മഴക്കെടുതി: പൊതുജനങ്ങളുടെ കൂടി സഹായം ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ ഇടപെടല്‍

മഴക്കെടുതി: പൊതുജനങ്ങളുടെ  കൂടി സഹായം ഉറപ്പാക്കാന്‍  ജില്ലാ കലക്ടറുടെ ഇടപെടല്‍

മലപ്പുറം: പൊതുജനങ്ങളുടെ കൂടി സഹായം ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ ഇടപെടല്‍ മഴക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള സഹായം തുടരുന്നു. ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിന് പുറമെ വെള്ളം കയറിയ വീടുകളും കിണറുകളും ശുചീകരിക്കുന്നതിനുള്ള സാമഗ്രികളും ശേഖരിച്ച് വിതരണം തുടരുകയാണ്. മറ്റ് ജില്ലാ ഭരണകൂടങ്ങള്‍, മലപ്പുറം ജില്ലയിലെയും മറ്റ് ജില്ലകളിലെയും സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ മുഖേന സമാഹരിച്ചാണ് അവശ്യസാധനങ്ങള്‍ മലപ്പുറം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത്. ദുരിത ബാധിത കുടുബങ്ങള്‍ക്ക് 24 ഇനം അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് നല്‍കുന്നത്. ഇതിനായി പൊതുജനങ്ങളും വളണ്ടിയര്‍മാരും വ്യാപാരികളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകള്‍ തയ്യാറാക്കി ഏല്‍പ്പിക്കാമെന്നും അല്ലാത്തപക്ഷം കിറ്റിലേക്കുള്ള സാധനസാമഗ്രികള്‍ കലക്ഷന്‍ സെന്ററിലേക്ക് കൈമാറാമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകളും മറ്റും കിറ്റുകള്‍ തയ്യാറാക്കി വയ്ക്കുകയാണെങ്കില്‍ സഹായ സന്നദ്ധരായ പൊതുജനങ്ങള്‍ക്ക് അവ വാങ്ങി കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കുന്നതിനു സൗകര്യപ്രദമാകുമെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 5355 കിലോ അരിയാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായവര്‍ക്കായി ശേഖരിച്ച് വിതരണം ചെയ്തത്. 1090 കിലോ പഞ്ചസാര, 68.5കിലോ തേയില, 73 കിലോ ആട്ട, 155 കിലോ പച്ചക്കറി, തീപ്പെട്ടിയും ലൈറ്ററും ഉള്‍പ്പെടെ 174എണ്ണം, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണ 95.5 ലിറ്റര്‍, 37 കിലോ പരിപ്പ്, 175 കിലോ മസാലപൊടികള്‍, 3313 പാക്കറ്റ് ബിസ്‌ക്കറ്റ്, 116 പുതപ്പുകള്‍, 384പാക്കറ്റ് ബ്ലീച്ചിംഗ് പൗഡര്‍, ബ്രഷും പേസ്റ്റും 1188 എണ്ണം, 489 പാക്കറ്റ് ബ്രഡ്,106 ബക്കറ്റ്, ഫിനോയിലും ഡെറ്റോളും ഉള്‍പ്പെടെ 440 ബോട്ടില്‍, സോപ്പും അണുനാശിനികളും അടക്കം 2217 എണ്ണം, 162 വൈപ്പര്‍/ബ്രഷ്, 359 കിലോ സോപ്പുപൊടി, 16 വാഷിംഗ് സ്‌ക്രബ്ബര്‍, 430 അലക്കുസോപ്പ്, 540 അലക്ക് സോപ്പ്, 540 ബാത്ത് ടവ്വല്‍, 293 ബേബി ഡ്രസ്, 12363 നാപ്പ്ക്കിന്‍സ്, 207 കപ്പുകള്‍, 147 യൂനിറ്റ് ഡ്രസുകള്‍, 85 ഫസ്റ്റ് എയ്ഡ് കിറ്റ്, 262 പാദരക്ഷകള്‍, 363 ഫ്‌ളൗസ്, 179 മാറ്റുകള്‍, 35കിലോ അരിപ്പൊടി, 504 പാക്കറ്റ് റസ്‌ക്ക്, 191 ടീഷര്‍ട്ട്, 2056 മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍, 139 ഷര്‍ട്ട്, 992 മാസ്‌ക്ക്, 450 തേങ്ങകള്‍, 112 കിലോ അവില്‍, 50 കിലോ ഉപ്പ്, 1202 മെഴുകുതിരി, 3000 കിലോ സോഡിയം ഹൈപ്പോക്ലോറൈറ്റ് തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം വരെ സംഭരിക്കാനായത്. ഇവ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി വിതരണം ചെയ്തുവരികയാണ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, മഞ്ചേരി ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, മമ്പാട് വീട്ടിക്കുത്ത് ജിഎല്‍പിഎസ് എന്നിങ്ങനെ ജില്ലയിലെ നാല് ശേഖരണ കേന്ദ്രങ്ങളിലൂടെയാണ് സാധനസാമഗ്രികള്‍ സമാഹരിച്ച് വിതരണം ചെയ്യുന്നത്. ഇന്‍സ്‌പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ ശേഖരണവും വിതരണവും. മറ്റ് കേന്ദ്രങ്ങളില്‍ അതത് താലൂക്കുകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുന്നത്.

