മലപ്പുറം ജില്ലയില്‍ പ്രളയക്കെടുതിയുണ്ടായത് 138 ഗ്രാമപഞ്ചായത്തുകളില്‍
ഇന്ത്യയുടെ മഹത്വം കുടികൊള്ളുന്നത് വൈവിധ്യങ്ങളിലാണെന്ന് മന്ത്രി ഡോ. കെടി ജലീല്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ ദേശീയതയുടെ ആധാരശില. സ്വതന്ത്ര്യത്തിന് ശേഷം മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ബി ആര് അംബേദ്കറും ജോണ്‍ മത്തായിയും ഉയര്‍ത്തിപ്പിടിച്ചത് ബഹുസ്വരതയുടെ ത്രിവര്‍ണ പതാകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ സുരക്ഷിതാരാവുമ്പോഴാണ് ഇന്ത്യയുടെ ജനാധിപത്യം അര്ഥപൂര്ണമാവുന്നതെന്ന് അഭിപ്രായപ്പെട്ടത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവാണ്.
രാഷ്ട്രീയ സ്വാതന്ത്ര്യം നാം ഏറെ അനുഭവിച്ചെങ്കിലും സാമൂഹിക സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും അര്‍ഥവ്യാപ്തിയില്‍ ആസ്വദിക്കാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. തൊട്ട്കൂടായ്മയും തീണ്ടികൂടായ്മയും നിലനിര്‍ത്തുന്ന ജാതി സമ്പ്രദായം ഇല്ലാതാവുകയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അവസാനിക്കുകയും ചെയ്യുന്ന അന്നേ നമ്മുടെ രാഷ്ട്രനേതാക്കള്‍ സ്വപ്നം കണ്ട ഇന്ത്യ പുലരുകയൊള്ളു. ഭൗതിക നേട്ടങ്ങളുടെ മാസ്മരികതയിലല്ല ഹൃദയവിശാലതയുടെ ഭൂമികയിലാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം പടുത്തുയര്‍ത്തിയിട്ടുള്ളത്. സായുധ ശക്തികൊണ്ടും കയ്യൂക്കുകൊണ്ടുമല്ല പൂര്‍വസൂരികള്‍ നേടിതന്ന സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത്. സ്നേഹം കൊണ്ടും സഹിഷ്ണുതകൊണ്ടുമാണ് ജനമനസ്സുകളെ രാജ്യം കീഴടക്കേണ്ടത്. ഫെഡറിലസം നമ്മുടെ ഭരണസംവിധാനത്തിന്റെ ജീവവായുവാണ്. അത് നിലക്കുമ്പോള്‍ മരിക്കുന്നത് ഇന്ത്യയാണെന്ന വസ്തുത നാം ഓര്‍മിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള ആള്‍കൂട്ടകൊലപാതകങ്ങള്‍ രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്പ്പിച്ചിട്ടൊള്ളു. ഓരോരുത്തര്‍ക്കും അവരുടെ അസ്തിത്വം വെളിപ്പെടുത്തി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാകുമ്പോള്‍ നാം ആര്‍ജിച്ച സ്വാതന്ത്ര്യത്തിന്റെ ഗരിമയാണ് പൊലിഞ്ഞ് പോകുന്നത്. ഇന്ത്യയോടുള്ള സ്നേഹം ഇന്ത്യക്കാരോടുള്ള സ്നേഹമാണ്. മനുഷ്യസ്നേഹമാണ് ദേശസ്നേഹമെന്ന് തിരിച്ചറിയാന്‍ നമുക്കാകണമെന്നും മന്ത്രി പറഞ്ഞു.
പരേഡ് പരിശോധിച്ച മന്ത്രി തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. പി ഉബൈദുള്ള എംഎല്‍എ, നഗരസഭ ചെയര്പേഴ്സന് സിഎച്ച് ജമീല, ജില്ല കലക്ടര്‍ ജാഫര്‍മലിക്, ജില്ല പൊലീസ് മേധാവി യു അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.
എം എസ് പി അസിസ്റ്റന്റ് കമാന്റന്റ് ടി ശ്രീരാമ പരേഡ് കമാന്ററും ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ രാജേഷ് സെക്കന്‍ഡ് ഇന്‍ കമാന്ററുമായിരുന്നു. പ്രളയം കണക്കിലെടുത്ത് വിദ്യാര്‍ഥികളെ ഒഴിവാക്കിയായിരുന്നു ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നത്.
