മലപ്പുറം ജില്ലയില്‍ പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചത് 58പേര്‍

മലപ്പുറം ജില്ലയില്‍  പ്രളയക്കെടുതിയില്‍  ഇതുവരെ മരിച്ചത് 58പേര്‍

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 58 പേരുടെ മരണം. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ ഇന്ന്‌ തിരച്ചലില്‍ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കവളപ്പാറയില്‍ ചെലവന്‍ മകന്‍ അനക്കരന്‍ പാലന്‍(75), പാലത്ത് ഹൗസ് ശിവന്‍ മകള്‍ ശ്രീലക്ഷ്മി(15), ചീരോളി ഹൗസ് അപ്പുട്ടി മകന്‍ ശ്രീധരന്‍(60) എന്നിവരെയാണ് ഇന്നലെ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കവളപ്പാറയില്‍ 46 മരണം സ്ഥിരീകരിച്ചു. കെട്ടിടം തകര്‍ന്ന് എടവണ്ണയില്‍ നാലുപേര്‍, ഉരുള്‍പൊട്ടലില്‍ കോട്ടക്കുന്നില്‍ മൂന്നു പേര്‍, വഴിക്കടവില്‍ രണ്ടു പേര്‍,പുറത്തൂരില്‍ മരം വീണ് ഒരാളും തിരുന്നാവായയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഓരാളും അരീക്കോടില്‍ ഒരാളുമാണ് ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട മറ്റു പേര്‍.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതികളില്‍ ജില്ലയില്‍ വ്യാപക കൃഷി നാശം. ജില്ലയില്‍ മാത്രം 14219.1268 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3042.279419 ഹെക്ടര്‍ കൃഷി പ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ജില്ലയിലെ 26212 കര്‍ഷകരെയാണ് കൃഷി നാശനഷ്ടം നേരിട്ട് ബാധിച്ചിരിക്കുന്നത്. നിലമ്പൂര്‍ താലൂക്കിലാണ് എറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 1360 ഹെക്ടറില്‍ 15 കോടിയലധികം രൂപയുടെ നാശനഷ്ടമാണ് നിലമ്പൂരില്‍ കണക്കാക്കിയിരിക്കുന്നത്. 2471 കര്‍ഷകരെയാണ് നിലമ്പൂരില്‍ നേരിട്ട് ബാധിച്ചതെന്നാണ് ഏകദേശം കണക്ക്. ഓണവിപണിക്ക് വിളവെടുക്കാനായി തയ്യാറാക്കി നിര്‍ത്തിയിരുന്ന വാഴകൃഷിയിലാണ് കര്‍ഷകര്‍ക്ക് ഏറെ നഷ്ടമുണ്ടായത്. 1875792 വാഴകളാണ് പ്രളയത്തില്‍ നശിച്ചത്. വാഴകൃഷിയില്‍ മാത്രം 9395574 രൂപയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് വിലയിരുത്തുന്നത്. കൂടാതെ തെങ്ങ്, റബ്ബര്‍, ജാതിക്ക, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളും വെള്ളം കയറിയും ശക്തമായ കാറ്റിലും നശിച്ചിട്ടുണ്ട്. 365.51 ഹെക്ടര്‍ നെല്‍കൃഷിയും 125.30 ഹെക്ടറില്‍ കിഴങ്ങും കൃഷിയും നശിച്ചു. ഓണത്തിനായി ഒരുക്കിയിരുന്ന 180.98 ഹെക്ടര്‍ പച്ചക്കറിയും വെള്ളം കയറി നശിച്ചു.35.80 ഹെക്ടര്‍ ഇഞ്ചി കൃഷിയും 57.52 ഹെക്ടര്‍ കുരുമുളക് കൃഷിയും നശിച്ചു.33963 തെങ്ങുകളും 86392 കവുങ്ങുകളും കടപുഴകി വീണു. കനത്ത കാറ്റില്‍ 34958 റബ്ബര്‍ മരങ്ങളും 6232 ജാതിമരങ്ങളും നശിച്ചു. റബ്ബര്‍ കൃഷിയില്‍ മാത്രം 635405 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ എള്ള്, വെറ്റില, കപ്പ തുടങ്ങിയ വിളകളെയും പ്രളയം നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്. നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി, താലൂക്കുകളിലെ കാര്‍ഷികമേഖലയാണ് പ്രളയം ഏറെ ബാധിച്ചിരിക്കുന്നത്.

Sharing is caring!