ജില്ലയിലെ ദുരിതബാധിതര്‍ക്ക്
അധികമായി ആവശ്യമുള്ളവ

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരികെ പോകുന്ന ദുരിത ബാധിത കുടുബങ്ങള്‍ക്ക് ജില്ല ഭരണകൂടം അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ നല്‍കുന്നു. അരി, പരിപ്പ്, വെളിച്ചെണ്ണ, പഞ്ചസാര, ഉപ്പ്, മുളക്‌പൊടി, ചായപൊടി, പാല്‍പൊടി, അലക്ക് സോപ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഡിറ്റര്‍ജന്റ് സോപ്, ഡിഷ് വാഷ് സോപ്, സാനിറ്ററി നാപ്കിന്‍, ഡെറ്റോള്‍, കപ്പ്, ബക്കറ്റ്, ലുങ്കി, നൈറ്റി, ബ്ലാങ്കറ്റ്, മെഴുകുതിരി, ചെരുപ്പ്, ഷര്‍ട്, കൊതുകുതിരി തുടങ്ങി 24 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് ആണ് നല്‍കുന്നത്.
ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ താല്പര്യമുള്ള സുമനസ്സുകള്‍ക്ക് , അവശ്യ സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകള്‍ തയ്യാറാക്കി കലക്ഷന്‍ സെന്ററുകളില്‍ ഏല്‍പ്പിക്കാം. ഏതെങ്കിലും സാധനങ്ങള്‍ മാത്രമായും എത്തിക്കാം.
കിറ്റുകളും ആവശ്യ സാധനങ്ങളും സ്വീകരിക്കുന്ന സ്ഥലങ്ങള്‍ :
1)ഗവ. എല്‍ പി സ്‌കൂള്‍ വീട്ടിക്കുത്ത് , നിലമ്പൂര്‍
ഫോണ്‍ : 04931221471 (നിലമ്പൂര്‍ താലൂക്ക് ഓഫീസ് )
2.ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0483 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
3)കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326
4.ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വണ്ടൂര്‍
ഫോണ്‍ : 95447 85108, 94469 21444
ഇന്ന് ഓറഞ്ച് അലേര്‍ട്ട്
ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന്(ഓഗസ്റ്റ് 15) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ 0.1 മുതല്‍2.4 മി.മി മഴയ്ക്കുള്ള സാധ്യതയാണുള്ളത്. നാളെ(ഓഗസ്റ്റ് 16) ജില്ലയില്‍ മഞ്ഞ അലേര്‍ട്ടാണ്.
ജില്ലയിലെ ക്യാമ്പ് വിശദാംശങ്ങള്‍ (എണ്ണത്തില്‍)
താലൂക്ക്
ക്യാമ്പ്
ആളുകള്‍
കുടുംബം
നിലമ്പൂര്‍- 51-13928-3648
ഏറനാട്-28-4656-1081
പൊന്നാനി-7-516-169
കൊണ്ടോട്ടി-7-1565-397
പെരിന്തല്‍മണ്ണ-3-171-44
തിരൂര്‍-12- 1436-448
തിരൂരങ്ങാടി-30-10179-3862
ആകെ-138-32451-9649

