കവളപ്പാറയിലെ ദുരന്ത ഭൂമിയില്‍ മണ്ണിനടിയിലായ ഉറ്റവരെ കാത്ത് ഒരു’നായ’

കവളപ്പാറയിലെ ദുരന്ത  ഭൂമിയില്‍ മണ്ണിനടിയിലായ  ഉറ്റവരെ കാത്ത് ഒരു’നായ’

മലപ്പുറം: കവളപ്പാറയിലെ ഉരുപൊട്ടലുണ്ടായ ദുരന്ത ഭൂമിയില്‍ മണ്ണിനടിയിലായ ഉറ്റവരെ കാത്ത് ഒരു’നായ’ കാത്തുനില്‍ക്കുന്നു. ഏവരേയും കണ്ണീരലിയിക്കുന്ന ചിത്രം പുറംലോകത്തെത്തിച്ചത് ‘ദ ഹിന്ദു’ പത്രത്തിലൂടെ ഫോട്ടോഗ്രാഫര്‍ സക്കീര്‍ ഹുസൈന്‍. പെട്ടന്നൊരു രാത്രി ഒലിച്ചുവന്ന മണ്ണും വെള്ളവും കവര്‍ന്നത് കവളപ്പാറയിലെ നിരവധി മനുഷ്യരെയാണ്. പലരും കുടുംബത്തോടെ മണ്ണിനടിയില്‍ അകപ്പെട്ടു. ചിലര്‍ പ്രിയപ്പെട്ടവരെ തനിച്ചാക്കി ആ മണ്ണിനൊപ്പം ചേര്‍ന്നു. ഉറ്റവരില്ലാതെ ഒലിച്ചിറങ്ങിയ മണ്ണിനുമകളില്‍ ഒറ്റക്കായി പോയവര്‍ തങ്ങളുടെ കാല്‍ച്ചുവട്ടിലെവിടെയോ പ്രിയപ്പെട്ടവരുണ്ടെന്ന വിങ്ങലോടെ അവരുടെ മൃതദേഹമെങ്കിലും ഒന്നുകാണാന്‍ ദിവസങ്ങളായി കാവലിരിക്കുകയാണ്. വീടുകിടന്നതിന്റെ അടയാളമായി ഒന്നും അവശേഷിച്ചിട്ടില്ലെങ്കിലും അവിടെ എവിടെയോ ഉറ്റവരുണ്ടെന്നുള്ള ഉറപ്പില്‍ തിരയുകയാണ്.


കാത്തിരിക്കുന്ന ആ മനുഷ്യര്‍ക്കിടയില്‍ ഒരു നായയുമുണ്ട്. അവനിന്നലെവരെ ആഹാരം നല്‍കിയ യജമാനനെ കാത്ത് വീടിന്റെ അടയാളമുള്ളിടത്ത് മണ്ണിനുമുകളില്‍ കാത്തിരിക്കുകയാണ്. ശിവന്‍ പള്ളത്തിന്റെ കവളപ്പാറയിലെ വീട്ടില്‍ അവനുണ്ടായിരുന്നു. എന്നാല്‍ ഉരുള്‍പൊട്ടലില്‍ അവനെ മാത്രം ബാക്കിയാക്കി ആ അഞ്ചംഗകുടുംബം മണ്ണിനടിയിലായി. ശിവന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇനിയും ആ കുടുംബത്തിലെ നാലുപേരെ കൂടി കണ്ടെത്താനുമുണ്ട്.

ശിവന്റെ വീടിരിക്കുന്നതിന്റെ അടയാളം ആ നായയാണ്. ആ കുന്നിനടിയില്‍ ആരൊക്കെ എവിടെയൊക്കെ എന്ന് അറിയാതെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുമ്പോഴും ആ നായ അവിടെത്തന്നെയുണ്ട്. അവനോളം മറ്റാര്‍ക്കുമറിയില്ലല്ലോ എവിടെയാണ് തന്റെ യജമാനനും കുടുംബവും ഉറങ്ങുന്നതെന്ന്. ‘ദ ഹിന്ദു’വാണ് ഈ നായയുടെ ചിത്രം സക്കീര്‍ഹുസൈന്‍ പുറംലോകത്തെത്തിച്ചത്

Sharing is caring!