മലപ്പുറം കവളപ്പാറയില്‍ മഴക്കോട്ടും ധരിച്ച് ബൈക്കില്‍ ഇരുന്ന ചളിയില്‍പൂണ്ട മൃതദേഹം

മലപ്പുറം കവളപ്പാറയില്‍ മഴക്കോട്ടും ധരിച്ച് ബൈക്കില്‍  ഇരുന്ന ചളിയില്‍പൂണ്ട മൃതദേഹം

നിലമ്പൂര്‍: കവളപ്പാറയുടെ കണ്ണീര്‍കാഴ്ചയായി പ്രിയദര്‍ശന്‍. വീട്ടുമുറ്റത്ത് ബൈക്കില്‍ മഴക്കോട്ട് ധരിച്ച നിലയിലാണ് വെബ് ഡിസൈനറായ താന്നിക്കല്‍ പ്രിയദര്‍ശ(34)ന്റെ മൃതദേഹം ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഉരുള്‍പൊട്ടിയെത്തിയ മണ്ണ് ബൈക്കില്‍ നിന്ന് ഇറങ്ങും മുമ്പുതന്നെ പ്രിയനെയും വീടിനെയും മണ്ണ് മൂടിയെന്നാണ് ദുരന്തചിത്രം വ്യക്തമാക്കുന്നത്. തൊട്ടുത്ത വീട്ടിലെ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്കുമടങ്ങിയ പ്രിയദര്‍ശനെ ബൈക്കില്‍ നിന്നും ഇറങ്ങും മുമ്പുതന്നെ മരണം കവരുകയായിരുന്നു. വൈകുന്നേരം 7.45ന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയില്‍ ബൈക്ക് നിര്‍ത്തുന്നതിനിടെയായിരുന്നു ഉരുള്‍പൊട്ടല്‍.
മണ്ണ് മൂടിയ വീട്ടിനുള്ളിയല്‍ പ്രിയദര്‍ശന്റെ അമ്മ രാഗിണിയും അമ്മമ്മയുമാണ് ഉണ്ടായിരുന്നത്. അമ്മയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി അമ്മമ്മയുടെ മൃതദേഹം കണ്ടെത്താനുണ്ട്. നിലമ്പൂരില്‍ സ്‌കൈ ഗ്രാഫിക്‌സ് എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറായ പ്രിയദര്‍ശന്‍ അവിവാഹിതനാണ്. കവളപ്പാറയില്‍ നിന്ന് ഇന്ന് അഞ്ചു മൃതദേഹങ്ങള്‍ ലഭിച്ചു. ഇതോടെ 24 മൃതദേഹങ്ങള്‍ ലഭിച്ചു. ഇനി 35 മൃതദേഹങ്ങള്‍കൂടി കണ്ടെടുക്കാനുണ്ട്. മഴക്ക് ശമനമായതോടെ യന്ത്രസാമഗ്രികള്‍ കൂടുതലായി എത്തിച്ച് തെരച്ചില്‍ തുടരുകയാണ്.

Sharing is caring!