വഹാബ് എം.പി പണം വാങ്ങിയത് കണ്ണീരോടെ, പ്രളയക്കെടുതി: സഹായിക്കാന്‍ മലപ്പുറത്തെ ഭിന്നശേഷികുട്ടികള്‍ നല്‍കിയത് ഒരുലക്ഷം രൂപ

വഹാബ് എം.പി പണം  വാങ്ങിയത് കണ്ണീരോടെ, പ്രളയക്കെടുതി: സഹായിക്കാന്‍ മലപ്പുറത്തെ ഭിന്നശേഷികുട്ടികള്‍  നല്‍കിയത് ഒരുലക്ഷം രൂപ

നിലമ്പൂര്‍: പ്രളയക്കെടുതിക്കാരെ സഹായിക്കാന്‍ മലപ്പുറത്തെ ഭിന്നശേഷികുട്ടികള്‍ നല്‍കിയത് ഒരുലക്ഷം രൂപ. പി.വി അബ്ദുല്‍ വഹാബ് എം.പി പണം വാങ്ങിയത് കണ്ണീരോടെ. പ്രളയദുരിതത്തില്‍ മുങ്ങിയ നിലമ്പൂരിന് സാന്ത്വനം പകരാന്‍ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപ വളാഞ്ചേരി വി.കെ.എം സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍ കൈമാറിയപ്പോള്‍ ഏറ്റുവാങ്ങിയ പി.വി അബ്ദുല്‍വഹാബ് എം.പി വിതുമ്പി. ഈ ഒരു ലക്ഷത്തിന് നൂറുകോടിയുടെ വിലയുണ്ടെന്നു പറഞ്ഞ് ഭിന്നശേഷിക്കാര്‍ സഹായം സ്വീകരിക്കുന്നവര്‍ മാത്രമല്ല സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്‍മാരാണെന്നും വ്യക്തമാക്കി.
വളാഞ്ചേരി വി.കെ.എം സ്‌പെഷല്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയും ഇവരുടെ സുഹൃത്തുമായ ഷിയാസിന്റെ വീട് പ്രളയത്തിലകപ്പെട്ടിരുന്നു. ടി.വി ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളെല്ലാം നഷ്ടമായി. ഇതോടെയാണ് ഷിയാസിന് ചെറിയൊരു സഹായമെന്ന രീതിയില്‍ മാനസിക- ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്‌കൂളിലെ 276 ഓളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജീവനക്കാരും മാനേജ്‌മെന്റുമാണ് മാനേജര്‍ വി.കെ മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയത്. നിലമ്പൂര്‍ മുദീരി ചക്കപ്പാലി കോളനിയിലെ മുപ്പതോളം വീട്ടുകാര്‍ക്ക് വീട്ടുപകരണങ്ങളും എത്തിച്ചു. ദുരിതാശ്വാസത്തിനായി സമാഹരിച്ച തുക അബ്ദുല്‍വഹാബ് എം.പിയുടെ ഓഫീസിലെത്തിയാണ് കൈമാറിയത്.

Sharing is caring!