക്കാനും പദ്ധതിയിടുന്നതായി റിപോര്‍ട്ടുകളുണ്ട്. ഷാര്‍ജ, ദോഹ, ബഹ്റയ്ന്‍, ദുബയ്, അബൂദബി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലും വന്‍ വര്‍ധനവാണുള്ളത്. ഒരു യാത്രക്കാരനില്‍ നിന്നു മാത്രം 5000 മുതല്‍ 12,000 രൂപ വരെ അധികമായി ഈടാക്കുമ്പോഴും സര്‍ക്കാരുകളോ ബന്ധപ്പെട്ട അധികാരികളോ കണ്ടില്ലെന്നു നടിക്കുകയാണ്. പൊതുവെ നടുവൊടിഞ്ഞു കിടക്കുന്ന സാമ്പത്തിക മേഖലയ്ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രതിസന്ധി കടുത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ഇതിനിടെ, നാട്ടിലെത്തി തിരിച്ചുപോവുന്നവരെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികളുടെ നടപടികള്‍ക്ക് ആരും മൂക്കുകയറിടാത്തത് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Sharing is caring!