ജില്ലയില്‍ പ്രളയക്കെടുതിയുണ്ടായത് 138 ഗ്രാമപഞ്ചായത്തുകളില്‍: മന്ത്രിയുടെ സാന്നിധ്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി
ജില്ലയില്‍ ഇത്തവണത്തെ കാലവര്‍ഷത്തില്‍ പ്രളയക്കെടുതിയുണ്ടായത് 138 ഗ്രാമപഞ്ചായത്തുകളില്‍.നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലാണ് ഇവയില്‍ ഏറെയും. പതിനൊന്ന് ഉരുള്‍ പൊട്ടലുകളാണ് ജില്ലയിലുണ്ടായത്. മഴക്കെടുതിയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 42 മരണങ്ങള്. നിലമ്പൂരിലെ കവളപ്പാറയില്‍ മാത്രം ആഗസ്റ്റ് 8, 10 തിയ്യതികളിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളില്‍ 30 പേരാണ് മരിച്ചത്. 29 ഓളം പേരെ കാണാതാവുകയും ചെയ്തു. കോട്ടക്കുന്നില്‍ ആഗസ്റ്റ് ഒമ്പതിനുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു കുട്ടിയടക്കം മൂന്ന് പേരും മരിച്ചു.
ഫയര്‍ ഫോഴ്സ്, പോലീസ്, ട്രോമകെയര്‍ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, ജനപ്രതിനിധികള്‍ എന്നിവരെക്കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയിലെ നാല് ടീമും സൈനികരുടെ മൂന്ന് സംഘവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ജില്ലയില്‍ 254 ദുരിതാശ്വാസ ക്യാമ്പുകളിലായി 16097 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും വനം വകുപ്പും ചേര്‍ന്നാണ് കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, ഇരുട്ടുകുത്തി ആദിവാസി കോളനികളില്‍ അകപ്പെട്ട പ്ലാന്റേഷന് കോര്പ്പറേഷന് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഏറെ പണിപെട്ടാണ് തൊഴിലാളികളെ കുത്തിയൊലിക്കുന്ന വാണിയമ്പുഴ നദി മുറിച്ച് കടത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, ഐ.ടി.ഡി.പി, വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് കരുളായി വനത്തിലെ ചോലനായ്ക്ക വിഭാഗക്കാര്‍ താമസിക്കുന്ന മാഞ്ചീരി കോളനിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കോളനിയിലേക്കുള്ള അപ്രോച്ച് റോഡും പാലവും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
പ്രളയത്തെ തുടര്‍ന്ന് ക്വാറികള്‍ക്കും മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രളയം ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനോടൊപ്പം സൗജന്യമായി കുടിവെള്ളമെത്തിക്കാനും സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പ്രളയബാധിത മേഖലകളില്‍ കൃത്യമായ ക്ലോറിനേഷനും നിര്‍ദ്ദേശം നല്കി. ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം എല്ലാ ക്യാമ്പുകളിലും വൈദ്യ സഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് അദാലത്തും ഇന്‍ഷുറന്‍സ് അദാലത്തും നടത്താനാണ് തീരുമാനം.
ഈയൊരു സാഹചര്യത്തില്‍ മഴക്കെടുതി അതിജീവനത്തിനായി ജില്ലയില്‍ നടത്തിയത് ചിട്ടയായ പ്രവര്‍ത്തനമാണെന്ന് ജനപ്രതിനിധികളുടെ യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ പറഞ്ഞു. പ്രതികൂലകാലാവസ്ഥയിലും ജില്ലാഭരണകൂടം പൊതുജനപങ്കാളിത്തത്തോടെ കൃത്യതയാര്‍ന്ന രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ പ്രളയാന്തരം സ്വീകരിച്ച നടപടിക്രമങ്ങള്‍ വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ 4457 വീടുകളാണ് ശുചീകരിച്ചതെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. ഇതിന് പുറമെ പതിനായിരത്തിലധികം വീടുകള്‍ സന്നദ്ധ സംഘങ്ങളുടെ സഹായത്തോടെയും ശുചീകരിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം 303 വീടുകള്‍ പൂര്‍ണമായും 2001 വീടുകള്‍ ഭാഗികമായും ജില്ലയില്‍ തകര്‍ന്നിട്ടുണ്ട്. ജല അതോറിറ്റിക്ക് 1.7 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. 18671 ഓളം കര്‍ഷകരെ പ്രളയം ബാധിച്ചു. 2934.32 ഹെക്ടര്‍ കൃഷിയിടവും നശിച്ചു. 92.532 കോടി രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയില്‍ കണക്കാക്കുന്നത്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]