മലപ്പുറത്തെ പ്രളയ ദുരിതബാധിതരെ കൊട്ടാരം സമാനമായ തന്റെ വീട്ടില്‍ താമസിപ്പിച്ച് മലപ്പുറത്തെ മുന്‍നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ

മലപ്പുറത്തെ പ്രളയ ദുരിതബാധിതരെ  കൊട്ടാരം സമാനമായ തന്റെ വീട്ടില്‍  താമസിപ്പിച്ച് മലപ്പുറത്തെ മുന്‍നഗരസഭാ  ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ

മലപ്പുറം: മലപ്പുറത്തെ പ്രളയ ദുരിതബാധിതരെ കൊട്ടാരം സമാനമായ തന്റെ വീട്ടില്‍ താമസിപ്പിച്ച് മലപ്പുറത്തെ മുന്‍നഗരസഭാ ചെയര്‍മാന്‍.
കെ.പി മുഹമ്മദ് മുസ്തഫയാണ് മലപ്പുറം മൈലപ്പുറത്തെ തന്റെ വീട് മലപ്പുറം ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കായി തുറന്നുകൊടുത്തത്.
പ്രളയത്തിന്റെ ഭീതിയില്‍ വീട് വിട്ടിറങ്ങേണ്ടിവന്ന മലപ്പുറം സ്വദേശികള്‍ മലപ്പുറം എം.എസ്.പി സ്‌കൂളിലായിരുന്നു താമസം. എന്നാല്‍ പിന്നീട് സ്‌കൂള്‍ പ്രവര്‍ത്തിക്കണം. ഇതിനാല്‍ താമസം ഇനി കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറ്റണമെന്നായി അധികൃതര്‍. കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറാമെങ്കില്‍ ഞങ്ങള്‍ വീട്ടിലേക്ക് തന്നെ പോവാമെന്ന് വീട്ടുകാരും. വീട്ടിലേക്കുള്ള മടക്കം സുരക്ഷിതമല്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞതോടെ പ്രശ്നമായി. ഇതോടെയാണ് മലപ്പുറം നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദ് വിഷയത്തില്‍ ഇടപെടുന്നത്. ഒരുപാട് ചര്‍ച്ചകള്‍ നടന്നെങ്കിലും ക്യാമ്പിലുള്ളവരും അധികൃതരും നിലപാടുകളില്‍ ഉറച്ചുതന്നെ നിന്നു. അവസാനമാണ് ഇതിനൊരു പരിഹാരമായത്.

എല്‍.പി സ്‌കൂളിന്റെ അകത്തളത്തില്‍ കിടന്നുറങ്ങിയവര്‍ പതിനയ്യായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കോട്ടാര സമാനമായ സൗകര്യങ്ങളുള്ള വീട്ടിലേക്ക് താമസം മാറി. ഓരോ കുടുംബങ്ങള്‍ക്കും ബാത്ത്റൂമടങ്ങിയ മുറിയും സൗകര്യവുമെല്ലാമായി ഒരു ഹൈടെക് ക്യാമ്പ്. നഗരസഭയുടെ മുന്‍ ചെയര്‍മാനും വ്യവസായിയുമായ കെ.പി മുഹമ്മദ് മുസ്തഫയാണ് മലപ്പുറം മൈലപ്പുറത്തെ തന്റെ വീട് മലപ്പുറം ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കായി തുറന്നുകൊടുത്തത്. വിഷയം സംസാരിച്ച ഉടന്‍ തന്നെ അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ പറ്റുന്നത് വരെ എന്റെ വീട്ടില്‍ കഴിയട്ടെ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് പരി അബ്ദുല്‍ മജീദ് പറഞ്ഞു.

ക്യാമ്പില്‍ കഴിഞ്ഞിരുന്ന കോട്ടക്കുന്നിന് താഴ്വാരത്ത് താമസിക്കുന്ന ഒമ്പതോളം കുടുംബങ്ങളാണ് രാവിലെ തന്നെ കെ.പി മുസ്തഫയുടെ വീട്ടിലേക്ക് മാറിയത്. ഒമ്പതോളം കുടുംബങ്ങളിലായി കുട്ടികളടക്കം 33 അംഗങ്ങളാണുള്ളത്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും വീട്ടിലുണ്ട്. ഓരോ കുടംബങ്ങള്‍ക്കും ഓരോ ബഡ് റൂം ഉപയോഗിക്കാം. ഒമ്പത് ബെഡ്റൂം ആണ് വീട്ടിലുള്ളത്. എല്ലാം ബാത്ത്റൂമോടുകൂടിയതാണ്. മൂന്ന് അടുക്കളയും മൂന്ന് ഹാളുകളും വലിയ ഡൈനിങ് ഹാളും വീട്ടിലുണ്ട്. പുറത്തും അടുക്കളയും ബാത്ത്റൂമും ഉണ്ട്. ഒമ്പത് കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ തന്നെ താമസിക്കാനുള്ള സൗകര്യമുള്ള വീടാണ് മുസ്തഫയുടേത്.

കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരണപ്പെട്ട വെള്ളിയാഴ്ച തന്നെ പരിസരത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ദുരന്തത്തില്‍ ബാക്കിയായ ശരത്തിനും കുടുംബത്തിനും താമസിക്കാന്‍ മലപ്പുറം നഗരസഭയുടെ ഫ്ളാറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫ്ളാറ്റിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്കും സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

Sharing is caring!