തിരൂര്‍ താഴെപ്പാലം ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് ചെരിയുന്നു

തിരൂര്‍ താഴെപ്പാലം ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക്  ചെരിയുന്നു

തിരൂര്‍: ജനകീയാസൂത്രണ പ്രക്രിയയുടെ തുടക്കവര്‍ഷത്തില്‍ നിര്‍മിച്ച തിരൂര്‍ താഴെപ്പാലം ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം തിരൂര്‍ പുഴയിലേക്ക് ചെരിയുന്നു. താഴെപ്പാലത്തിനും ബോട്ട് ജെട്ടിക്കും ഇടയിലുള്ള ഭാഗമാണ് ചെരിഞ്ഞിരിക്കുന്നത്. പുഴയിലെ ഈ ഭാഗത്തെ ജലവിതാനം പരിശോധിച്ചാല്‍ പതിനഞ്ചു സെന്റീമീറ്ററോളമാണ് ചെരിവുകാണുന്നത്. വെള്ളക്കെട്ടുള്ളതിനാല്‍ ബൈപ്പാസ് റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ ചെരിവ് അധികൃതര്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. താഴെപ്പാലത്തു നിന്നും റെയില്‍വെ സേ്റ്റഷനിലേക്കുള്ള റോഡ് ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ഇടത് മുന്‍സിപ്പല്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ശ്രമദാനമായി റോഡു നിര്‍മിച്ചത്. കാലങ്ങളായി വെള്ളം മൂടിക്കിടന്നിരുന്ന ഭാഗത്തു കൂടി റോഡു നിര്‍മിക്കുമ്പോള്‍ത്തന്നെ അതിന്റെ ഉറപ്പ് പരിശോധിച്ചിരുന്നില്ല. പാഴ്ത്തടികളും നഗരസഭയിലെ മാലിന്യങ്ങളുമാണ് ആദ്യം നിറച്ചിരുന്നത്. അതിനു ശേഷം മീതെ മണ്ണിട്ട് മൂടുകയായിരുന്നു. പുഴയോടു ചേര്‍ന്നുള്ള ബൈപാസ് റോഡിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്ന് അക്കാലത്ത് ആക്ഷേപം ഉയര്‍ന്നിരുന്നുവെങ്കിലും ആരും ഗൗരവമായി എടുത്തില്ല. ഓരോ വര്‍ഷക്കാലത്തും പുഴയില്‍ വെള്ളം നിറയുമ്പോള്‍ റോഡും മുങ്ങിപ്പോകാറുണ്ട്. റോഡിലേക്ക് കേവലം ഒരു വെള്ളപ്പൊക്കം എന്നതിലുപരി റോഡിന്റെ ഉറപ്പ് പരിശോധിച്ചിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത റോഡായിരുന്നു ഇത്. റോഡ് ചെരിഞ്ഞ ഭാഗത്ത് ചെറിയ വളവുണ്ട്. വേഗതയില്‍ വരുന്ന വാഹനങ്ങളുടെ ശക്തിയില്‍ ഈ ഭാഗം ബലഹീനമായി ചെരിഞ്ഞതാണെന്നു കരുതുന്നു. ഭാവിയില്‍ വലിയൊരു അപകടം പതിഞ്ഞിരിക്കുന്നതിനാല്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Sharing is caring!