ഖബര്‍ കുഴിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ഖബര്‍ കുഴിക്കുന്നതിനിടെ  ഷോക്കേറ്റ് മരിച്ചു

മഞ്ചേരി: ഖബര്‍ കുഴിച്ചു കൊണ്ടിരിക്കെ 47കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. എടവണ്ണ ഒതായി ഈസ്റ്റ് ചാത്തല്ലൂര്‍ വലിയ പീടിയേക്കല്‍ ചെറിയ മുഹമ്മദിന്റെ മകന്‍ യൂനുസ് സലീം ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ന് വെസ്റ്റ് ചാത്തല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം. ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ മണക്കാട്ടുപറമ്പില്‍ പരേതനായ നാലകത്ത് ചേക്കുട്ടിയുടെ ഭാര്യ കോലോത്തുംതൊടിക ആമിന(89) വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു. ഇവര്‍ക്കു വേണ്ടി ഖബര്‍കുഴിക്കുന്നതിനിടെയാണ് അപകടം. ആമിനയുടെ ബന്ധുക്കള്‍ യൂനുസ് സലീമിന് ചായയുമായി എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയ്യിനും നെഞ്ചിനും വൈദ്യുതാഘാതമേറ്റ് പൊള്ളിയ നിലയിലായിരുന്നു. തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേവയറില്‍ നിന്ന് ഷോക്കേറ്റതായാണ് സംശയിക്കുന്നത്.
എടവണ്ണ പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഈസ്റ്റ് ചാത്തല്ലൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി. ചാത്തല്ലൂര്‍, ഒതായി, തെരട്ടമ്മല്‍, വടക്കുമുറി തുറങ്ങി എട്ടോളം മഹല്ല് ഖബര്‍സ്ഥാനുകളില്‍ വര്‍ഷങ്ങളായി ഖബറിന് കുഴിയെടുക്കുന്നത് യൂനുസ് സലീമായിരുന്നു. ഫാത്തിമയാണ് മാതാവ്. ഭാര്യ: ഫൗസിയ, മക്കള്‍: യഹ്യ, തസ്നീം, നസീം. സഹോദരങ്ങള്‍: അന്‍വര്‍, ശുഐബ്, നഈം, മുഹമ്മദ് ഷാഫി, റസിയ, റഹീല.

Sharing is caring!