ദുരന്തനിവാരണം;
നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

മലപ്പുറം: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡെപ്യൂട്ടി കലക്ടര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ്, രക്ഷാപ്രവര്‍ത്തനം, സേനാവിന്യാസം, താലൂക്ക് തല ഏകോപനം തുടങ്ങിയ ചുമതലകളുടെ മേല്‍നോട്ടം നോഡല്‍ ഓഫീസര്‍മാര്‍ നിര്‍വഹിക്കും. ജില്ലാതല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, സൈനിക അര്‍ദ്ധ സൈനിക സേനകളുടെ വിന്യാസം തുടങ്ങിയ ചുമതലകളുടെ ഏകോപനം ഡി.എം ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണ്‍ നിര്‍വഹിക്കും.
നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല് വില്ലേജിലെ കവളപ്പാറയില്‍ ക്യാമ്പ് ചെയ്ത് തെരച്ചില്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി തുടങ്ങിയവര്‍ക്കാണ്. കൊണ്ടോട്ടി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തന ഏകോപനം തിരൂര്‍ ആര്‍.ഡി.ഒ കാവേരിക്കുട്ടി, നിലമ്പൂര്‍ താലൂക്കിലെ കളക്ഷന്‍ സെന്ററിന്റെ ചുമതല ഡെപ്യൂട്ടി കലക്ടര്‍ പ്രസന്നകുമാരി തുടങ്ങിയവരും നിര്‍വഹിക്കും. ജില്ലാതല സാധന സാമഗ്രികളുടെ സ്വീകരണ -വിതരണ ചുമതലകള്‍ ഡെപ്യൂട്ടി കലക്ടര്‍ പി.എ അബ്ദുസമദിനാണ്. ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഏകോപനം അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ക്കാണ്. ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ക്യാമ്പുകളും വീടുകളും ശുചീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി പ്രവൃത്തികളുടെ മേല്‍നോട്ട ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി താലൂക്ക് തല നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നിലമ്പൂര്‍- ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്, ഹരിത കേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രാജു, ഏറനാട്-കുടുംബശ്രീ ജില്ലാകോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, കൊണ്ടോട്ടി- ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, പെരിന്തല്‍മണ്ണ-തിരൂര്‍-എ.ഡി.സി ജനറല്‍ പി.ബൈജു, തിരൂരങ്ങാടി-പൊന്നാനി- ജില്ലാപ്ലാനിങ് ഓഫീസര്‍ വി.ജഗല്‍ കുമാര്‍ തുടങ്ങിയവര്‍ക്കാണ് ശുചീകരണ പ്രവൃത്തികളുടെ മേല്‍നോട്ട ചുമതല.

കിണറുകള്‍ വൃത്തിയാക്കാന്‍ സഹായിക്കാം

മലപ്പുറം: വെള്ളപൊക്കത്തെ തുടര്‍ന്ന് വെള്ളം കയറിയ കൊണ്ടോട്ടി, വാഴക്കാട് പ്രദേശങ്ങളിലെ കിണറുകള്‍ വൃത്തിയാക്കുന്നതിന് മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ ശുചീകരിക്കുന്നതിന് സന്നദ്ധരായവര്‍ അറിയിക്കണ മെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-9496361752.

Sharing is caring!