കവളപ്പാറയില്‍ പോസ്റ്റുമോര്‍ട്ടത്തിന് പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്തു
പോത്തുകല്ല്: കവളപ്പാറയിലെ ആന്റണി ചാക്കോയും, സരസ്വതിയും, അബ്ദു റഹ്മാനുമെല്ലാം ഇന്ന് മൃതദേഹങ്ങള്‍ ആയിക്കഴിഞ്ഞിരിക്കുന്നു. മരണത്തില്‍ ഒരുമിച്ച വ്യത്യസ്ത മതക്കാരായ ഇവരുടെയെല്ലാം പോസ്റ്റ്‌മോര്‍ട്ടം നടക്കാനായി തുറന്നു കൊടുത്തിരിക്കുന്നത് ഒരു മുസ്ലിം പള്ളിയാണ്. കേരളത്തിലെ മതേതര മാതൃകയുടെ മകുടോദാഹരണമായി പോത്തുകല്ലിലെ ഈ മുസ്ലിം പള്ളിയും, ഇവിടത്തെ പള്ളി കമ്മിറ്റിയും ഉയര്‍ന്നു നില്‍ക്കും.
പോസ്റ്റ്മോർട്ടം സൗകര്യമുള്ള നിലമ്പൂർ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും 45 കിലോമീറ്റർ ദൂരത്താണെന്നുള്ളത് പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നതിന് കാരണമായതിനെ തുടർന്നാണ് പള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്തത്.
ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ 45 കിലോമീറ്റർ ദൂരത്തുള്ള നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവായതിനാൽ ഇവിടെ പോസ്റ്റ്മോർട്ടം നടത്താൻ ബുദ്ധിമുട്ടായിരുന്നു. സമീപത്തെ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതിനാൽ ഇവിടേയും പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ല. തുടർന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതർ സമീപിച്ചത്. പൂർണസമ്മതം നൽകുന്നതിനൊപ്പം ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികൾ ചെയ്തുകൊടുത്തു.
വെള്ളിയാഴ്ച്ച ദിവസങ്ങളിൽ സ്ത്രീകൾ നിസ്കരിക്കുന്ന ഹാളാണ് പോസ്റ്റ്മോർട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാല് മൃതദേഹങ്ങൾ പള്ളിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് പള്ളിയിൽ പോസ്റ്റ്മോർട്ടം ചെയ്തതെന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർ പറഞ്ഞു. നാല് ദിവസം കൊണ്ട് 7 മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തത്. ആളെ തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലുള്ള മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനാണ് ശ്രമിക്കുന്നതെന്ന് മെഡിക്കൽ സംഘത്തിലെ പ്രതിനിധി പറഞ്ഞു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]