പ്രളയം തകര്‍ത്ത വീടിന്റെ ചിത്രം ഓര്‍മയില്‍നിന്നെടുത്ത് വരച്ച് നിഷയും ഷിനിയും

പ്രളയം തകര്‍ത്ത വീടിന്റെ ചിത്രം ഓര്‍മയില്‍നിന്നെടുത്ത് വരച്ച് നിഷയും ഷിനിയും

മുണ്ടേരി: ദുരിതാശ്വാസ ക്യാമ്പായ മുണ്ടേരി ജിഎച്ച്എസിലെ ക്ലാസ്മുറിയിലെ ബ്ലാക്‌ബോര്‍ഡില്‍ നിഷയും ഷിനിയും ചിത്രം വരക്കുകയായിരുന്നു. കൊച്ചുവീടിന്റെ ചിത്രം പൂര്‍ത്തിയായപ്പോള്‍ അതിനടിയില്‍ നിഷ എഴുതി- ഞങ്ങള്‍ക്കും ഒരു വീട് വേണം. അവര്‍ ചോക്ക് താഴെവച്ചപ്പോള്‍ കൂട്ടുകാരുംകൂടി. ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്ന് ക്യാമ്പിലായ തണ്ടംകല്ല് കോളനിയിലെ ആദിവാസി കുടുംബങ്ങളിലെ കുട്ടികളാണിവര്‍.
ഉരുള്‍പൊട്ടലില്‍ പയ്യാനിപ്പുഴ കരകവിഞ്ഞു. കൊടിഞ്ഞിപ്പുഴ, പയ്യാനിപ്പുഴ പാലങ്ങള്‍ തകര്‍ന്ന് തണ്ടംകല്ല് കോളനി ഒറ്റപ്പെട്ടു. ഒമ്പത് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
സര്‍ക്കാര്‍ കൃഷിചെയ്യാന്‍ നല്‍കിയ ഒരേക്കറിലെ വാഴയും തെങ്ങും ഒഴുക്കെടുത്തു. ഇരുട്ടുകുത്തി, തണ്ടംകല്ല്, വാണിയംപുഴ, പെരിപ്പൊട്ടി, കുമ്പളപ്പാറ, ചെമ്പ്ര വനമേഖല വെള്ളത്തിലായി. ഉരുള്‍പൊട്ടി മലവെള്ളം പാഞ്ഞ പയ്യാനിപ്പുഴ, കൊടിഞ്ഞാപ്പുഴ കലക്കന്‍പുഴ എന്നിവ ചേര്‍ന്നതോടെ ചാലിയാര്‍ കുത്തിയൊഴുകി.

Sharing is caring!