കാലവര്‍ഷക്കെടുതി; ചാലിയാര്‍ തീരത്തെ നഷ്ടങ്ങള്‍ വിലയിരുത്താന്‍ ഇബ്രാഹീം എംഎല്‍എയും കലക്ടറും ജലയാത്ര നടത്തി

കാലവര്‍ഷക്കെടുതി; ചാലിയാര്‍ തീരത്തെ നഷ്ടങ്ങള്‍ വിലയിരുത്താന്‍ ഇബ്രാഹീം എംഎല്‍എയും കലക്ടറും ജലയാത്ര നടത്തി

മലപ്പുറം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു വാഴക്കാട് മേഖലയില്‍ ചാലിയാര്‍ പുഴയുടെ തീരത്തുണ്ടായ നാശ നഷ്ടങ്ങള്‍ വിലയിരുത്താന്‍ ടി.വി ഇബ്രാഹിം എംഎല്‍എയുടെയും ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെയും നേതൃത്വത്തില്‍ ജലയാത്ര നടത്തി. എളമരം കടവില്‍ നിന്നും ബോട്ടില്‍ കയറിയ സംഘം ആദ്യം കൂളിമാട് ഭാഗത്തേക്കാണ് പോയത്. ഇതിനിടയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തകര്‍ന്ന കൊന്നാര് മഖാമിന്റെ സംരക്ഷണഭിത്തി, വാഴക്കാട് പഞ്ചായത്തിലെ ആറോളം വാര്‍ഡുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന കൊന്നാര് കുടിവെള്ള പദ്ധതിയുടെ ടാങ്ക് എന്നിവ നോക്കിക്കണ്ടു. പിന്നീട് നിര്‍ദ്ദിഷ്ഠ കൂളിമാട് പാലം വരെയുള്ള ഭാഗത്തെ തീരത്തെ മണ്ണിടിഞ്ഞ പ്രദേശങ്ങള്‍ ബോട്ടിലിരുന്ന് വീക്ഷിച്ചു. ശേഷം തിരിച്ചു പോയി ഊര്‍ക്കടവ് പാലം വരെയുള്ള ഭാഗങ്ങളിലെ മണ്ണിടിച്ചില്‍ നോക്കിക്കണ്ടു. ഈ മേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് ടി.വി. ഇബ്രാഹിം എംഎല്‍എ കല ക്ടര്‍ക്ക് വിശദീകരിച്ചു നല്‍കി. മേഖലയില്‍ വീടുകള്‍ക്ക് ഉള്‍പ്പെടെ ഉണ്ടായ നഷ്ടം വിലയിരുത്തി പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് പുഴയുടെ തീരം സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ചാലിയാര്‍ പുഴയുടെ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കുന്നതിന് മുന്‍പായി സര്‍വ്വേ പൂര്‍ത്തിയാക്കും. മണല്‍ ഓഡിറ്റിനു ശേഷം ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കും. സ്ഥിരമായി പ്രളയ അനുബന്ധ പ്രയാസം നേരിടുന്ന വാഴക്കാട്, വാഴയൂര്‍ മേഖലയ്ക്കായി പ്രത്യേക പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.എം ജമീല ടീച്ചര്‍, വിമല പാറ കണ്ടത്തില്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. ഒ അരുണ്‍, വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, അംഗങ്ങളായ നഈമുദ്ധീന്‍ എന്ന ബാവ, മുഹമ്മദ് പറക്കുത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സനല്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
നേരത്തെ കനത്ത മഴയെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നു അപകടാവസ്ഥയിലായ എടവണ്ണപ്പാറ ടൗണില്‍ ചാലിയപ്രം ഗവ: ഹൈ സ്‌കൂളിന്റെ മുമ്പിലുള്ള കെട്ടിടം സന്ദര്‍ശിച്ചു.കെട്ടിടം പൊളിച്ച് മാറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിദേശം നല്‍കി.
വൈകീട്ടോടെ പഞ്ചായത്തിലെ കാടിയത്തു മലയിലെ ചെങ്കല്‍ ക്വാറിക്കു സമീപം സന്ദര്‍ശിച്ച കലക്ടറും എം. എല്‍. എ യും നാട്ടുകാരുടെ പരാതി കേട്ടു. നാട്ടുകാരുടെ പരാതിയെക്കുറിച്ച് പഠിക്കാനായി വിദഗ്ദ സംഘം അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കുമെന്ന ഉറപ്പു നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്.

Sharing is caring!